Crisis | നടപടി മുന്നറിയിപ്പിലൊതുങ്ങി; കാസർകോട് നഗരത്തില്‍ കന്നുകാലികള്‍ വിലസുന്നു; പുതിയ ബസ് സ്റ്റാൻഡ് താവളമാക്കി; ഇടപെടുമെന്ന് നഗരസഭ ചെയർമാൻ
ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ കന്നുകാലികൾ വൃത്തിഹീനമാക്കുന്നു.
കാസർകോട്: (KasargodVartha) നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ സൃഷ്ടിക്കുന്ന പ്രശ്നം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. നഗരസഭ അധികൃതർ കഴിഞ്ഞ മാസം കന്നുകാലി ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, കർശന നടപടികളുടെ അഭാവം കാരണം ദുരിതം അനുഭവിക്കുന്നത് പൊതുജനങ്ങളാണ്.
നഗരത്തിലെ പ്രധാന റോഡുകളിലും, പുതിയ ബസ് സ്റ്റാൻഡ് പോലുള്ള പൊതുസ്ഥലങ്ങളിലും കൂട്ടത്തോടെ അലയുന്ന കന്നുകാലികൾ യാത്രക്കാർക്ക് വലിയ ശല്യമായി മാറിയിരിക്കുന്നു. ബസ് സ്റ്റാൻഡിൽ തമ്പടിക്കുന്ന കന്നുകാലികൾ ചാണകം കൊണ്ട് പരിസരം വൃത്തിഹീനമാക്കുകയും, അതുവഴി രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെ പെയിന്റ് അടിച്ചും മറ്റും മാറ്റങ്ങൾ വരുത്തിയ പുതിയ ബസ് സ്റ്റാൻഡിന്റെ സൗന്ദര്യം കളയാൻ ഇവ കാരണമായിട്ടുണ്ട്.
നല്ല വലുപ്പവും ആരോഗ്യവുമുള്ളവയുമാണ് നഗരത്തിൽ അലയുന്ന കന്നുകാലികൾ. നഗരത്തിലെത്തുന്നവർക്ക് ഇവ ഭയം ഉളവാക്കുന്ന സാഹചര്യമാണ്. കന്നുകാലികൾ അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിക്കയറുന്നത് ഗതാഗതക്കുരുക്കുകൾക്ക് കാരണമാകുകയും അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ചില കന്നുകാലികൾ ആക്രമണോത്സുക സ്വഭാവം പ്രകടിപ്പിക്കുന്നതും യാത്രക്കാർക്ക് ഭീതിയുളവാക്കുന്നു.
കന്നുകാലികളെ അഴിച്ചുവിടുന്ന ഉടമകളിൽ നിന്ന് പിഴ ഈടാക്കുകയും, കന്നുകാലികളെ ലേലം ചെയ്യുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നഗരസഭ നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഈ നടപടികൾ ഫലപ്രദമായി നടപ്പിലാക്കാനായിട്ടില്ല. അതേസമയം അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ ശക്തമായി ഇടപെടുമെന്ന് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു. എന്നാൽ, കന്നുകാലികളെ കൊണ്ടുപോയി കെട്ടാനുള്ള സൗകര്യം ഇപ്പോൾ നഗരസഭയ്ക്ക് ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അലഞ്ഞുതിരിയുന്ന പല കന്നുകാലികളുടെയും ചെവിയിൽ ഇൻഷുറൻസ് അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ടാഗ് ഉള്ളത് ഇവയ്ക്ക് ഉടമകളുണ്ടെന്നതിന് തെളിവാണിത്. അതിനാൽ, ഉടമകൾ തങ്ങളുടെ കന്നുകാലികളെ നിയന്ത്രിക്കുന്നതിൽ കൂടുതൽ ബോധവാനായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിച്ചുകെട്ടിയ കന്നുകാലികളെ എങ്ങനെ ലേലം ചെയ്യണമെന്നുള്ളതുൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭ വിശദമായി പരിശോധിക്കും. പുതിയ ബസ് സ്റ്റാൻഡിൽ നിരവധി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും, അടുത്ത കാലത്തുണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം ഉണ്ടായാലോ ആളുകളെ കന്നുകാലികൾ ആക്രമിച്ചാലോ ഉടമകൾ തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. വിവിധ കടകളിൽ നിന്നും മറ്റുമുള്ള അവശിഷ്‌ടങ്ങളാണ് ഇവയുടെ ഭക്ഷണം. പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനായി, അധികൃതർ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.