Transfer | സുഗന്ധഗിരി വനംകൊള്ള: വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ഡി എഫ് ഒയെ സ്ഥലം മാറ്റിയത് കാസർകോട്ടേക്ക്
കാസർകോട്: (KasaragodVartha) വയനാട് സുഗന്ധഗിരി വനംകൊള്ളയിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ഡിഎഫ്ഒ എം സജ്‌നയെ സ്ഥലം മാറ്റിയത് കാസർകോട്ടേക്ക്. ശനിയാഴ്ചയാണ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയത്. കാസർകോട് സോഷ്യൽ ഫോറസ്ട്രി എസിഎഫ് ആയാണ് നിയമനം. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന് സ്ഥലം മാറ്റ ഉത്തരവിൽ പറയുന്നുണ്ട്. അനധികൃത മരം മുറി കണ്ടെത്താൻ സാധിച്ചില്ലെന്നും തടി കടത്തിക്കൊണ്ട് പോകാൻ സാഹചര്യം ഉണ്ടായെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.
ഈ വർഷം ഫെബ്രുവരിയിൽ വൈത്തിരിക്കടുത്ത് സുഗന്ധഗിരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മരങ്ങൾ മുറിച്ചുകടത്തിയതായാണ് ആരോപണം. ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽ പെടുന്നവരുടെ വീടുകൾക്ക് മുകളിലേക്ക് ചാഞ്ഞിരിക്കുന്ന 20 മരങ്ങൾ മുറിക്കാൻ നൽകിയ പാസിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രാഥമിക റിപോർടിൽ 36 അനധികൃത മരം വെട്ടൽ സംഭവങ്ങൾ മാത്രമേ റിപോർട് ചെയ്തിട്ടുള്ളൂവെങ്കിലും ഡിഎഫ്ഒ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് 107 സംഭവങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത്.
വകുപ്പ് തല അന്വേഷണത്തില്‍ ഡിഎഫ്ഒ എം സജ്‌ന, ഫ്‌ലയിങ് സ്‌ക്വാഡ് റേൻജ് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂടി റേൻജ് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെ കഴിഞ്ഞ മാസം സസ്‌പെൻഡ് ചെയ്‌തിരുന്നു. വകുപ്പ് തല അന്വേഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മേല്‍നോട്ട ചുമതലകളില്‍ വീഴ്ച വരുത്തി, മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങി എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തിയത്.
സംഭവത്തിൽ സജ്‌നയെ സസ്പെൻഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് തുടർനടപടിയായി ഇപ്പോൾ കാസർകോട്ടേക്ക് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. ഡിഎഫ്ഒക്കെതിരായ സസ്‌പെൻഷൻ മരവിപ്പിച്ചതിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രംഗത്തുവന്നിരുന്നു. നടപടിക്രമങ്ങളിലെ പാളിച്ചയെ തുടർന്നാണ് സസ്‌പെൻഷൻ മരവിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപോർടിൽ ഡിഎഫ്ഒയോട് വിശദീകരണം തേടണമെന്ന് ശുപാർശയുണ്ടായിരുന്നു. എന്നാൽ വിശദീകരണം തേടാതെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.