Fame | കലോത്സവ നഗരിയിൽ സിനിമ താരത്തിനൊപ്പം സെൽഫിയെടുക്കാൻ തിരക്ക്
● 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ വേഷം ജനപ്രിയമാക്കി.
● സ്വന്തം നാട്ടിലെ കലോത്സവത്തിൻ്റെ മുഖ്യസംഘാടകൻ
● നാടകരംഗത്തും സജീവമായിരുന്നു
ഉദിനൂർ: (KasargodVartha) നാടിന്റെ സ്വന്തം സിനിമ താരത്തിന് കലോത്സവ നഗരിയിൽ സെൽഫി എടുക്കുന്നതിന്റെ തിരക്ക്. 'ന്നാ താന്‍ കേസ് കൊട്' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കുഞ്ഞികൃഷ്ണന്‍ മാസറ്റര്‍ക്കൊപ്പം നിന്ന് സെൽഫി എടുക്കാനാണ് ആളുകൾ തിരക്ക് കൂട്ടുന്നത്. കഴിഞ്ഞ വർഷം മികച്ച സ്വഭാവനടനുള്ള സിനിമാ അവാർഡും ലഭിച്ച അദ്ദേഹം സ്വന്തം നാടായ ഉദിനൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മുഖ്യസംഘാടകരിൽ ഒരാളാണ്.
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ജനകീയനായ ജഡ്‌ജായി വേഷം കൈകാര്യം ചെയ്തതിനാണ് മാസ്റ്റർക്ക് അവാർഡിൻ്റെ തിളക്കം ലഭ്യമായത്. കലോത്സവത്തിനെത്തുന്ന കുട്ടികളും മുതിർന്നവരും കുഞ്ഞികൃഷ്ണൻ മാസ്റ്റർക്കൊപ്പം നിന്ന് സെൽഫിയെടുക്കുന്നു. ആദ്യ സിനിമക്കൊപ്പം നിരവധി അവസരങ്ങളാണ് കുഞ്ഞികൃഷ്ൻ മാസ്റ്ററെ തേടിയെത്തിയത്. പി ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതിയാണ് ഷൂടിംഗ് പൂർത്തിയായ അവസാന സിനിമ.
പടന്ന ഗ്രാമപഞ്ചായതിലെ ഒമ്പതാം വാര്‍ഡ് മെമ്പറാണ് സിപിഎം നേതാവായ കുഞ്ഞികൃഷ്ണന്‍. 18 വയസ് മുതല്‍ നാടകത്തില്‍ അഭിനയിച്ചിരുന്ന കുഞ്ഞികൃഷ്ണന്, ഇദ്ദേഹം തന്നെ സെക്രടറി ആയ തടിയന്‍ കൊവ്വല്‍ മനീഷാ തിയറ്റേഴ്‌സിന്റെ തെരുവ് നാടകങ്ങള്‍, എകെജി കലാവേദിയുടെ നാടകങ്ങള്‍, സ്‌കൂള്‍ വാര്‍ഷികത്തിനുള്ള നാടകങ്ങള്‍, മാണിയാട്ട് കോറസ് കലാസമിതിയുടെ എന്‍എന്‍ പിള്ള നാടകമത്സരങ്ങള്‍ തുടങ്ങിയവയാണ് സിനിമയിലെ അഭിനയത്തിന് അനുഭവ സമ്പത്തായത്.
എയുപിഎസ് ഉദിനൂരിലെ ഹിന്ദി അധ്യാപകനായി വിരമിച്ച കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് അധ്യാപക ജീവിതത്തിലെ അനുഭവ സമ്പത്തും സിനിമാഭിനയത്തിന് ഗുണം ചെയ്തിരുന്നു. ഉദിനൂർ തടിയന്‍ കൊവ്വല്‍ സ്വദേശിയാണ് പി പി കുഞ്ഞികൃഷ്ണന്‍. അധ്യാപികയായ സരസ്വതിയാണ് ഭാര്യ. മക്കള്‍: സാരംഗ്, ആസാദ്.
#Kunhikrishnan #MalayalamCinema #SchoolFestival #Selfie #Kerala