Street Dogs | സർക്കാരിന്റെ അദാലത്തിൽ പരാതി നൽകിയിട്ടും രക്ഷയില്ല; തെരുവ് നായ്ക്കളുടെ വിളയാട്ടം നാടുനീളെ

● നായ്ക്കൂട്ടങ്ങളെ ഏറ്റവും ഭയപ്പെടുന്നത് അതിരാവിലെ മദ്രസയിലേക്കും, സ്കൂളിലേക്കും പോകുന്ന കുട്ടികളാണ്.
● വന്ധ്യവൽക്കരണവും, പ്രതിരോധ കുത്തിവെപ്പുമൊന്നും പരിഹാരമാർഗമല്ലെന്ന് നാട്ടുകാർ പറയുന്നു.
● റോഡിൽ തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കൂട്ടങ്ങൾ ഇരുചക്രവാഹനക്കാർക്ക് ഏറെ ഭീഷണിയാവുന്നുണ്ട്.
● ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നായ്ക്കൂട്ടങ്ങളുടെ പരാക്രമം കൂടിവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കാസർകോട്: (KasargodVartha) നാടും നഗരവും കയ്യടക്കി തെരുവ് നായ്ക്കൂട്ടങ്ങൾ. നടപടിയെടുക്കാൻ മടിച്ച് അധികൃതർ. സർക്കാർ സ്ഥാപനങ്ങളിലടക്കം നായശല്യം രൂക്ഷമായതോടെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അദാലത്തിൽ പോലും പരാതി എത്തിയിട്ടും അധികൃതർക്ക് കുലുക്കമില്ല.
ദിവസം കൂടുന്തോറും പെറ്റു പെരുകി നാട് മുഴുവൻ തെരുവ് നായ്ക്കളുടെ പിടിയിലമരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഓരോ സ്ഥലത്തും പത്തും അതിൽ അധികവുമാണ് നായ്ക്കൂട്ടങ്ങളുടെ വിളയാട്ടം. പിടിച്ചുകെട്ടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംവിധാനമില്ല. എബിസി കേന്ദ്രങ്ങൾ ജില്ലയിൽ എവിടെയും പ്രാബല്യത്തിൽ വന്നതുമില്ല. ഈ വിഷയത്തിൽ കോടതി നിർദ്ദേശിച്ച കാര്യങ്ങളൊക്കെ വെറുതെയായി.
നായ്ക്കൂട്ടങ്ങളെ ഏറ്റവും ഭയപ്പെടുന്നത് അതിരാവിലെ മദ്രസയിലേക്കും, സ്കൂളിലേക്കും പോകുന്ന കുട്ടികളാണ്. എല്ലാ സ്ഥലങ്ങളിലും തമ്പടിക്കുന്ന നായ്ക്കൂട്ടങ്ങൾ ജനങ്ങൾക്ക് മൊത്തത്തിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വന്ധ്യവൽക്കരണവും, പ്രതിരോധ കുത്തിവെപ്പുമൊന്നും പരിഹാരമാർഗമല്ലെന്ന് നാട്ടുകാർ പറയുന്നു. എന്തെങ്കിലും ചെയ്തുവെന്ന് ഒരുത്തി തീർക്കാനുള്ള നടപടി മാത്രമാണിതെന്നും ആക്ഷേപമുണ്ട്. ആത്മാർത്ഥമായ ശ്രമമെന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും ചേർന്ന് നായ്ക്കൾക്ക് അഭയകേന്ദ്രം ഒരുക്കുകയാണ് വേണ്ടതെന്നും നാട്ടുകാർ പറയുന്നു.
റോഡിൽ തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കൂട്ടങ്ങൾ ഇരുചക്രവാഹനക്കാർക്ക് ഏറെ ഭീഷണിയാവുന്നുണ്ട്. ഇരുചക്രവാഹനക്കാരെ നായ്ക്കൂട്ടങ്ങൾ വളഞ്ഞ് ആക്രമിക്കുകയാണ്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഗുരുതരമായ പരിക്കുകളാണ് യാത്രക്കാർക്ക് ഏൽക്കുന്നത്. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന് കോടതി പറഞ്ഞിട്ടും അതിനും നടപടി സ്വീകരിക്കാൻ അധികൃതക്കാവുന്നില്ല. ഈയടുത്തിടെയാണ് ഒരു വയോധികയെ നായ്ക്കൂട്ടങ്ങൾ വളഞ്ഞിട്ട് കടിച്ച് കൊന്നുകളഞ്ഞത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നായ്ക്കൂട്ടങ്ങളുടെ പരാക്രമം കൂടിവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു. മഞ്ചേശ്വരം, കുമ്പള, മൊഗ്രാൽ, കാസർകോട്, കാഞ്ഞങ്ങാട് ടൗൺ എന്നിവിടങ്ങളിലൊക്കെ നായ്ക്കളുടെ പരാക്രമമുണ്ട്. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണവും ജില്ലയിൽ കൂടി വരികയാണ്. ജില്ലയിൽ ഇതിനുവേണ്ട ചികിത്സാരംഗത്തെ അഭാവവും നായ കടിയേൽക്കുന്നവർക്ക് ദുരിതമാകുന്നുമുണ്ട്.
#StreetDogs, #Kasaragod, #DogMenace, #AnimalControl, #StreetDogAttacks, #KasaragodNews