Study crisis | ബെഞ്ചും ഡെസ്‌കുമില്ല, വിദ്യാർഥികൾക്ക് അവധി! അടിസ്ഥാന സൗകര്യങ്ങളില്ലാതെ മൊഗ്രാൽ ഗവ. സ്‌കൂളിൽ ഹയർസെകൻഡറി പഠനം പ്രതിസന്ധിയിൽ
രക്ഷിതാക്കൾക്കിടയിൽ ആശങ്കയും, മുറുമുറുപ്പുമുണ്ടാക്കിയിട്ടുണ്ട്
മൊഗ്രാൽ: (KasargodVartha) ജിവിഎച്എസ്എസ് സ്‌കൂളിലെ ഹയർ സെകൻഡറി വിഭാഗത്തിൽ ക്ലാസ് റൂമും, അടിസ്ഥാന സൗകര്യവുമില്ലാതെ പഠന പ്രതിസന്ധി. കഴിഞ്ഞവർഷം എകെഎം അശ്റഫ് എംഎൽഎയുടെ ഇടപെടൽ മൂലം ലഭിച്ച ഹ്യൂമാനിറ്റീസ് കോഴ്സിന് ക്ലാസ് റൂമും, ഇരിക്കാൻ ബെഞ്ചും ഡസ്കും ഇല്ലാത്തതുമാണ് പഠന പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
കഴിഞ്ഞവർഷം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി ഒരു ക്ലാസ് റൂം ഒപ്പിച്ചും, മറ്റു ക്ലാസുകളിൽ നിന്ന് ബെഞ്ചും, ഡസ്കും എടുത്തും കോഴ്സ് ആരംഭിച്ചു. എന്നാലിപ്പോൾ പുതിയ ബാചിലെ കുട്ടികൾ വന്നതോടെയാണ് വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി രിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രണ്ടാംവർഷ വിദ്യാർഥികൾക്ക് അവധി നൽകിയിരിക്കുകയാണ് സ്കൂൾ അധികൃതർ.
സ്കൂൾ പിടിഎ ജില്ലാ പഞ്ചായതുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അടിയന്തരമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടാണ് അധികൃതരുടേത്. ഹയർസെകൻഡറിയുടെ പഴയ കെട്ടിടത്തിനു മുകളിൽ അധികൃതർ കോണിപ്പടി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാതിലും ജനലുമൊക്കെ സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. ഇത് കാലതാമസമെടുക്കുമെന്നാണ് പറയുന്നത്.
ഹയർ സെകൻഡറിയിൽ സീറ്റ് കിട്ടാതെ ജില്ലയിൽ നൂറുകണക്കിന് വിദ്യാർഥികളുടെ തുടർപഠനം മുടങ്ങിയ സാഹചര്യത്തിൽ പോലും കിട്ടിയ കോഴ്സിൽ തന്നെ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാത്തതിൽ രക്ഷിതാക്കൾക്കിടയിൽ ആശങ്കയും, മുറുമുറുപ്പുമുണ്ടാക്കിയിട്ടുണ്ട്. പഠന പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.