city-gold-ad-for-blogger

പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം: സുപ്രീംകോടതിയുടെ കർശന ഉത്തരവിൽ ജനങ്ങൾക്ക് പ്രതീക്ഷ

Stray dog menace in a Kerala street
Photo: Special Arrangement

● നായ്ക്കളെ പിടിക്കുന്നത് തടസ്സപ്പെടുത്തിയാൽ കർശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
● ഡൽഹിയിൽ ആറു വയസ്സായ കുട്ടി തെരുവുനായ ആക്രമണത്തിൽ മരിച്ച സംഭവം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
● സുപ്രീംകോടതി ഉത്തരവിനോടുള്ള മന്ത്രി എം ബി രാജേഷിന്റെ പ്രതികരണത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം.
● കാസർകോട് ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമാണ്.
● കോടതിയുടെ കർശന നടപടിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നു.

ന്യൂഡൽഹി/കാസർകോട്: (KasargodVartha) രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വർഷങ്ങളായി തുടരുന്ന തെരുവുനായ ശല്യത്തിൽ നിന്നും ആക്രമണത്തിൽ നിന്നും ജനങ്ങൾക്ക് രക്ഷ ലഭിക്കുമോ? ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാനവും കർശനവുമായ ഉത്തരവിൽ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുകയാണ്. 

വിധിയെ ഒട്ടാകെ ജനങ്ങൾ സ്വാഗതം ചെയ്തപ്പോൾ സംസ്ഥാന മന്ത്രി എം ബി രാജേഷിന്റെ പ്രതികരണത്തിൽ പരക്കെ പ്രതിഷേധവും അലയടിച്ചു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായത്.

പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ നിന്നെല്ലാം അടിയന്തിരമായി തെരുവുനായ്ക്കളെ നീക്കുന്നുവെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 

തെരുവുനായ്ക്കളെ പിടിക്കുന്നവർക്ക് ഏതെങ്കിലും വ്യക്തിയോ സംഘടനയോ തടസ്സം സൃഷ്ടിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് മൃഗസ്‌നേഹികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

ഡൽഹിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറു വയസ്സായ കുട്ടി മരിച്ചതടക്കം കണക്കിലെടുത്ത് സ്വമേധയാ പരിഗണിച്ച കേസിലാണ് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. നേരത്തെ പലതവണ പുറപ്പെടുവിച്ച കോടതി നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ വേണ്ടത്ര പരിഗണിക്കാതിരുന്നതിനാലാണ് കർശനമായ ഉത്തരവുമായി സുപ്രീംകോടതി രംഗത്തുവന്നത്. ഇനി ഈ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ തെരുവുനായ ആക്രമണം ഉണ്ടായാൽ ചീഫ് സെക്രട്ടറിമാർ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടതായി വരും.

കോടതിയുടെ ഇടക്കാല ഉത്തരവ് അനുഭാവപൂർവം പരിഗണിക്കുന്നതിനു പകരം 'തെരുവുനായ്ക്കളെ മുഴുവൻ മാറ്റുക എന്നത് പ്രായോഗികമല്ലെ'ന്ന് സുപ്രീംകോടതിയിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകിയതാണ് മന്ത്രി എം ബി രാജേഷിന്റെ പ്രസ്താവനയിൽ വലിയ പ്രതിഷേധം ഉയരാൻ കാരണം. മന്ത്രി മനുഷ്യരെക്കാൾ വില നായകൾക്ക് നൽകുന്നുവെന്നാണ് ജനങ്ങളുടെ പ്രതികരണം.

നേരത്തെ രാജസ്ഥാൻ അടക്കം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ തെരുവുനായ വിഷയം പരിഗണിച്ചപ്പോൾ കർശന നടപടികൾ സ്വീകരിക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. തെരുവുനായ ആക്രമണങ്ങൾ തുടരുമ്പോഴും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വിഷയത്തിൽ സുപ്രീംകോടതി കർശനമായ ഉത്തരവുമായി രംഗത്തുവന്നത്.

കാസർകോട് ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമാണ്. ഉദുമയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ജനറൽ ആശുപത്രി, പോലീസ് സ്റ്റേഷനുകൾ, ത്രിതല പഞ്ചായത്ത് ഓഫീസുകൾ എന്നീ പൊതുവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. 

ജനങ്ങൾ പേടിച്ച് വിറച്ചാണ് ഇത്തരം സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകുന്നത്. നായ ശല്യം ഒഴിവാക്കാൻ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. സുപ്രീംകോടതിയുടെ ഉത്തരവിലെങ്കിലും കർശന നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ കർശനമായ ഉത്തരവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യുക. 

Article Summary: SC orders stray dogs to be moved to shelter homes from public places; Minister MB Rajesh's remark causes public uproar.

#SupremeCourt #StrayDogs #MBRajesh #KeralaNews #PublicSafety #StrayDogMenace

News Categories: Main, News, Top-Headline, Law-and-Justice, Kerala-News, Local-News

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia