Crisis | വിദ്യാർഥി സംഘർഷങ്ങൾക്ക് അയവില്ല; നിസ്സഹായാവസ്ഥയിൽ സ്‌കൂൾ അധികൃതരും പിടിഎയും
● സീനിയർ-ജൂനിയർ വിദ്യാർത്ഥികൾ തമ്മിലാണ് പ്രധാനമായും സംഘർഷങ്ങൾ.
● സംഘർഷങ്ങൾ സ്കൂൾ വളപ്പിൽ നിന്ന് റോഡിലേക്ക് വ്യാപിക്കുന്നു.
● പരാതി നൽകാൻ വിദ്യാർത്ഥികൾ മടി കാണിക്കുന്നു.
● സാമൂഹ്യ മാധ്യമങ്ങളിൽ സംഘർഷ ദൃശ്യങ്ങൾ വൈറൽ.
ഉപ്പള: (KasargodVartha) റവന്യൂ തല ശാസ്ത്രമേളകൾക്കും, കലോത്സവങ്ങൾക്കും പിന്നാലെ ഉപ്പളയിൽ വിദ്യാർഥി സംഘർഷങ്ങൾക്ക് ഒട്ടും അയവില്ല. സീനിയർ-ജൂനിയർ വിദ്യാർഥികൾ റോഡിലും സ്‌കൂൾ വളപ്പിലും തമ്മിൽ തല്ലി ചതക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലും രക്ഷിതാക്കൾക്കിടയിൽ നോവുമാവുന്നു. ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളിലെയും സ്ഥിതി ഇതുതന്നെയാണ്.
കഴിഞ്ഞാഴ്ച മൊഗ്രാൽ സ്കൂളിൽ ഇത്തരത്തിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നു. സ്കൂൾ വളപ്പിന് പുറത്താണ് ഇപ്പോൾ 'കൂട്ട അടികൾ' നടക്കുന്നത് എന്നതിനാൽ ഇടപെടൽ നടത്താനാവാതെ നിസ്സഹായവസ്ഥയിലാണ് സ്കൂൾ അധികൃതരും പിടിഎയും. സ്കൂൾ അധികൃതരുടെ പരാതി ലഭിച്ചാൽ മാത്രമേ പൊലീസ് ഇടപെടലുകൾ ഉണ്ടാകുന്നുള്ളൂ. പലപ്പോഴും പൊലീസ് എത്താൻ വൈകുന്നത് സംഘർഷം വ്യാപിക്കാൻ കാരണവുമാവുന്നുമുണ്ട്.
സ്‌കൂൾ വളപ്പിനകത്ത് സംഘർഷത്തിൽ ഏർപ്പെട്ടാൽ 'റാഗിംഗ്' വിരുദ്ധ നിയമ പരിധിയിൽ വരുമെന്ന ഭയമാണ് വിദ്യാർത്ഥികൾ അടി ടൗണിലേക്ക് എത്തിച്ചതിന് പിന്നിലെന്ന് അധ്യാപകരും, പിടിഎയും പറയുന്നുണ്ട്. പലപ്പോഴും സഹിക്കട്ട പ്രദേശവാസികളാണ് വിദ്യാർത്ഥികളെ സംഘർഷത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
ഉപ്പള ടൗണിലും, സ്കൂൾ മൈതാനത്തും വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുന്ന വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചത്. വിദ്യാർത്ഥിയെ റോഡിലിട്ട് മർദിക്കുന്ന ദൃശ്യം ആരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. എന്നാൽ പരാതി നൽകാൻ വിദ്യാർത്ഥികൾ തയ്യാറാവുന്നുമില്ല.
വീഡിയോകൾ കണ്ട് സ്വമേധയാ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതിൽ പ്രദേശവാസികൾക്കിടയിൽ നീരസമുണ്ട്. അതുകൊണ്ടുതന്നെ സ്വമേധയാ കേസെടുക്കാൻ ബാലാവകാശ കമ്മീഷനോ, മനുഷ്യാവകാശ കമ്മീഷന്റെയോ ഇടപെടൽ വേണമെന്നാണ് ആവശ്യം.
#studentviolence #keralaeducation #schoolsafety #PTA #police