Free uniforms | വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം ലഭിച്ചില്ല; രക്ഷിതാക്കൾക്ക് സാമ്പത്തിക ബാധ്യത; അധികൃതർ കനിയണമെന്ന് ആവശ്യം
തുക ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ പിടിഎ കമിറ്റി
ചെർക്കള: (KasargodVartha) കഴിഞ്ഞ രണ്ട് അധ്യയന വർഷമായി (2022-23, 2023-24) ചെർക്കള ഗവ. ഹയർ സെകൻഡറി (GHSS Cherkala) സ്കൂളിലെ വിദ്യാർഥികൾക്ക് സർകാരിന്റെ (Govt) സൗജന്യ യൂണിഫോം (Free uniforms) ലഭിക്കുന്നില്ലെന്ന് പരാതി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് (Education Department) സർവ ശിക്ഷ കേരള (SSK) മുഖേനയാണ് ഒന്ന് മുതൽ എട്ട് വരെയുള്ള മുഴുവൻ പെൺകുട്ടികൾക്കും എസ് സി, എസ് ടി ആൺകുട്ടികൾക്കും, ബി പി എൽ വിഭാഗത്തിലെ ആൺ കുട്ടികൾക്കുമായി പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രകാരം ചെർക്കള സ്‌കൂളിന് ലഭിക്കേണ്ട കഴിഞ്ഞ അധ്യയന വർഷത്തെ 1245 കുട്ടികളുടെ തുകയായ (Fund) 7.47 ലക്ഷം രൂപ എസ്എസ്കെയിൽ നിന്നും ലഭ്യമാക്കാതെ നഷ്ടപ്പെടുകയും ഇത് സംബന്ധിച്ചുള്ള പരാതികൾക്ക് (Complaints) മുമ്പിൽ അധികൃതർ മൗനം പാലിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. കൂടാതെ 2024- 25 വർഷത്തെ 1129 കുട്ടികൾക്കുള്ള എസ്എസ്കെ നൽകേണ്ട തുകയായ 6.77 ലക്ഷം രൂപയും ഇതുവരെ അനുവദിച്ചിട്ടില്ല. എന്നാൽ എപിഎൽ (APL) ആൺകുട്ടികൾക്കുള്ള യൂണിഫോം തുക എഇഒയിൽ നിന്നും സമയബന്ധിതമായി കുട്ടികളുടെ അകൗണ്ടിലേക്ക് ലഭിക്കുന്നുമുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് പൊതുവിദ്യാലയത്തിലെ വിദ്യാർഥികളിൽ ഭൂരിഭാഗവും. മറ്റു സ്‌കൂളുകൾക്ക് കൃത്യമായി യൂണിഫോം തുക നൽകുമ്പോൾ, രണ്ട് വർഷമായി നിർധനരായ രക്ഷിതാക്കൾക്ക് സ്വന്തം പണം കൊണ്ട് യൂണിഫോം തയ്പിക്കേണ്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പാവപ്പെട്ട കുടുംബങ്ങൾക്ക് മറ്റ് ചിലവുകൾക്ക് പുറമെ വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നത്.
ചെർക്കള സ്‌കൂളിലെ മുഴുവൻ പെൺകുട്ടികൾക്കും, എസ് സി, എസ് ടി, ബി പി എൽ ആൺകുട്ടികൾക്കും യൂണിഫോം അലവൻസ് നൽകാത്തത് നീതി കേടാണെന്നും, സ്‌കൂളുകളെ തരം തിരിച്ച് കാണുന്നത് പ്രതിഷേധാർഹമാണെന്നും തുക ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ പിടിഎ കമിറ്റി ആവശ്യപ്പെട്ടു. തങ്ങളുടെ ദുരിതം ബന്ധപ്പെട്ടവർ മനസിലാക്കണമെന്നും അനുകൂല സമീപനം സ്വീകരിക്കണമെന്നും രക്ഷിതാക്കളും പറയുന്നു.