city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ മദ്യത്തിനെതിരെ പഞ്ചായത്ത്തലത്തില്‍ നടപടി ശക്തമാക്കും

വ്യാജ മദ്യത്തിനെതിരെ പഞ്ചായത്ത്തലത്തില്‍ നടപടി ശക്തമാക്കും
കാസര്‍കോട്: വ്യാജമദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്‍പ്പനക്കെതിരെ ഗ്രാമപഞ്ചായത്ത് തലത്തില്‍ ജനകീയ കമ്മിറ്റികളുടെ സഹകരണത്തോടെ നടപടി ശക്തമാക്കാന്‍ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് തലത്തില്‍ ജനകീയ സമിതികള്‍ സജീവമാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം ഉറപ്പ് വരുത്തും. മദ്യത്തിനും മയക്കു മരുന്നിനും എതിരെ സ്കൂള്‍ കോളേജ് തലത്തില്‍ ബോധവല്‍ക്കരണ പരിപാടി വ്യാപകമാക്കും. വിദ്യാര്‍ത്ഥികളും, യുവാക്കളും മദ്യപാനികളാവുന്നത് തടയാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കും. ഗ്രാമസഭകളിലും വ്യാജമദ്യത്തിനെതിരെ ചര്‍ച്ച ചെയ്തു നടപടികള്‍ സ്വീകരിക്കും.

ബേഡഡുക്ക പഞ്ചായത്തില്‍ വ്യാജചാരായം ഉല്‍പ്പാദിപ്പിക്കുന്ന ഒരു കോളനിയില്‍ എക്സൈസ് വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. വിധവകള്‍ ഉള്‍പ്പെടെ ഒരു കൂട്ടം സ്ത്രീകള്‍ ഈ കോളനിയില്‍ ചാരായ ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ബെള്ളൂര്‍ പഞ്ചായത്തില്‍ കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവന്ന് ചാരായം വില്‍പ്പന നടത്തുന്നതായും ഈ പഞ്ചായത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ സ്ഥിരമായി പോയി മദ്യപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായും യോഗത്തില്‍ പരാതിയുണ്ടായി. ഇവിടെ വ്യാപകമായി റെയ്ഡ് നടത്തണമെന്നും നിര്‍ദ്ദേശമുണ്ടായി. വെള്ളരിക്കുണ്ടിലും, മഞ്ചേശ്വരത്തും പുതിയ എക്സൈസ് റേഞ്ച് ഓഫീസുകള്‍ എത്രയും പെട്ടെന്ന് തുറക്കണമെന്ന് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ഒരു മാസത്തില്‍ എക്സൈസ് വകുപ്പ് ജില്ലയില്‍ 302 റെയ്ഡുകള്‍ നടത്തി. 37 കേസുകള്‍ രജിസ്റര്‍ ചെയ്തു. 30 പേരെ പ്രതികളാക്കി. 26 പേരെ അറസ്റ് ചെയ്തു. 202 ലിറ്റര്‍ വിദേശമദ്യം, 68 ലിറ്റര്‍ ചാരായം, 301 ലിറ്റര്‍ വാഷ്, 15.6 ലിറ്റര്‍ ബിയര്‍ എന്നിവ പിടികൂടി. മൂന്ന് വാഹനങ്ങള്‍ കസ്റഡിയിലെടുത്തു. 378 കള്ളുഷാപ്പുകള്‍ പരിശോധിച്ചു. 21 കള്ള് സാമ്പിളുകള്‍ രാസപരിശോധനക്കയച്ചു. 51 വിദേശ മദ്യഷാപ്പുകള്‍ പരിശോധിക്കുകയും 14 സാമ്പിളുകള്‍ രാസപരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. 2500 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. വിഷു ആഘോഷ വേളയില്‍ വ്യാജമദ്യം വിതരണം ചെയ്യുന്നതിനെതിരെ ശക്തമായ റെയ്ഡുകള്‍ നടത്തി. അതിര്‍ത്തി പ്രദേശങ്ങളിലും വ്യാജമദ്യത്തിന് കുപ്രസിദ്ധികേട്ട സ്ഥലങ്ങളിലും റെയ്ഡുകള്‍ ശക്തമാക്കുകയും രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കുകയും ചെയ്തു. ബന്തടുക്ക റെയിഞ്ചിലെ പടുപ്പ്, ബേത്തൂര്‍പാറ, ആനക്കല്‍, ബേഡകം പനക്കുളം ഭാഗങ്ങളിലും ബദിയഡുക്ക റെയ്ഞ്ചിലെ പെരിയഡുക്ക, കോളിയടുക്കം, മുളിയാര്‍, ഇരിയണ്ണി, ബോവിക്കാനം ഭാഗങ്ങളില്‍ റെയ്ഡുകള്‍ നടത്തി.

യോഗത്തില്‍ എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, പി.ബി.അബ്ദുള്‍ റസാഖ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.കെ.കുശല, നജ്മ ഖാദര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ജനപ്രതിനിധികളുമായ പി.ജി.ദേവ്, കെ.വി.ദാമോദരന്‍, സി.രാജന്‍, പി.വി.ഷീജ, പി.ലക്ഷ്മി, എന്‍.സുലോചന, ഇ.അബ്ദുള്‍ റഹിമാന്‍ കുഞ്ഞി, ഡി.വൈ.എസ്.പി കെ.വി.രഘുരാമന്‍, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.സി.തോമസ് സ്വാഗതം പറഞ്ഞു.

Keywords:  Liquor, Panchayath, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia