കറുത്ത പൊന്നിനെ അടുത്തറിയാന്‍ പന്നിയൂരിലേക്ക് ഒരു പഠനയാത്ര
Sep 12, 2012, 20:31 IST
![]() |
| പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെത്തിയ കര്‍ഷകര്‍ക്ക് മുമ്പാകെ പന്നിയൂര്‍ ഇനങ്ങളെക്കുറിച്ച് ഡോ. പി എം അജിത് വിശദീകരിക്കുന്നു |
പൊയ്നാച്ചി: കാട്ടുവര്ഗത്തില്പെട്ട ബ്രസീലിയന്‍ കുരുമുളക് ചെടിയായ പൈപ്പര്‍ കൊളുബ്രീനം, ലോകശ്രദ്ധ പിടിച്ചുപറ്റിയ പന്നിയൂര്‍ തൈകള്‍, കറുത്ത പൊന്നിനെ അടുത്തറിയാനായി പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെത്തിയ കര്‍ഷകരെ വരവേറ്റത് പുത്തനറിവുകളുടെ മഹാസാഗരം. കുരുമുളക് കൃഷിയില്‍ കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്നവര്‍ക്ക് പ്രായോഗിക പരിശീലനം ലഭിച്ചതിനു സമാനമായിരുന്നു സന്ദര്‍ശനാനുഭവം.
കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പൊയിനാച്ചി ശാഖയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ഫാര്‍മേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ 29 അംഗങ്ങള്‍ ഉള്‍പെടുന്ന സംഘമാണ് നബാര്‍ഡിന്റെ ധനസഹായത്തോടെ പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചത്. പന്നിയൂര്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ഇനങ്ങളുടെ പ്രത്യേകതകളും തിരിച്ചറിയുന്ന വിധവും കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറായാ ഡോ. പി എം അജിത് വിശദീകരിച്ചു.
മനുഷ്യ ഹൃദയത്തിനോട് സാദൃശ്യമുള്ള ഇലകളോട് കൂടിയ പന്നിയൂര്‍ ഒന്ന്, ഇലകളില്‍ ഞൊറികളുള്ള പന്നിയൂര്‍ മൂന്ന്, കുതിരവാലുപോലെയുള്ള തിരികളോട് കൂടിയ പന്നിയൂര്‍ നാല്, നീളമുള്ള ഇലകളോട് കൂടിയ പന്നിയൂര്‍ അഞ്ച്, അകത്തേക്ക് ചുരുങ്ങിയ ഇലകളോട് കൂടിയ പന്നിയൂര്‍ ഏഴ് എന്നിവയെ ഏറെ ആശ്ചര്യത്തോടെയാണ് കര്‍ഷകര്‍ പരിചയപ്പെട്ടത്. ഇവയോരുന്നും കൃഷിചെയ്യാന്‍ ഏറെ അനുയോജ്യമായ പ്രദേശങ്ങളെക്കുറിച്ചും ഡോ. അജിത് വിശദീകരിച്ചു.
![]() |
| കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിന്റെ സവിശേഷതകള്‍ കൃഷി ഓഫീസര്‍ ജമീലകുന്നത്ത് വിവരിക്കുന്നു |
കുരുമുളക് ചെടികളിലുണ്ടാകുന്ന ധ്രുതവാട്ടം, സാവധാനവാട്ടം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും മനസിലാക്കാന്‍ സന്ദര്‍ശനം വഴിയൊരുക്കി. ചെന്തലകള്‍ മുറിച്ചെടുത്ത് പുതിയ തൈകള്‍ ഉണ്ടാക്കുന്നതും കുറ്റിക്കുരുമുളക് ചെടികള്‍ ഉണ്ടാക്കുന്നതും ഗ്രാഫ്റ്റിംങിലൂടെ അത്യുല്‍പ്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങള്‍ ഉണ്ടാക്കുന്നതും എങ്ങനെയെന്ന് കര്‍ഷകര്‍ നേരില്‍ കണ്ട് പഠിച്ചു. ധ്രുതവാട്ടത്തെ പ്രതിരോധിക്കാന്‍ ഗ്രാഫ്റ്റിംങിന് ഉപയോഗിക്കുന്ന രോഗപ്രതിരോധശേഷി കൂടുതലുള്ള പൈപ്പര്‍ കൊളുബ്രീനം എന്ന ബ്രസീലിയന്‍ കാട്ടുവര്ഗ ചെടിയെ നേരില്‍ കണ്ടറിഞ്ഞ കര്‍ഷകര്‍ പന്നിയൂര്‍ തൈകളും വാങ്ങി വിപുലമായ രീതിയില്‍ കുരുരുമുളക് കൃഷി ചെയ്യാനുള്ള ഉറച്ച തീരുമാനത്തോടെയാണ് ഗവേഷണ കേന്ദ്രംവിട്ടത്.
തളിപ്പറമ്പ് കരിമ്പത്തുള്ള ജില്ലാ കൃഷിത്തോട്ടം സന്ദര്‍ശിച്ച ശേഷമാണ് കൃഷിക്കാര്‍ പന്നിയൂര്‍ ഫാം സന്ദര്‍ശിച്ചത്. കൃഷിത്തോട്ടത്തില്‍ നിവിലുള്ള അത്യുല്പാദന ശേഷിയുള്ള മാവിന്തൈകളെക്കുറിച്ചും ബയോഡൈവേഴ്സിറ്റി സെന്ററിനെക്കുറിച്ചും കൃഷി ഓഫീസര്‍ ജമീലകുന്നത്ത് വിശദമായി വിവരിച്ചു. ആരോഗ്യപച്ച, ആകാശ വെള്ളരി, റംമ്പൂട്ടാന്, പൊന്നിലമരം, പുല്ലമരുത്, ചെങ്കൊല്ലി, ദന്തപ്പാല, രാജംപുളി, മാംഗോസ്റ്റിന് തുടങ്ങി ഔഷധ സസ്യങ്ങളും അല്ലാത്തതുമായ ഒട്ടേറെ മരങ്ങളെ കൃഷിത്തോട്ടം പരിചയപ്പെടുത്തി. എച്ച് 56, ചന്ദ്രക്കാരന്‍, ബെന്നെറ്റ് അല്‍ഫോന്‍സ, മുണ്ടപ്പ, നീലം തുടങ്ങിയ മേല്‍ത്തരം മാവിന് തൈകളെക്കുറിച്ച് പഠിക്കാനും സന്ദശനം സഹായകരമായി. ജില്ലാ സഹകരണ ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം പ്രവീണ്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ് , ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് കെ ചന്തുക്കുട്ടി, സെക്രട്ടറി കെ ശിവരാമന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര.
Keywords: Farmers, Visit, Panniyur pepper research centre, Ponachi, Kasaragod









