Accident | ബൈകിൽ ലോറി ഇടിച്ച് വിദ്യാർഥിനി മരിച്ചു; സഹോദരന് പരുക്ക്
● ഞായറാഴ്ച രാത്രി പത്തരയോടെ പിലിക്കോട് തോട്ടം ഗേറ്റിനടുത്താണ് അപകടം സംഭവിച്ചത്.
● ബൈക് ഓടിച്ച സഹോദരൻ ഫൈസലിന് (29) ഗുരുതരമായി പരുക്കേറ്റു.
● ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെയാണ് അപകടം.
ചെറുവത്തൂർ: (KasargodVartha) ബൈകിൽ ലോറിയിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. ചെറുവത്തൂർ കാരിയിൽ പള്ളിക്കണ്ടത്തെ അബ്ദുർ റഹ്‌മാൻ - ഹഫ്‌സത് ദമ്പതികളുടെ മകൾ ഫാത്വിമത് റഹീസയാണ് (21) മരിച്ചത്. ബൈക് ഓടിച്ച സഹോദരൻ ഫൈസലിന് (29) ഗുരുതരമായി പരുക്കേറ്റു.
ഞായറാഴ്ച രാത്രി പത്തരയോടെ പിലിക്കോട് തോട്ടം ഗേറ്റിനടുത്താണ് അപകടം സംഭവിച്ചത്. പാചകവാതക സിലിൻഡറുമായി പോവുകയായിരുന്ന ലോറി ബൈകിൽ ഇടിക്കുകയായിരുന്നു. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെയാണ് അപകടം.
ലോറിയിടിച്ച് ബൈകിൽ നിന്നും തെറിച്ചു വീണ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും റഹീസ മരണപ്പെടുകയായിരുന്നു. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട് വിദ്യാർഥിനിയാണ് റഫീസ. ലോറി ഡ്രൈവർ ടി എൻ അഭിനന്ദിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. മറ്റു സഹോദരങ്ങൾ: അഫ്‌സൽ, ശുഐബ്, അബ്ദുല്ല, ശിഹാബ്, ഫഹൽ.
#BikeAccident, #KasargodTragedy, #FatalCrash, #RoadSafety, #Cheruvathur, #StudentDeath