Protest | മൈമൂനയുടെ ദുരൂഹ മരണം: ട്രേഡ് മാഫിയയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
ചെർക്കള: (KasargodVartha) മുളിയാർ പഞ്ചായത്തിലെ ചൂരിമൂലയിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ മൈമൂനയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടം ശക്തമാകുന്നു. മൈമൂനയുടെ മരണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ട്രേഡ് മാഫിയ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സംഘടിപ്പിച്ച സായാഹ്ന ധർണയിൽ പ്രതിഷേധം ഉയർന്നു.
ധർണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച അഡ്വക്കേറ്റ് പി എസ് ജുനൈദ്, പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പ് നൽകി. ഇത്തരം മാഫിയ തട്ടിപ്പുകൾ ജില്ലയിൽ സജീവമാണെന്നും തട്ടിപ്പു സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്തവർ മൈമൂനയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. മൈമൂനയുടെ മരണം ഒരു വ്യക്തിയുടെ മരണം മാത്രമല്ല, നീതിക്കായുള്ള പോരാട്ടത്തിന്റെ തുടക്കം കൂടിയാണെന്ന് ഈ സായാഹ്ന ധർണയെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
ധർണയിൽ അബ്ദുൽ റഹ്മാൻ ധന്യവാദ് അധ്യക്ഷത വഹിച്ചു. നാസർ ചെർക്കളം, ബൽറാജ്, ഖാദർ ചട്ടഞ്ചാൽ, അഷറഫ് ബോവിക്കാനം, ഷുക്കൂർ ചെർക്കളം, സി എച്ച് ഐത്തപ്പൻ, മനാഫ് ഇടനീർ, ജാസർ പൊവ്വൽ, ലത്തീഫ് ബോവിക്കാനം, അസീസ് കോലാച്ചിയടുക്കം, ജാഫർ, ഹനീഫ് ആശിർവാദ്, ഉസ്മാൻ സി കെ,നവാസ്, മുസ്തഫ, അഷ്റഫ് എന്നിവർ പ്രസംഗിച്ചു. സി കെ എം മുനീർ സ്വാഗതവും എം എച്ച് അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.