Visit | സുനിൽ ഗവാസ്കറിനെ വരവേൽക്കാൻ കാസർകോട്ട് വൻ ഒരുക്കങ്ങൾ; തുറന്ന വാഹനത്തിൽ സ്വീകരിച്ച് ആനയിക്കും

● ഗവാസ്കർ ഫെബ്രുവരി 21ന് കാസർകോട് എത്തും.
● കാസർകോട് മുനിസിപ്പൽ സ്റ്റേഡിയം റോഡിന് ഗവാസ്കറുടെ പേര് നൽകും.
● റോയൽ കൺവെൻഷൻ നടക്കുന്ന ചടങ്ങിൽ ആദരിക്കും.
● കാസർകോട് നഗരസഭയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാസർകോട്: (KasargodVartha) ഇന്ത്യൻ ക്രിക്കറ്റിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ സുനിൽ ഗവാസ്കർ ഫെബ്രുവരി 21ന്, കാസർകോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ച് കാസർകോട്ട് എത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർകോട് നഗരം അതിരറ്റ ആഹ്ലാദത്തോടെയും പ്രതീക്ഷയോടെയുമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്റെ വരവിനെ കാത്തിരിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
കാസർകോടിന്റെ സ്പോർട്സ് ടൂറിസം വളർച്ചയ്ക്ക് ഗവാസ്കറുടെ വരവ് വലിയ ഗുണവും ഉണർവും നൽകുമെന്ന് നഗരസഭ കരുതുന്നു. രഞ്ജി ക്രിക്കറ്റിലടക്കം നിരവധി താരങ്ങളെ സമ്മാനിച്ച കാസർകോടിന്റെ ക്രിക്കറ്റ് മേഖലയ്ക്കും ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ താരമായ ഗവാസ്കറുടെ വരവ് വലിയ തോതിലുള്ള ഉണർവേകുമെന്ന് കാസർകോട് നഗരസഭ വിശ്വസിക്കുന്നതായും സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
ഗവാസ്കറുടെ കാസർകോട് സന്ദർശനം എന്നുമെന്നും ഓർമ്മിക്കപ്പെടുന്ന തരത്തിൽ നഗരത്തിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡ് വേണമെന്ന് കാസർകോട് നഗരസഭ ആഗ്രഹിക്കുകയും കാസർകോട് നഗരസഭയുടെ അധീനതയിൽ വിദ്യാനഗറിലുള്ള നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനിൽ ഗവാസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്യാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 21ന് വൈകിട്ട് 3.30ന്, മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്കർ തന്റെ പേര് നാമകരണം ചെയ്യും.
തുടർന്ന് അദ്ദേഹത്തെ തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തൊട്ടടുത്ത് ചെട്ടുംകുഴിയിലുള്ള റോയൽ കൺവെൻഷൻ സെന്ററിലേക്ക് സ്വീകരിച്ച് ആനയിക്കും. റോയൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ കാസർകോടൻ ജനതക്ക് വേണ്ടി താരത്തെ ആദരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളും കായിക പ്രേമികളും അടക്കമുളളവർ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വർക്കിംഗ് ചെയർമാനും കാസർകോട് നഗരസഭാ ചെയർമാനുമായ അബ്ബാസ് ബീഗം, സ്വാഗത സംഘം വർക്കിംഗ് കൺവീനർ ടി.എ ഷാഫി, സ്വാഗത സംഘം ട്രഷററും കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷററുമായ കെ.എം. അബ്ദുൽ റഹ്മാൻ, മീഡിയ വിഭാഗം ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ എം. മധുസൂതനൻ, മീഡിയാ വിഭാഗം കൺവീനറും കാസർകോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടുമായ സിജു കണ്ണൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ്, നഗരസഭാ കൗൺസിലർ കെ.എം. ഹനീഫ് എന്നിവർ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ!
Indian cricket legend Sunil Gavaskar will visit Kasaragod on February 21st. He will be honored by the city and a road will be named after him. The event is expected to boost sports tourism in the region.
#SunilGavaskar #Kasaragod #CricketLegend #IndianCricket #Kerala #SportsTourism