കേറി വാടാ മക്കളെ... ചക്ക പറിച്ചിട്ട് പോ; സുബ്രമണ്യൻ നമ്പൂതി വേറെ ലെവലാ; വളപ്പിൽ ബോർഡ് വെച്ചു

● 76 വയസ്സുകാരനായ അദ്ദേഹം മുൻ റെവന്യൂ ഉദ്യോഗസ്ഥനാണ്.
● മഴക്കാലമായതോടെ ചക്കയ്ക്ക് ആവശ്യക്കാർ ഏറിവരുന്നുണ്ട്.
● ബെംഗളൂരിൽ മക്കൾ പണം നൽകിയാണ് ചക്ക വാങ്ങുന്നത്.
● വാഹനങ്ങളിലെത്തി ആളുകൾ ചക്ക പറിച്ചെടുത്ത് പോകുന്നു.
വെള്ളിക്കോത്ത്: (KasargodVartha) റോഡിനോട് ചേർന്നുള്ള പ്ലാവിൽ നിറയെ ആരെയും കൊതിപ്പിക്കുന്ന വരിക്കച്ചക്കകൾ! എന്നാൽ ഉടമയുടെ അനുവാദമില്ലാതെ പറിക്കാൻ നാട്ടുകാർക്കും വഴിപോക്കർക്കും ഒരു മടിയായിരുന്നു. നാട്ടുകാർക്കിടയിലെ ഈ സംസാരം വെള്ളിക്കോത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ചെവിയിലെത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്.
‘ചക്ക ആവശ്യമുള്ളവർക്ക് പറിച്ചുകൊണ്ടുപോകാമെന്ന്’ ആളുകൾക്ക് കാണാൻ പാകത്തിൽ അദ്ദേഹം ഒരു ബോർഡ് സ്ഥാപിച്ചു. ‘കേറി വാടാ മക്കളെ.... ചക്ക പറിച്ചിട്ട് പോ’ എന്ന അദ്ദേഹത്തിന്റെ ക്ഷണം ലഭിച്ചതോടെ നിരവധി പേരാണ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പറമ്പിൽ ചക്ക പറിക്കാൻ എത്തുന്നത്.
വെള്ളിക്കോത്ത് എൽ.പി. സ്കൂൾ-കിഴക്കേ വെള്ളിക്കോത്ത് റോഡിനരികിലുള്ള വീട്ടുപറമ്പിലെ വരിക്കപ്ലാവിന്റെ ചുവട്ടിലാണ് കഴിഞ്ഞ ദിവസം മുതൽ ഈ അറിയിപ്പ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഈ ബോർഡ് ഇപ്പോൾ ഇതുവഴി പോകുന്നവർക്ക് കൗതുക കാഴ്ചയാണ്.
ബോർഡ് സ്ഥാപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ചക്കക്കാലമല്ലേ.. നമുക്ക് ചക്കയുണ്ടെങ്കിലും ഇവിടെയുള്ള പലർക്കും ചക്കയില്ല. ആർക്കായാലും ചക്ക കറിവെച്ചും പഴുപ്പിച്ചും തിന്നാൻ ആഗ്രഹമുണ്ടാകില്ലേ.. അവർ പറിച്ചുകൊണ്ടുപോകട്ടെ.’
ബാംഗ്ലൂരിൽ താമസിക്കുന്ന തന്റെ മക്കൾ പൈസ കൊടുത്താണ് ചക്ക വാങ്ങുന്നതെന്നും, അവർക്ക് താൻ ഇവിടെ നിന്ന് ചക്ക കൊടുത്തുവിടാറുണ്ടായിരുന്നെന്നും 76 വയസ്സുകാരനും മുൻ റെവന്യൂ ഉദ്യോഗസ്ഥനുമായ പാലമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി പറയുന്നു.
ബോർഡ് സ്ഥാപിച്ച പ്ലാവ് കൂടാതെ, വീടിനോട് ചേർന്നുള്ള പ്ലാവിലെ ചക്കകളും ആവശ്യക്കാർക്ക് പറിച്ചെടുക്കാൻ അദ്ദേഹം അനുവാദം നൽകിയിട്ടുണ്ട്. നിലവിൽ മൂപ്പെത്തിയ സാമാന്യം വലുപ്പമുള്ള നിരവധി ചക്കകൾ ബോർഡ് സ്ഥാപിച്ച പ്ലാവിൽ തന്നെയുണ്ട്. ചിലതൊക്കെ വീണ് റോഡിൽ കിടക്കുന്നുമുണ്ട്.
മഴക്കാലമെത്തിയതോടെ പൊതുവിൽ ചക്കയ്ക്ക് ആവശ്യക്കാർ കൂടിവരുന്ന സമയമാണിത്. വേനലിന്റെ അവസാനത്തിൽ മൂപ്പെത്താറുള്ള ചക്കകൾ ഇത്തവണ കാലവർഷം നേരത്തേ എത്തിയത് കാരണം അടുത്തിടെയാണ് മൂപ്പെത്തി തുടങ്ങിയത്.
ഇനി ചക്ക വേണ്ടവർ വെള്ളിക്കോത്ത് എത്തിയാൽ ആരോഗ്യത്തിന് ഏറ്റവും നല്ലതായ ചക്കയുമായി മടങ്ങാം. വാഹനങ്ങളിൽ വന്നാണ് ആളുകൾ ചക്ക പറിച്ചുപോകുന്നത്.
ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Subramanian Namboothiri offers free jackfruit from his tree in Vellikoth, Kerala.
#Jackfruit, #Kerala, #Vellikoth, #CommunityService, #SubramanianNamboothiri, #FreeFood