Accident | ലോറിയും ബൈകും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി മരിച്ചു
Updated: Apr 26, 2024, 20:38 IST
* കോളജിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്
കുമ്പള: (KasargodVartha) ലോറിയും ബൈകും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി മരിച്ചു. ബംബ്രാണ അണ്ടിത്തടുക്ക നമ്പിടി ഹൗസിലെ ഖാലിദ് - ഫമീദ ദമ്പതികളുടെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ രാവിലെ 8.30 മണിയോടെ ഉപ്പള കുക്കാർ ദേശീയ പാതയിലായിരുന്നു അപകടം.
മംഗ്ളൂറിലെ കോളജിൽ വിദ്യാർഥിയായ കൈഫ് ബൈകിൽ കോളജിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ദേശീയപാത നിർമാണത്തിനായി വെള്ളവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കൈഫ് ദിവസങ്ങളോളം മംഗ്ളൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങൾ: കാശിഫ്, ലിയ, ലിബ.