Exams Begin | എസ്എസ്എൽസി പരീക്ഷ തുടങ്ങി; കാസർകോട്ട് 20,581 വിദ്യാർഥികൾ പരീക്ഷയെഴുതുന്നു, കൂടുതൽ ആൺകുട്ടികൾ

● കേരളത്തിൽ 2964 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്.
● 4,27,021 വിദ്യാർഥികൾ പരീക്ഷയെഴുതുന്നു.
● കാസർകോട് ജില്ലയിൽ 160 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
● കാസർകോട്ട് കൂടുതൽ പേർ പരീക്ഷയെഴുതുന്നത് നായന്മാർമൂലയിൽ.
കാസർകോട്: (KasargodVartha) കേരളത്തിലെ വിദ്യാർഥികൾക്ക് നിർണായകമായ പരീക്ഷാക്കാലത്തിന് തുടക്കമായി. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതും ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മാർച്ച് 26-ന് പരീക്ഷകൾ അവസാനിക്കും.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ്. ഒന്നാം വർഷ പരീക്ഷകൾ മാർച്ച് ആറിന് ആരംഭിക്കും. എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30-നും, ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചയ്ക്ക് 1.30-നുമാണ് നടക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,13,417 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,44,693 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുന്നു.
കാസർകോട് ജില്ലയിൽ 20,581 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നുണ്ട്. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 160 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടെക്നിക്കൽ സ്കൂളുകളിലെയും സ്പെഷ്യൽ സ്കൂളുകളിലെയും കുട്ടികൾ ഉൾപ്പെടെയാണ് പരീക്ഷ എഴുതുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് ടിഐഎച്ച്എസ്എസ് നായന്മാർമൂലയിലാണ്. 861 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
കുമ്പളയിൽ 643 കുട്ടികൾ പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയെഴുതുന്നവരിൽ കൂടുതൽ ആൺകുട്ടികളാണ്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 6,139 ആൺകുട്ടികളും 5,360 പെൺകുട്ടികളും പരീക്ഷയെഴുതുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 9,082 കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതുകയാണ്. ഇതിൽ 4,730 ആൺകുട്ടികളും 4,352 പെൺകുട്ടികളുമാണ്. വിദ്യാർത്ഥികൾക്ക് സുഗമമായി പരീക്ഷ എഴുതുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The SSLC exams have started with 20,581 students in Kasargod. The exams will end on March 26th, with more male students participating than female students.
#SSLCExams #Kasargod #EducationNews #KeralaExams #Students #ExamTime