STU | നഗരസഭയുടെ കുടുംബശ്രീ കുടിവെള്ള യൂണിറ്റ് പൂട്ടിച്ചത് സിപിഎമ്മും സ്വകാര്യ കുടിവെള്ള മാഫിയയുമെന്ന് എസ് ടി യു; 'ശക്തമായ തുടർ പ്രക്ഷോഭങ്ങൾ നടത്തും'
'സ്വകാര്യ കുടിവെള്ളക്കമ്പനികൾ 20 ലിറ്ററിൻ്റെ ബോട്ടിൽ 70 രൂപക്ക് നൽകുമ്പോൾ കുടുംബശ്രീ യൂണിറ്റ് വെറും 40 രൂപക്കാണ് വെള്ളം വിതരണം ചെയ്യുന്നത്'
കാസർകോട്: (KasargodVartha) നഗരസഭയുടെ കുടുംബശ്രീ സംരംഭമായ പ്യുവർ വാട്ടർ യൂണിറ്റ് അടച്ച് പൂട്ടാൻ ഭക്ഷ്യ സുരക്ഷ അധികൃതർ തീരുമാനിച്ചത് സിപിഎമ്മിൻ്റെയും സ്വകാര്യ കുടിവെള്ള വിതരണ മാഫിയയുടെയും സമ്മർദ ഫലമാണെന്ന് എസ് ടി യു ആരോപിച്ചു. ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണർ ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താൻ എസ് ടി യു കാസർകോട് മേഖലാ കമ്മിറ്റി തീരുമാനിച്ചു.
കാസർകോടിന് പുറമെ സംസ്ഥാനത്തെ പാലാ, ഫോർട്ട് കൊച്ചി, കൊച്ചി, പുനലൂർ, തൃശൂർ, മലപ്പുറം, കോഴിക്കോട്, പയ്യന്നൂർ തുടങ്ങിയ എട്ട് നഗരസഭകളിൽ ഇത്തരത്തിലുള്ള കുടിവെള്ള യൂണിറ്റുകൾ കുടുംബശ്രീക്ക് കീഴിൽ നടത്തിവരുന്നുണ്ട്. സിപിഎം ഭരിക്കുന്ന പയ്യനൂർ നഗരസഭയിലെ കുടുംബശ്രീയുടെ യൂണിറ്റ് നഗരസഭാ ഓഫീസിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. പയ്യന്നൂരിലും മറ്റിടങ്ങളിലും ഇല്ലാത്ത നിബന്ധനകളും മാനദണ്ഡങ്ങളുമാണ് ഭക്ഷ്യ സുരക്ഷ അധികൃതർ കാസർകോട് നടപ്പിലാക്കുന്നതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കുന്നതിനായി കാസർകോട് നഗരസഭ അംഗീകരിച്ച പദ്ധതി അതേ വർഷം ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച് സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മുഖേനയാണ് നടപ്പിലാക്കിയത്. 2015 വർഷത്തിൽ തന്നെ യൂണിറ്റ് പ്രവർത്തിപ്പിക്കാനാവശ്യമായ ലൈസൻസിനും അനുമതിക്കും അപേക്ഷ നൽകിയിരുന്നതാണ്. അപേക്ഷ നിരസിച്ചതായോ, മറ്റോ യാതൊരു അറിയിപ്പുകളും ഭക്ഷ്യ സുരക്ഷ അധികൃതരുടെ ഭാഗത്ത് നിന്നും പിന്നീട് ഉണ്ടായിട്ടില്ല.
ഒൻപത് വർഷം നല്ല നിലയിൽ പ്രവർത്തിക്കുകയും സംസ്ഥാനത്തെ ഇത്തരത്തിലുള്ള മറ്റ് യൂണിറ്റുകളെ പോലെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്ത കാസർകോട് യൂണിറ്റിനോട് മാത്രം ഭക്ഷ്യ സുരക്ഷ അധികൃതർ കാണിക്കുന്ന വിവേചനം സംശയാസ്പദമാണ്. കഴിഞ്ഞ ദിവസം കാസർകോട് യൂണിറ്റിനെതിരെ ഒരു മാധ്യമത്തിൽ വന്ന വാർത്തകളിലെ അതേ വാചകങ്ങൾ തന്നെയാണ് കൂടിക്കാഴ്ചയ്‌ക്കെത്തിയ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരോടും ഭക്ഷ്യ സുരക്ഷ അധികൃതർ പറഞ്ഞത്.
സ്വകാര്യ കുടിവെള്ളക്കമ്പനികൾ 20 ലിറ്ററിൻ്റെ ബോട്ടിൽ 70 രൂപക്ക് നൽകുമ്പോൾ കുടുംബശ്രീ യൂണിറ്റ് വെറും 40 രൂപക്കാണ് വെള്ളം വിതരണം ചെയ്യുന്നത്. ഇതിൽ നിന്ന് 10 രൂപ വീതം ഓരോ ബോട്ടിലിനും സി.പി.എം നേതാവ് കെ.സി റോസക്കുട്ടി ചെയർപേഴ്സണായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് നൽകേണ്ടതുണ്ട്. 15 ദിവസം കൂടുമ്പോൾ വാട്ടർ അതോറിറ്റിയുടെ ലബോറട്ടറിയിൽ പരിശോധിച്ച് വെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. സർക്കാരിൻ്റെ നിബന്ധനകളോ നിയമങ്ങളോ മാറിയിട്ടുണ്ടെങ്കിൽ യഥാസമയം നഗരസഭയെയും സ്ഥാപനത്തേയും അറിയിക്കേണ്ട ഉത്തരവാദിത്തം ഫുഡ് സേഫ്റ്റി അധികൃതർക്കാണ്.
യൂണിറ്റ് അടച്ച് പൂട്ടാൻ ഭക്ഷ്യ സുരക്ഷ അധികൃതർ നോട്ടീസ് നൽകുന്നതിന് മുന്നേ അക്കാര്യം ഒരു മാധ്യമത്തിൽ വാർത്തയായി വന്നതും നോട്ടീസ് നൽകിയ ഉടൻ തന്നെ ഒരു സ്വകാര്യ കുടിവെള്ള സ്ഥാപനത്തിൻ്റെ പ്രതിനിധികൾ സ്ഥാപനത്തിലെത്തി നിങ്ങൾക്ക് നോട്ടീസ് ലഭിച്ചില്ലേ എന്നും ഇനി ഞങ്ങളുടെ ഉല്പന്നം വിതരണം ചെയ്ത് കൂടെ എന്നും ചോദിച്ചതും യാദൃശ്ചികമല്ല. സ്വകാര്യ കുടിവെള്ള മാഫിയകളുടെ കണ്ണിലെ കരടായ കുടുംബശ്രീ സ്ഥാപനത്തെ ഇല്ലാതാക്കാൻ സി.പി.എമ്മിൻ്റെ ആശീർവാദത്തോടെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പ്യുവർ വാട്ടർ യൂണിറ്റ് അടച്ച് പൂട്ടാനുള്ള അധികൃതരുടെ തീരുമാനമെന്ന് വ്യക്തം.
സ്ത്രീ ശാക്തീകരണത്തിനായി ഒരു വശത്ത് വാതോരാതെ സംസാരിക്കുകയും മറുവശത്ത് സ്വകാര്യ കുടിവെള്ള മാഫിയക്ക് വേണ്ടി ഒരു സ്ഥാപനത്തെ പൂട്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തൊഴിലാളികൾ തിരിച്ചറിഞ്ഞതിൻ്റെ തെളിവാണ് കഴിഞ്ഞ ദിവസം എസ്.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ സമരത്തിലെ വനിതാ പങ്കാളിത്തമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. കുടുംബശ്രീ സ്ഥാപനം അടച്ച് പൂട്ടി പാവങ്ങളായ വനിതകളെ വഴിയാധാരമാക്കിയ ഫുഡ് സേഫ്റ്റി അധികൃതരുടെ തീരുമാനത്തിനെതിരെ നടത്തുന്ന തുടർ സമരത്തിൻ്റെ ഭാഗമായി വനിതകളുടെ നേതൃത്വത്തിൽ ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികളാണ് എസ്.ടി.യു മേഖലാ കമ്മിറ്റി ആവിഷ്കരിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ വാർത്താകുറിപ്പിൽ വ്യക്തമാക്കി.