Support | സംരംഭങ്ങൾക്ക് കൈത്താങ്ങ്; കാസർകോട്ടെ 103 കുടുംബശ്രീ ഉത്പാദന യൂണിറ്റുകള്‍ക്ക് സബ്‌സിഡി; സ്കൂളുകളിൽ പുതിയ സൗകര്യങ്ങൾ

● കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്നു
● വിദ്യാർത്ഥികളുടെ സൗകര്യം പരിഗണിച്ച് 50 സ്കൂളുകളിൽ ഇൻസിനേറ്റർ സ്ഥാപിക്കും.
● ലഹരി ഉപയോഗത്തിനെതിരെ മാ-കെയർ പദ്ധതി 10 സ്കൂളുകളിൽ കൂടി ആരംഭിക്കും.
● ഹാപ്പിനെസ് ഫെസ്റ്റ് ജനുവരി 24 മുതൽ 26 വരെ നടക്കും.
കാസര്‍കോട്: (KasargodVartha) ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ജില്ലയിലെ 103 കുടുംബശ്രീ ഉത്പാദന യൂണിറ്റുകള്‍ക്ക് സബ്‌സിഡി അനുവദിക്കാന്‍ തീരുമാനമായി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബശ്രീയുടെ 103 ഉത്പാദന യൂണിറ്റുകൾക്കാണ് ഈ സഹായം ലഭിക്കുക.
വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ സൗകര്യം പരിഗണിച്ച് ജില്ലയിലെ 50 വിദ്യാലയങ്ങളിൽ ഇൻസിനേറ്ററുകൾ സ്ഥാപിക്കും. ഇത് പെൺകുട്ടികൾക്ക് ഏറെ സഹായകമാകുന്ന ഒരു നൂതന പദ്ധതിയാണ്. കൂടാതെ, ചെങ്കള, ബേഡഡുക്ക, ചെമ്മനാട്, പള്ളിക്കര, മൊഗ്രാൽ, പിലിക്കോട്, പുല്ലൂർപെരിയ, കാറഡുക്ക, കൊളത്തൂർ, ചീമേനി എന്നീ സ്കൂളുകളിൽ കൂടി, ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെ കാക്കാന്‍ മാ-കെയർ പദ്ധതി ആരംഭിക്കും.
ഖൽബിലെ ബേക്കൽ എന്ന പേരിൽ വ്യവസായ കേന്ദ്രവുമായി ചേർന്ന് നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റ് വിപുലമായ രീതിയിൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജനുവരി 24ന് വൈകീട്ട് എട്ടിന് രജിസ്ട്രേഷൻ പുരാവസ്തു, പുരാരേഖ, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടിന് കായിക മന്ത്രി വി അബ്ദുറഹിമാൻ, 26ന് റിപ്പബ്ലിക് ദിനത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ തുടങ്ങിയ പ്രമുഖർ പരിപാടിയുടെ ഭാഗമാകും.
വനിതാ സഞ്ചാരി കൂട്ടായ്മ സംഗമം, പാരന്റിങ് ബോധവത്കരണ ചർച്ച, സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, ഇശൽ സന്ധ്യ, നിക്ഷേപക സംഗമം, പ്രവാസി നിക്ഷേപക സംഗമം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീത കൃഷ്ണൻ, കെ. ശകുന്തള, അഡ്വ.എസ്.എൻ സരിത, എം.മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷിനോജ് ചാക്കോ, സി.ജെ സജിത്ത്, ഫാത്തിമത്ത് ഷംന, പി.ബി ഷെഫീഖ്, എം. ശൈലജഭട്ട്, നാരായണനായ്ക്, ജാസ്മിൻകബീർ ചെർക്കള, ജമീല സിദ്ദിഖ്, ജോമോൻ ജോസ്, ഗോൾഡൻ അബ്ദുറഹ്‌മാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
#Kasaragod #Kudumbashree #HappinessFest #Education #Support #Development