Support | വയനാട് ദുരന്തം: കൈത്താങ്ങായി സഹായ സമാഹരണം
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളും സംഘടനകളും വയനാട് ദുരിതാശ്വാസത്തിനായി രംഗത്ത്.
വയനാട്: (KasargodVartha) വൻ ദുരന്തത്തിൽ വിറങ്ങലിച്ച വയനടിനുവേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളും പല സംഘടനകളും കൈത്താങ്ങായി രംഗത്ത്. മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവനയായി നൽകി. ബോവിക്കാനം ജമാഅത്ത് അൽ അമീൻ യൂത്ത് ഫെഡറേഷൻ, പാലക്കുന്ന് കഴകം അരവത്ത് പ്രാദേശിക സമിതി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ കമ്മറ്റി എന്നിവരും വൈവിധ്യമാർന്ന സഹായ വസ്തുക്കളും ധനസഹായവും ശേഖരിച്ച് വയനാട് ദുരിതബാധിതർക്ക് എത്തിക്കുന്നു.
കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ കമ്മറ്റി സ്വരൂപിച്ച തുക ഏൽപ്പിച്ചു
നീലേശ്വരം: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ കമ്മറ്റി ജീവനക്കാരിൽ നിന്നും ശേഖരിച്ച രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥൻ, സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ പി സതീഷ് ചന്ദ്രനെ ഏൽപ്പിച്ചു.
നീലേശ്വരത്ത് നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് കെ രാജൻ അധ്യക്ഷനായി സിപിഐ (എം) ഏരിയാ സെക്രട്ടറി എം രാജൻ, പാറക്കോൽ രാജൻ, കെ വി ദാമോദരൻ, വി പ്രകാശൻ, കെ വി ബാലൻ, കെ പി സതീശൻ, സി മോഹനൻ, എം വിനോദ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി കെ രഘു സ്വാഗതം പറഞ്ഞു.
ആശ്വാസത്തിന്റെ കൈത്താങ്ങുമായി ബോവിക്കാനം ജമാഅത്ത് അൽ അമീൻ യൂത്ത് ഫെഡറേഷൻ
ബോവിക്കാനം: കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ അപകടമേഖലയിലേക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി അൽ അമീൻ യൂത്ത് ഫെഡറേഷൻ. കുടുംബബന്ധങ്ങളും പാർപ്പിടവും നഷ്ടപ്പെട്ട ദുരിതബാധിതരിലേക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാമഗ്രികളുമായി പോയ വാഹനം മേപ്പാടി ക്യാമ്പുകളിലേക്ക് നേരിട്ടെത്തി സാധനങ്ങൾ കൈമാറി.
യാത്ര ബോവിക്കാനം ജുമാ മസ്ജിദ് പരിസരത്ത് നിന്നും ബോവിക്കാനം മദ്രസ്സ സദർ മുഅല്ലിം ഹമീദ് ഫൈസി പ്രാർത്ഥന നടത്തി ആരംഭിച്ചു. യോഗത്തിൽ ജമാഅത്ത് വൈസ് പ്രസിഡന്റ് മസൂദ് ബോവിക്കാനം, ട്രഷറർ ബി കെ ഷാഫി ഹാജി അമ്മങ്കോട്, ജോയിന്റ് സെക്രട്ടറി ശരീഫ് മുഗു എന്നിവർ സംബന്ധിച്ചു. അൽ അമീൻ യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് കബീർ മുസ്ലിയാർ നഗർ, സെക്രട്ടറി സബാദ് ബാലനടുക്കം എന്നിവർക്കൊപ്പം അൽ അമീൻ മുൻ പ്രസിഡന്റ് സിദ്ദീഖ് ഭരണി, ഫാറൂഖ് മുഗു, എബി അബ്ദുല്ല, റംഷാദ് ബാലനടുക്കം, ജനൈദ് മാഷ്, അഷ്റഫ് മുതലപ്പാറ, ഹംസ ചോയ്സ്, സാദാത്ത് മുതലപ്പാറ എന്നിവരും മറ്റ് സംഘടന ഭാരവാഹികളും നാട്ടിലെ പ്രമുഖ വ്യക്തിതങ്ങളും ചേർന്ന് നേതൃത്വം നൽകി.
നാടിന്റെ വിവിധ മേഖലയിൽ നിന്നും ശേഖരിച്ച വസ്തുവകകൾ സംഭവ സ്ഥലത്തെത്തി നേരിട്ട് കൈമാറാനായതിൽ സന്തോഷവും ഇതിനായി സഹകരിച്ച നാട്ടിലെ ഓരോ വ്യാപാരസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അൽ അമീൻ പ്രസിഡന്റ് കബീർ മുസ്ലിയാർ നഗർ നന്ദി അറിയിച്ചു.
അരവത്ത് പ്രാദേശിക സമിതി വക പുതുവസ്ത്രങ്ങൾ
പാലക്കുന്ന്: വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി പാലക്കുന്ന് കഴകം അരവത്ത് പ്രാദേശിക സമിതി പുതുവസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് ക്ഷേത്ര സ്ഥാനികൻ രവീന്ദ്രൻ കളക്കാരൻ കേരള സ്കൗട്ട്സ് ആൻഡ് ഗെയ്ഡ്സ് സംസ്ഥാന കമ്മീഷണർ അജിത് സി. കളനാടിന് കൈമാറി. പ്രാദേശിക സമിതി പ്രസിഡന്റ് സതീശൻ ചിറക്കാൽ അധ്യക്ഷനായി. സെക്രട്ടറി ഭരതൻ കുതിരക്കോട്, കെ.വി. സുരേഷ് കുമാർ, മോഹനൻ നന്ദനം എന്നിവർ സംസാരിച്ചു.
പ്രളയ, കോവിഡ് കാലങ്ങളിൽ നാട്ടിലെ കൂട്ടായ്മകൾ സമാഹരിച്ച സഹായ വസ്തുക്കൾ അർഹരായവരിലേക്ക് എത്തിച്ച ജാഗ്രതാ മികവ് പരിഗണിച്ചാണ് ചന്ദ്രഗിരി റോവർ ഭാരത് സ്കൗട്ട്സ് ആൻഡ് ഗെയ്ഡ്സിനെ ഈ ദൗത്യം ഏൽപ്പിച്ചത്. നിശ്ചിത സമയ പരിധിയിൽ ഏൽപ്പിക്കുന്ന 'സഹായ' സാധനങ്ങൾ വയനാട്ടിൽ നേരിട്ട് എത്തി അർഹരായവരെ ഏൽപ്പിക്കുമെന്ന് അജിത് അറിയിച്ചു.
കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകി
കണ്ണൂർ: മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവനയായി നൽകി. അദ്ദേഹത്തിൻ്റെ പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള വീട്ടിൽ നിന്നും കെ.വി. സുമേഷ് എം.എൽ.എ. ചെക്ക് ഏറ്റുവാങ്ങി. വയനാട് ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്ക് സഹായം എത്തിക്കുന്നതിനാണ് സി.എം.ഡി.ആർ.എഫ്. (CMDRF) ൽ കഥാകൃത്ത് ടി. പത്മനാഭൻ സംഭാവന നൽകിയത്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങളും, വ്യാപാര വ്യവസായ പ്രമുഖരും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വരികയാണെന്ന്, കണ്ണൂരിൽ നിന്ന് കൂടുതൽ സംഭാവനകൾ പ്രതീക്ഷിക്കുന്നതായും കെ.വി. സുമേഷ് എം.എൽ.എ. പറഞ്ഞു. നേരത്തെ സി.പി.എം. (CPM) കണ്ണൂർ ജില്ലാ കമ്മിറ്റി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.