Protest | മൈമൂനയുടെ ദുരൂഹ മരണം: 7 മാസമായിട്ടും എങ്ങുമെത്താതെ അന്വേഷണം; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം; 19ന് പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും
● ട്രേഡ് മാഫിയയുടെ കെണിയിൽപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് ആരോപണം.
● മാർച്ച് അഞ്ചിനാണ് മരണം സംഭവിച്ചത്.
● പ്രദേശവാസികൾ ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നു.
ബോവിക്കാനം: (KasargodVartha) മുളിയാർ ചൂരിമൂലയിലെ വീട്ടമ്മയായ മൈമൂനയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന് പിന്നിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രക്ഷോഭത്തിന്. ട്രേഡ് മാഫിയ തട്ടിപ്പ് സംഘം പാനീയത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം.
മൈമൂനയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന ആവശ്യപ്പെട്ട് പ്രദേശവാസികൾ ചേർന്ന് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി, ഒക്ടോബർ 19ന് രാവിലെ 10 മണിക്ക് ആദൂർ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും സംഘടിപ്പിക്കും. സമരം അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഈ വർഷം മാർച് അഞ്ചിനാണ് മൈമൂന വിഷം അകത്ത് ചെന്ന് മരിച്ചത്. മരണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് വീട്ടമ്മ പുറത്ത് പോയിരുന്നു. തിരിച്ചെത്തിയ ശേഷം തുടർച്ചയായി ഛർദി ഉണ്ടായതോടെ ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലും ചികിത്സയിലായിരുന്നു. ഏഴാം നാളിലാണ് മരണം സംഭവിച്ചത്.
പരിയാരത്തേക്ക് കൊണ്ടു പോകുമ്പോൾ തനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് വീട്ടമ്മ ആംബുലൻസ് ഡ്രൈവറോടും കൂടെയുള്ളവരോടും പറഞ്ഞിരുന്നതായി വിവരമുണ്ട്. എന്നാൽ അത്യാസന്ന നിലയിൽ ആയതിനാൽ അവർക്ക് ഒന്നും പറയാനായില്ല. മൈമൂന ചിലരുടെ നിർദേശപ്രകാരം ട്രേഡിങിലൂടെ വൻതുക ലാഭവാഗ്ദാനം നൽകി പണം സ്വരൂപിച്ച് ഇടപാടുകാരെ എൽപ്പിച്ചിരുന്നതായി പറയുന്നുണ്ട്.
മൈമൂനയെപ്പോലെ നിരവധി വീട്ടമ്മമാരെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലേക്ക് കൊണ്ടുവന്ന് വൻതുക അടിച്ചു മാറ്റുകയാണ് ഈ സംഘം ചെയ്യുന്നതെന്നാണ് ആരോപണം. ഏഴുമാസമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണസംഘത്തിന്റെ വീഴ്ചയാണെന്ന് ആക്ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. അതുകൊണ്ട് ഉന്നതല അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
#KeralaNews #JusticeForMaimoona #TradeMafia #MurderMystery #Investigation