Education | സക്സസ് ഫിയസ്റ്റ: ഉന്നത വിദ്യാഭ്യാസ പ്രോത്സാഹനത്തിന് പുതിയ പദ്ധതി തയ്യാറാക്കാൻ കാസർകോട് നഗരസഭ; എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് അനുമോദനം
നഗരസഭാ പ്രദേശത്തെ മുഴുവൻ സ്കൂളുകൾക്കും എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ കഴിഞ്ഞു
കാസർകോട്: (KasargodVartha) നഗരസഭാ പരിധിയിലെ സ്കൂളുകളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും കാസർകോട് നഗരസഭ 'സക്സസ് ഫിയസ്റ്റ' എന്ന പരിപാടിയിലൂടെ അനുമോദിച്ചു. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.
ഈ പരിപാടി കാണുമ്പോൾ സ്കൂൾ വിദ്യാഭ്യാസ സമയത്ത് മികച്ച വിജയം കൈവരിച്ചപ്പോൾ തന്റെ പഞ്ചായത്ത് തന്നെ അനുമോദിച്ചത് ഓർമ വരികയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇപ്പോൾ കിട്ടിയ ഈ അനുമോദനം എന്നെന്നും നിങ്ങൾ ഓർക്കുമെന്നും കളക്ടർ വിദ്യാർത്ഥികളോട് പറഞ്ഞു. വിദ്യാഭ്യാസ പ്രോത്സാഹത്തിന് നഗരസഭ പുതിയ പദ്ധതി തയ്യാറാക്കുന്നത് അഭിനന്ദനാർഹമാണെന്നും എല്ലാവിധ പിന്തുണയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.
കാസർകോട് നഗരസഭയ്ക്കിത് അഭിമാന നിമിഷമാണെന്ന് ചെയർമാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നഗരസഭാ പ്രദേശത്തെ മുഴുവൻ സ്കൂളുകൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ഏറെ മുന്നേറുകയാണെന്നും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികളെ മത്സര പരീക്ഷകൾക്കും മറ്റും പ്രാപ്തരാക്കുന്നതിന് ക്ലാസുകൾ ആരംഭിക്കാൻ നഗരസഭ പദ്ധതി തയ്യാറാക്കുമെന്നും ചെയർമാൻ പറഞ്ഞു.
'സക്സസ് ഫിയസ്റ്റയുടെ' ലോഗോ ജില്ലാ കളക്ടർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസിന് നൽകി പ്രാകാശനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഹീർ ആസിഫ്, റീത്ത ആർ, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, നഗരസഭ കൗൺസിലർ പി രമേശ്, മുനിസിപ്പൽ എഞ്ചിനീയർ ദിലീഷ് എൻ.ഡി. തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ രജനി കെ. സ്വാഗതവും നഗരസഭ സെക്രട്ടറി ജെസ്റ്റിൻ പി.എ നന്ദിയും പറഞ്ഞു