Crisis | വന്ധ്യംകരണം നിലച്ചതോടെ തെരുവ് നായ്ക്കള്‍ പെറ്റുപെരുകി ഇരട്ടിയായി; തദ്ദേശ സ്ഥാപനങ്ങള്‍ തുക നീക്കിവെക്കാത്തത് പ്രധാന പ്രശ്‌നം; എബിസിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ അധികൃതർ
പുതിയ നിയമഭേദഗതികൾ കാരണമാണ് എബിസിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിയതെന്ന് പരാതിയുണ്ട്. മുൻപ്, കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു എബിസി പദ്ധതി നടപ്പാക്കാനുള്ള ചുമതല
കാസര്‍കോട്: (KasargodVartha) രണ്ട് വർഷമായി വന്ധ്യംകരണം നിലച്ചതോടെ തെരുവ് നായ്ക്കള്‍ പെറ്റുപെരുകി ഇരട്ടിയായിയെന്ന് ആക്ഷേപം. തദ്ദേശ സ്ഥാപനങ്ങള്‍ തുക നീക്കിവെക്കാത്തതാണ് പ്രധാന പ്രശ്‌നമായി മാറിയിട്ടുള്ളതെന്നാണ് വിമർശനം. പട്ടിയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടെ പട്ടികളുടെ വന്ധ്യംകരണത്തിന് അനിമല്‍ ബര്‍ത് കണ്‍ട്രോളിന്റെ (എബിസി) പ്രവര്‍ത്തനം ഉര്‍ജിതമാക്കാന്‍ മൃഗസംരക്ഷണവകുപ്പ് നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.
ജില്ലയിലെ പല പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രത്യേകിച്ച് ഗ്രാമങ്ങളിലും പട്ടണങ്ങളിലും തെരുവ് നായ്ക്കൾ സംഘമായി ഇറങ്ങി നടക്കുന്നത് പ്രദേശവാസികൾക്ക് ഭീതി സൃഷ്ടിക്കുന്നു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ സാന്നിധ്യം സർവസാധാരണമായി മാറിയിരിക്കുന്നു.
സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവരാണ് നായ്ക്കളുടെ ആക്രമണത്തിന് കൂടുതലും ഇരയാകുന്നത്. സ്കൂളിലേക്ക് പോകുന്ന കുട്ടികളും, വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സ്ത്രീകളും തെരുവ് നായ്ക്കളുടെ ഭീതിയിൽ കഴിയുന്നു. ഇത് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളിലും തെരുവ് നായ്ക്കൾ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത് കാണാം. ഇവ കടിക്കുന്നതും വഴിയിൽ മലമൂത്രം വിസർജിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. കൂടാതെ, പലപ്പോഴും വാഹന ഗതാഗതത്തെയും തടസപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ട് വർഷമായി എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചത് കാരണം ഈ വര്‍ഷങ്ങളില്‍ വന്ധ്യംകരണം നടക്കാത്തത് കൊണ്ട് ജില്ലയില്‍ തെരുവുനായ്ക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു. കൂടാതെ, അറവുശാലകളിൽ നിന്നും ഭക്ഷണശാലകളിൽ നിന്നും മറ്റ് ചടങ്ങുകളില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ എളുപ്പത്തിൽ ലഭ്യമായതും മാലിന്യങ്ങൾ തെരുവുകളിലേക്ക് വലിച്ചെറിയുന്ന പ്രവണതകളും തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
പുതിയ നിയമഭേദഗതികൾ കാരണമാണ് എബിസിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിയതെന്ന് പരാതിയുണ്ട്. മുൻപ്, കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു എബിസി പദ്ധതി നടപ്പാക്കാനുള്ള ചുമതല. എന്നാൽ, പുതിയ നിയമങ്ങൾ പ്രകാരം, ആവശ്യമായ പരിശീലനം ലഭിക്കാത്തതിനാൽ കുടുംബശ്രീ പ്രവർത്തകർക്ക് ഈ ജോലി തുടരാൻ കഴിയാതായി. കാസര്‍കോട്ട് രണ്ട് എബിസി സെന്ററുകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലായിരുന്നുവെന്നും കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി കെ മനോജ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തൃക്കരിപ്പൂരിലാണ് മറ്റൊരു എബിസി കേന്ദ്രം ഉണ്ടായിരുന്നത്.
ആവശ്യമായ സൗകര്യങ്ങളുടെ അഭാവത്തിലാണ് തെരുവ് നായ് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടിയുമായി ജില്ലാ പഞ്ചായത് രംഗത്തുവന്നത്. 1.65 കോടി രൂപ ചിലവിൽ സമ്പൂർണ സൗകര്യങ്ങളോടുകൂടിയ ഒരു എബിസി സെന്റർ മുളിയാറിൽ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സർകാരിന്റെ നൂറ് ദിന പദ്ധതിയുടെ ഭാഗമായി, ഒക്ടോബർ മാസത്തോടെ ഈ സെന്റർ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരേകർ സ്ഥലത്ത് സ്ഥാപിക്കുന്ന ഈ സെന്ററിൽ നായ്ക്കളുടെ വന്ധ്യംകരണം, ചികിത്സ എന്നീ പ്രവർത്തനങ്ങൾ സുഗമമായി നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും.
കഴിഞ്ഞ രണ്ട് വര്‍ഷമായി കാസര്‍കോട്ട് തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാത്തത് ഇരട്ടി ഭീഷണിയാണ്. നായ്ക്കളുടെ കൂട്ടത്തില്‍ തന്നെ പേ ബാധിച്ചവയുള്ളതിനാല്‍ കൂടുതല്‍ എളുപ്പത്തില്‍ രോഗം പടരാന്‍ ഇത് ഇടയാക്കുന്നു. ഇതിനോടൊപ്പം, വനാതിർത്തിയിലെ ഗ്രാമങ്ങളിൽ നായ്ക്കളും വന്യമൃഗങ്ങളും തമ്മിലുള്ള സമ്പർക്കം വർധിച്ചതും വലിയ ആശങ്കയാണ്. വന്യമൃഗങ്ങൾ പലപ്പോഴും റാബിസ് രോഗവാഹകരാണ്, ഇത് നായ്ക്കളിൽ രോഗം പകരാൻ കാരണമാകും. എബിസി കേന്ദ്രങ്ങൾ നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാൻ സഹായിക്കുന്നെങ്കിലും, നായ്ക്കളുടെ ആക്രമണങ്ങളോ മറ്റ് പെരുമാറ്റ പ്രശ്‌നങ്ങളോ പരിഹരിക്കാൻ ഇവയ്ക്ക് കഴിയില്ല എന്നതാണ് വലിയ വെല്ലുവിളി.
കഴിഞ്ഞ സെന്‍സസ് പ്രകാരം 8,000 തെരുവ് നായ്ക്കള്‍ കാസര്‍കോട് ജില്ലയില്‍ ഉണ്ടായിരുന്നു. പുതിയ സെന്‍സസില്‍ 20,000 ത്തോളം തെരുവ് നായ്ക്കള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു. എല്ലാ പഞ്ചായതുകളും വന്ധ്യംകരണത്തിനുള്ള പണം നീക്കിവെച്ചാല്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കാനാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതത് പ്രദേശങ്ങളിലെ തെരുവ് നായ്ക്കളുടെ പൂര്‍ണ ഉത്തരവാദിത്തം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
തെരുവ് നായ്ക്കളുടെ പിടുത്തം, വന്ധ്യംകരണം, പുനരധിവാസം എന്നീ പ്രവർത്തനങ്ങൾക്ക് വിദഗ്ധരെ നിയമിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ ആലോചിക്കുന്നതായി കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സുപ്രീം കോടതി നിർദേശിച്ച സൗകര്യങ്ങൾ ഒരുക്കാതെ എബിസി പദ്ധതി ആരംഭിക്കാന്‍ കഴിയില്ല. പദ്ധതിക്കാവശ്യമായ തുക അനുവദിക്കുന്ന കാര്യവും, തെരുവ് നായ്ക്കളെ വളര്‍ത്തുന്നതിനുള്ള കൂടുകളുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. രണ്ട് മാസത്തിനുള്ളില്‍ മുളിയാറില്‍ എബിസിയുടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ പഞ്ചായത് പ്രസിഡണ്ട് അറിയിച്ചു.
അതേസമയം, പട്ടിപിടുത്തം നല്ല വരുമാനമുള്ള ജോലിയാണെന്നും ഇതില്‍ വൈദഗ്ധ്യം നേടിയാല്‍ ഒരുമാസം തന്നെ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നും മൃഗസംരക്ഷ ഓഫീസര്‍ പറയുന്നു. വന്ധ്യംകരണത്തിനും വാക്‌സിൻ കുത്തിവെയ്പ്പിനുമായി ഒരു പട്ടിയെ പിടിച്ച് എത്തിച്ചാല്‍ 500 രൂപവരെയാണ് നല്‍കുന്നത്. ഇത്തരത്തില്‍ ഒരു മാസത്തില്‍ നല്ലൊരു തുക തന്നെ സമ്പാദിക്കാമെന്നാണ് പറയുന്നത്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും, പൊതുസ്ഥലങ്ങളെ ശുചിയായി സൂക്ഷിക്കുന്നതിനും പുതിയ പദ്ധതികൾ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ജനം.