Collapsed | കാസർകോട് നഗരത്തിൽ കെട്ടിടത്തിന്റെ സൺഷൈഡ് സ്ലാബ് തകർന്നുവീണു; ഒഴിവായത് വൻദുരന്തം; ഇരുചക്ര വാഹനങ്ങൾ തകർന്നു
* ദിനേന നിരവധി പേർ കടന്നുപോകുന്ന വഴി
കാസർകോട്: (KasargodVartha) നഗരത്തിൽ കെട്ടിടത്തിന്റെ സൺഷൈഡ് സ്ലാബ് തകർന്നുവീണ് ഇരുചക്ര വാഹനങ്ങൾ തകർന്നു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഗോൾഡൻ ആർകേഡ് കെട്ടിടത്തിലെ സ്ലാബാണ് തകർന്നുവീണത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.
ഇതിന് സമീപത്തുള്ള സെഞ്ച്വറി ഹോടെലിൽ ഭക്ഷണം കഴിക്കാൻ വന്നവരുടെ വാഹനങ്ങൾക്ക് മുകളിലാണ് കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. സ്‌കൂടറും ബൈകും അടക്കം നാല് ഇരുചക്ര വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദിനേന നിരവധി പേർ കടന്നുപോകുന്ന വഴിയിൽ സംഭവ സമയത്ത് ആരുമില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഇക്കഴിഞ്ഞ മെയ് 12ന് കാസർകോട് നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്‌ലക്‌സ് ബോർഡും പൊട്ടിവീണിരുന്നു. ആളുകൾ കുറവായതിനാൽ അന്നും കാര്യമായ അപകടങ്ങൾ ഉണ്ടായിരുന്നില്ല.
കാസർകോട്ട് സൺഷൈഡ് തകർന്നുവീണു; തലനാരിഴയ്ക്ക് വൻദുരന്തമൊഴിവായി pic.twitter.com/Z8CInbFn4r
— Kasargod Vartha (@KasargodVartha) May 21, 2024