city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹമ്മദും കുമാരനും തുടരുന്ന 43 വര്‍ഷത്തെ സുഹൃദ് ബന്ധം കാസര്‍കോട്ടെ വിഭാഗീയ ചിന്തകര്‍ക്ക് ഉദാത്ത മാതൃക

സുബൈര്‍ പള്ളിക്കാല്‍

(www.kasargodvartha.com 21/09/2016) ഒരു ദിവസം പോലും കാണാതായാല്‍ 87 കാരനായ മുഹമ്മദിനും 80 കാരനായ കുമാരനും അന്ന് ഉറങ്ങാന്‍ കഴിയില്ല. എല്ലാ ദിവസവും പരസ്പരം കാണുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന ഇവരുടെ സ്‌നേഹം കാസര്‍കോട്ടുകാരായ പലര്‍ക്കും അറിയില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കുകയും ചോര ചീന്തുകയും ചെയ്യുന്നവര്‍ക്ക് മുഹമ്മദിന്റെയും കുമാരന്റെയും ജീവിതം ഉദാത്ത മാതൃകയാണ്.

ഒരമ്മ പെറ്റ മക്കളെ പോലെയാണ് ഇവര്‍ വളര്‍ന്നത്. 1959 കളില്‍ പുലിക്കുന്നിലെ പ്രൈമറി സ്‌കൂള്‍ പരിസരത്ത് മുഹമ്മദ് ഐസുമായി എത്തുമ്പോഴുണ്ടായ പരിചയമാണ് ഇപ്പോഴും ഇളക്കം തട്ടാതെ ഇവരുടെ സൗഹൃദ ബന്ധം തുടര്‍ന്നുപോകുന്നത്. കൂടല്‍ സ്വദേശിയാണ് മുഹമ്മദ്. തൊട്ടടുത്ത ഭഗവതി നഗര്‍ സ്വദേശിയാണ് കുമാരന്‍. മമ്മദ്ച്ച എന്നാണ് കാസര്‍കോട്ടുകാര്‍ക്കിടയില്‍ മുഹമ്മദിന്റെ വിളിപ്പേര്.

പച്ച വേഷമാണ് എല്ലാ ദിവസവും മുഹമ്മദ് ധരിക്കുന്നത്. എന്നാല്‍ ഉള്ളില്‍ നിറത്തിന്റെ പേരിലുള്ള ഒരു ചാപല്യവുമില്ല. മുഹമ്മദിന്റെ ഉപ്പയും കുമാരന്റെ അച്ചനും നല്ല സുഹൃത്തുക്കളായിരുന്നു. ഭഗവതി നഗറില്‍ കുമാറിന്റെ പിതാവിന് ഒരു കടയുണ്ടായിരുന്നു. ഇവരുടെ ചങ്ങായിത്തം തന്നെയാണ് മക്കള്‍ക്കും പകര്‍ന്നു കിട്ടിയത്. മുഹമ്മദിന് ഐസ് വില്‍പനയ്ക്കു പുറമെ പൂവ്, നെല്ലിക്ക വില്‍പനയും മറ്റു ചില ജോലികളും ഉണ്ടായിരുന്നു. കുമാരന്‍ പിന്നീട് ഫോര്‍ട്ട് റോഡില്‍ തട്ടുകട കൂടി തുടങ്ങിയതോടെ ഇവരുടെ സൗഹൃദം വലിയ രീതിയില്‍ വളരുകയായിരുന്നു. പള്ളിക്കാലിലെ ലീഗ് നേതാവ് കെ എം ഹസന്റെ വീട്ടിലാണ് മുഹമ്മദിന്റെ പിന്നീടുള്ള താമസം. എല്ലാ ദിവസവും കുമാരന്റെ കടയില്‍പോകുന്ന ശീലം അങ്ങനെയാണ് ഉണ്ടായത്. ഒരു ദിവസം പോലും തമ്മില്‍ കാണാതിരിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല.

എന്തെങ്കിലും കാരണത്താല്‍ പരസ്പരം കാണാതിരുന്നാല്‍ രണ്ടു പേരും അന്വേഷിച്ചുചെല്ലും. ഏതാനും ദിവസങ്ങളായി ശാരീരിക പ്രശ്‌നം മൂലം കുമാരനെ കാണാന്‍ കഴിയാതിരുന്ന മുഹമ്മദ് കഴിഞ്ഞ ദിവസം വീണ്ടും കുമാരന്റെ കടയിലെത്തിയപ്പോള്‍ അത് ഇവര്‍ തമ്മിലുള്ള കൂടിച്ചേരലിന്റെ ഗാഢമായ നിമിഷങ്ങളാണ് ഇവരെ പരിചയമുള്ളവര്‍ക്ക് സമ്മാനിച്ചത്. മതത്തിന്റെയും വിഭാഗീയതയുടെയും ചിന്തകള്‍ നാട്ടില്‍ വളരുമ്പോഴും ഇവരുടെ സൗഹൃദം കാസര്‍കോട്ടുകാര്‍ക്ക് ഒരു വഴികാട്ടിയായി ഇന്നും തുടരുന്നു.
മുഹമ്മദും കുമാരനും തുടരുന്ന 43 വര്‍ഷത്തെ സുഹൃദ് ബന്ധം കാസര്‍കോട്ടെ വിഭാഗീയ ചിന്തകര്‍ക്ക് ഉദാത്ത മാതൃക

Keywords:  Kasaragod, Kerala, Story, Friend, Mohammed, Kumaran, Friends, 43 years, Story about Mohammed and Kumaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia