Street dogs | കാസർകോട് ജനറൽ ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം; സുരക്ഷാ ജീവനക്കാരനും സി ടി സ്‌കാൻ ടെക്നീഷ്യനും ജീവനക്കാരിക്കും കടിയേറ്റു
● ആശുപത്രി വളപ്പിൽ പത്തിലധികം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.
● ഒരാളെ കടിക്കാൻ ശ്രമിക്കുന്നത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കടിയേറ്റത്.
● മറ്റുള്ളവർക്ക് നേരെയും പാഞ്ഞടുത്തുവെങ്കിലും കല്ലെറിഞ്ഞും വടി കൊണ്ട് വീശിയും ഓടി ക്കുകയായിരുന്നു.
കാസർകോട്: (KasargodVartha) ജനറൽ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനും സിടി സ്‌കാൻ ടെക്നീഷ്യനും ജീവനക്കാരിക്കും തെരുവ് നായയുടെ കടിയേറ്റു. പരുക്കേറ്റ ഇവരെ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ജീവനക്കാരൻ ദേവരാജൻ, സി ടി സ്‌കാൻ ടെക്നീഷ്യൻ സെല്ലി, ജീവനക്കാരി പുഷ്പ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ആശുപത്രി വളപ്പിൽ പത്തിലധികം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. ഇവരെ കടിച്ച പട്ടി ആരെയും ആശുപത്രിയിലേക്ക് വരാൻ സമ്മതിക്കാതെ കുരച്ച് ചാടി ഓടിക്കുകയായിരുന്നു. ഒരാളെ കടിക്കാൻ ശ്രമിക്കുന്നത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കടിയേറ്റത്. പിന്നാലെ ടെക്നീഷ്യനും ജീവനക്കാരിക്കും കടിയേൽക്കുകയായിരുന്നു.
മറ്റുള്ളവർക്ക് നേരെയും പാഞ്ഞടുത്തുവെങ്കിലും കല്ലെറിഞ്ഞും വടി കൊണ്ട് വീശിയും ഓടി ക്കുകയായിരുന്നു. കടിച്ച പട്ടിക്ക് പേ ഇളകിയിട്ടുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. കാസർകോട് നഗരത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം പെറ്റുപെരുകിയിട്ടുണ്ട്. പഴയ ബസ് സ്റ്റാൻഡ് - പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും, കെ എസ് ആർ ടി സി, റെയിൽവെ സ്‌റ്റേഷൻ പരിസരങ്ങളിലുമെല്ലാം പട്ടികൾ താവളമാക്കിയിട്ടുണ്ട്.
ജനറൽ ആശുപത്രി വളപ്പിൽ തെരുവ് നായകളുടെ സാന്നിധ്യം രോഗികൾക്കും ബന്ധുക്കൾക്കും അടക്കം എല്ലാവർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചികിത്സയ്ക്കായി എത്തുന്നവർക്ക് മാനസികമായ സമ്മർദവും ഭയവും ഉണ്ടാക്കുന്ന ഈ സാഹചര്യം ആശുപത്രിയുടെ ശാന്തമായ അന്തരീക്ഷത്തെ ബാധിക്കുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി, തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുകയും പൊതുസ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ശ്രദ്ധ നൽകണമെന്നുമാണ് ഉയരുന്ന ആവശ്യം.
#StreetDogs #Kasaragod #PublicSafety #HospitalSafety #DogBite #KasaragodNews