സ്‌കൂട്ടറില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും
May 20, 2015, 19:32 IST
കാസര്‍കോട്: (www.kasargodvartha.com 20/05/2015) മത്സ്യം വാങ്ങാനെത്തിയപ്പോള്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച് അതിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും രേഖകളും മറ്റും കവര്‍ന്ന സംഭവത്തില്‍ മോഷ്ടാക്കള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തളങ്കര മാലിക് ദീനാര്‍ ആശുപത്രി ജീവനക്കാരന്‍ സിറാമിക്‌സ് റോഡിലെ അബ്ദുല്‍ ഖാദറിന്റെ കെ.എല്‍. 14 ജെ. 6474 നമ്പര്‍ ആക്ടിവ സ്‌കൂട്ടറിന്റെ കാരിയര്‍ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
ഈ സ്‌കൂട്ടര്‍ പിന്നീട് പണവും മറ്റും കവര്‍ന്ന ശേഷം ഫോര്‍ട്ട് റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോര്‍ട്ട് റോഡില്‍ മൂന്ന് സ്ഥലത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
ഫോര്‍ട്ട് റോഡിലെ ഒരു മൊത്ത വ്യാപാര സ്ഥാപനത്തിലേയും ഒരു വീട്ടിലേയും സി.സി.ടി.വി. ദൃശ്യങ്ങളും മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥാപിച്ച സി.സി.ടി.വിയിലെ ദൃശ്യങ്ങളുമാണ് പോലീസ് പരിശോധിക്കുന്നത്.