city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാദങ്ങളില്‍ പതറാത്ത ചെര്‍ക്കളം; എല്ലാം നേരിട്ടത് വില്‍പവര്‍ ഒന്നു കൊണ്ടുമാത്രം

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 27.07.2018) രാഷ്ട്രീയ രംഗത്തെ ചെര്‍ക്കളത്തിന്റെ വളര്‍ച്ചയിലെല്ലാം തന്നെ വിവാദങ്ങളും വളര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓരോ വിവാദങ്ങളുണ്ടാകുമ്പോഴും അതിനെ നേരിടാനുള്ള കരുത്ത് ചെര്‍ക്കളമെന്ന രാഷ്ട്രീയ നേതാവ് സ്വയം ആര്‍ജിച്ചിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ മുസ്ലിം ലീഗിലെത്തിയ ചെര്‍ക്കളം അബ്ദുല്ല പാര്‍ട്ടിക്കുള്ളിലെയും അധികാര സ്ഥാനത്തേയും സമുദായ സ്ഥാനത്തേയും പദവികള്‍ ഒന്നൊന്നായി ചവിട്ടി കയറുമ്പോഴും അദ്ദേഹത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
വിവാദങ്ങളില്‍ പതറാത്ത ചെര്‍ക്കളം; എല്ലാം നേരിട്ടത് വില്‍പവര്‍ ഒന്നു കൊണ്ടുമാത്രം

കര്‍ക്കശക്കാരനായ രാഷ്ട്രീയ നേതാവായതു കൊണ്ടുമാത്രമാണ് ചെര്‍ക്കളത്തെ എന്നും വിവാദങ്ങള്‍ പിന്തുടര്‍ന്നത്. ആന്റണി മന്ത്രി സഭയില്‍ മന്ത്രിയായിരിക്കുമ്പോഴാണ് ചെര്‍ക്കളത്തെ പിടിച്ചുലച്ച നാല് വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഇതില്‍ ആദ്യത്തേത് പൊട്ടുതൊടല്‍ വിവാദമായിരുന്നു. ചെര്‍ക്കളം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദിത്യം സ്വീകരിച്ച് കേരളത്തിലെത്തിയ ശൃംഗേരി മഠാധിപതി ഭാരതി തീര്‍ത്ഥ സ്വാമികള്‍ കാസര്‍കോട്ടെത്തിയപ്പോള്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ച് അകല്‍പ്പാടി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ചിരുന്നു. അന്ന് അദ്ദേഹം പൊട്ടുതൊട്ട് ഇരിക്കുന്ന ചിത്രമാണ് പിറ്റേ ദിവസം മുഖ്യധാര പത്രങ്ങളില്‍ അച്ചടിച്ചുവന്നത്. പൊട്ടുതൊടല്‍ ഇസ്ലാം മത വിഭാഗക്കാരനായ ചെര്‍ക്കളത്തെ വലിയ വിവാദത്തിലാണ് കൊണ്ടെത്തിച്ചത്. എസ് കെ എസ് എസ് എഫ് നേതൃത്വം ഇതിനെതിരെ അതിശക്തമായി തന്നെ പ്രതികരണവുമായി രംഗത്തു വന്നു. സംസ്ഥാനതലത്തില്‍ തന്നെ ഇതിന്റെ അലയടികള്‍ ഉയരുകയും വലിയ രാഷ്ട്രീയ വിവാദമായി കത്തിപ്പടരുകയും ചെയ്തു.

പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ചെര്‍ക്കളത്തിന് ഇക്കാര്യത്തില്‍ പിന്തുണ ലഭിച്ചില്ല. പക്ഷേ ഇതിലൊന്നും പതറാതെ തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. താന്‍ പൊട്ടുതൊട്ടിട്ടില്ലെന്നും ശൃംഗേരി മഠാധിപതി തന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തുകയായിരുന്നുവെന്നും അതിഥിയായ ഒരാളെ ഇക്കാര്യത്തില്‍ തടയാന്‍ കഴിയാതിരുന്നത് മാത്രമാണ് തന്റെ വീഴ്ചയെന്ന നിലപാടില്‍ ചെര്‍ക്കളം ഉറച്ചുനില്‍ക്കുകയായിരുന്നു. ചെര്‍ക്കളത്തിന്റെ മന്ത്രിസ്ഥാനം പോലും ആടിയുലയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരുന്നു. വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ ചെര്‍ക്കളം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും ശിഹാബ് തങ്ങള്‍ക്ക് ഇത് ബോധ്യപ്പെടുകയും ചെയ്തു. പിന്നീട് വിവാദങ്ങള്‍ വേണ്ടെന്നും ചെര്‍ക്കളം തെറ്റുകാരനല്ലെന്നും ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതോടെ വിവാദം പിന്നീട് കെട്ടടങ്ങുകയായിരുന്നു.

ഇതിനു ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചുലച്ച മറ്റൊരു സംഭവം അരങ്ങേറിയത്. മഞ്ചേശ്വരം ഗവ. ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ഡിക്രൂസിനെ ചെര്‍ക്കളം മഞ്ചേശ്വരം ഗസ്റ്റ് ഹൗസില്‍ വെച്ച് അടിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ, ഐ എം എ തുടങ്ങിയ സംഘടനകളും പ്രതിപക്ഷവും വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ചെര്‍ക്കളം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ഡോക്ടര്‍മാരും രംഗത്തിറങ്ങിയിട്ടും ചെര്‍ക്കളം കുലുങ്ങിയില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ചെര്‍ക്കളത്തിന് ഉറച്ച പിന്തുണയും നല്‍കി. ചെര്‍ക്കളം ഒരിക്കലും ഒരാളെ അടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറച്ചുവിശ്വസിച്ചു. മഞ്ചേശ്വരം ഗവ ആശുപത്രിയില്‍ രോഗികള്‍ക്ക് ആവശ്യപ്പെട്ടിട്ടും മരുന്ന് നല്‍കുന്നില്ല എന്ന കാരണത്താലാണ് തന്നെ അടിച്ചതെന്നായിരുന്നു ഡോ. ഡിക്രൂസ് ആരോപിച്ചത്. ഒടുവില്‍ പ്രശ്‌നം തനിയെ കെട്ടടങ്ങുകയായിരുന്നു.

ഇതിനു ശേഷം അന്നത്തെ കാസര്‍കോട് ജില്ലാ കലക്ടറായിരുന്ന രാജു നാരായണ സ്വാമിയും കാസര്‍കോട് ജില്ലയുടെ പ്രതിനിധിയായി മന്ത്രിയായ ചെര്‍ക്കളും തമ്മില്‍ നേരിട്ട് കൊമ്പുകോര്‍ത്തിരുന്നു. മന്ത്രിയുടെ പല നിര്‍ദേശങ്ങളും കലക്ടര്‍ അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അന്ന് ഐ എ എസ് അസോസിയേഷന്‍ കലക്ടര്‍ക്കു പിന്നില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും രാജു നാരായണ സ്വാമിയെ കാസര്‍കോട്ടു നിന്നും സ്ഥലം മാറ്റുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ചെര്‍ക്കളത്തിന് കഴിഞ്ഞതും രാഷ്ട്രീയ ഇച്ഛാശക്തി ഒന്നു കൊണ്ടു മാത്രമായിരുന്നു. ചെര്‍ക്കളം മന്ത്രിയായി ചുമതലയേറ്റ 2001 ല്‍ ആദ്യമായി ജില്ലയിലെത്തുമ്പോള്‍ ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ വെച്ച് വലിയ സ്വീകരണമാണ് മുസ്ലിം ലീഗ് ഒരുക്കിയത്. ഒളവറയില്‍ നിന്നും തൃക്കരിപ്പൂര്‍ വഴി പടന്ന ചെറുവത്തൂരിലേക്ക് സ്വീകരണ പരിപാടി നടക്കുകയായിരുന്നു. ഇതിനിടയില്‍ ചെറുവത്തൂരില്‍ വെച്ച് കാസര്‍കോടു നിന്നും സ്വീകരിക്കാന്‍ പോയ മുസ്ലിം ലീഗ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ സ്വീകരണ യാത്ര പാതിവഴിക്ക് ഉപേക്ഷിക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മന്ത്രിക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ചെര്‍ക്കളം ചെറുവത്തൂര്‍ വഴി തന്നെ വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ കടന്നു പോവുകയായിരുന്നു.

നൂറു കണക്കിന് വാഹനങ്ങളും കടകളും വീടുകളും പരസ്പരം ഇരുപാര്‍ട്ടി പ്രവര്‍ത്തകരും കത്തിക്കുകയും വലിയ കലാപമായി അത് മാറുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് 1,500 കേസുകളാണ് ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്തത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്. പോലീസിന്റെ നിര്‍ദേശം അംഗീകരിക്കാതെ നിശ്ചിത റൂട്ടിലൂടെ തന്നെ കടന്നു പോയ ചെര്‍ക്കളത്തിനെതിരെ വലിയ പ്രതിഷേധമാണ് സിപിഎം ഉര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ ഇതിനെയെല്ലാം ചെര്‍ക്കളം സധൈര്യം നേരിട്ട് മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത ഏതാണ്ട് മുഴുവന്‍ കേസുകളും ലീഗ്- സിപിഎം നേതൃത്വങ്ങള്‍ തമ്മില്‍ സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. വിവാദങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുമ്പോഴും അതിനെയെല്ലാം ഒരു ചെറുപുഞ്ചിരിയോടെ നേരിടാന്‍ ചെര്‍ക്കളത്തിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രമായിരുന്നു. 2004 ല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നടന്ന യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ടപ്പോള്‍ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന മുഴുവന്‍ മന്ത്രിമാരും ഒപ്പം രാജിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ചെര്‍ക്കളത്തെ വീണ്ടും മന്ത്രിയാക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. കുട്ടി അഹ് മദ് കുട്ടിയെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി മുസ്ലിം ലീഗ് നിയമിച്ചപ്പോഴും അതിനെയെല്ലാം ഒരു അച്ചടക്കമുള്ള പാര്‍ട്ടി നേതാവായി സ്വീകരിക്കുകയായിരുന്നു ചെര്‍ക്കളം. ഉദ്യോഗസ്ഥരോട് അദ്ദേഹം ജോലിയുടെ കാര്യത്തില്‍ കൃത്യത പുലര്‍ത്താന്‍ നിര്‍ബന്ധിച്ചതു കാരണം അദ്ദേഹത്തോട് പലരും പിണങ്ങിയിരുന്നു. അതെല്ലാം സമൂഹത്തിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന തിരിച്ചറിവായിരുന്നു ചെര്‍ക്കളത്തെ മുന്നോട്ട് നയിച്ചത്. മുസ്ലിം ലീഗിനകത്തും കാസര്‍കോട്ട് അവസാന വാക്കായിരുന്നു ചെര്‍ക്കളം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Cherkalam Abdulla, Kunhikannan Muttath, Muslim League Leader, Story About Cherkalam Abdulla

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia