Assistance | വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസമായി മൊഗ്രാൽ ദേശീയവേദി; 'കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിൽ പുനരധിവാസം അകലെ'
● ദുരന്തഭൂമിയിലെ നൊമ്പരങ്ങളായി മാറിയ കുഞ്ഞുങ്ങളടക്കം 13 പേർക്ക് വീട്ടിൽ നേരിട്ട് എത്തി സഹായം കൈമാറി.
● ഇനിയും കണ്ടെത്താത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കുടുംബങ്ങളെ വല്ലാതെ അലട്ടുന്നു.
മൊഗ്രാൽ: (KasargodVartha) പ്രകൃതി ദുരന്തത്തിൽ നിന്ന് ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുന്ന വയനാട്ടിലെ ദുരിതബാധിതർക്ക് മൊഗ്രാൽ ദേശീയവേദിയുടെ സഹായഹസ്തം. അതേസമയം കേന്ദ്ര സർക്കാരിന്റെ സഹായം ഇനിയും ലഭിക്കാത്ത സാഹചര്യത്തിൽ പുനരധിവാസം അകലെയാണെന്ന് ദുരിതബാധിതർ പറയുന്നു.
ചൂരൽ മലയും മുണ്ടക്കൈയും ഇപ്പോഴും ആളനക്കമില്ലാതെ അടഞ്ഞു കിടക്കുന്നത് ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇനിയും കണ്ടെത്താത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കുടുംബങ്ങളെ വല്ലാതെ അലട്ടുന്നു. പ്രകൃതി ഇങ്ങനെയും മനുഷ്യരെ പരീക്ഷിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. കണ്ണുനീരിലും എട്ടും പൊട്ടും തിരിയാത്ത അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളുടെ കരച്ചിലിലുമുണ്ട്.
മൊഗ്രാൽ ദേശീയ വേദി വയനാട്ടിലെ ദുരിതബാധിതർക്കായി സ്വരൂപിച്ച തുക ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ദുരന്ത ഭൂമിയിൽ നേരിട്ട് ചെന്ന് വിതരണം ചെയ്തു. ദുരിതബാധിത പ്രദേശം നേരിട്ട് സന്ദർശിച്ച് 13 കുടുംബങ്ങൾക്കാണ് ധനസഹായവും ഭക്ഷ്യകിറ്റും വിതരണം ചെയ്തത്. വെള്ളാർമല ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് നജീബ്, 14 അംഗ ദേശീയവേദി സംഘത്തിനെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സഹായിച്ചു.
2019 ലെ പ്രളയത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഷഫീർ മൗലവി ഏറ്റവും അർഹരായ കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നതിൽ സഹായിക്കുകയും അനുഗമിക്കുകയും ചെയ്തു. ദുരന്തഭൂമിയിലെ നൊമ്പരങ്ങളായി മാറിയ കുഞ്ഞുങ്ങളടക്കം 13 പേർക്ക് വീട്ടിൽ നേരിട്ട് എത്തി സഹായം കൈമാറി.
ദേശീയവേദിയുടെ 14 അംഗ സന്ദർശന സംഘത്തിൽ പ്രസിഡണ്ട് ടി.കെ അൻവർ, സെക്രട്ടറി എം.എ മൂസ, ട്രഷറർ പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ്, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ദേശീയവേദി ഗൾഫ് പ്രതിനിധി എൽ.ടി മനാഫ്, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് അബ്കോ, എം.ജി.എ റഹ് മാൻ, ജോയിന്റ് സെക്രട്ടറി ബി.എ മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം വിജയകുമാർ, എം.എം റഹ് മാൻ, കെ.പി മുഹമ്മദ് സ്മാർട്ട്, എം.എ അബൂബക്കർ സിദ്ദീഖ്, കെ മുഹമ്മദ് കുഞ്ഞി നാങ്കി, നൗഷാദ് മലബാർ എന്നിവർ ഉണ്ടായിരുന്നു.
#Wayanad #DisasterRelief #CommunitySupport #MogralNationalForum #AidDistribution #NaturalDisaster