Protest | ലഹരിക്കും സൈബർ തട്ടിപ്പുകൾക്കുമെതിരെ എസ്എസ്എഫ് ജനകീയ പ്രക്ഷോഭത്തിലേക്ക്; ഫെബ്രുവരി 1ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച്

● ബോധവൽക്കരണ പരിപാടികളും പ്രതിഷേധങ്ങളും സംഘടിപ്പിക്കും.
● 'ലഹരി ഉപയോഗം മൂലം നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്'
● 'അതിർത്തി കടന്ന് കേരളത്തിലേക്ക് വൻതോതിലുള്ള ലഹരി എത്തുന്നു'
● 'ലഹരി വിതരണക്കാരെ പിടികൂടാൻ അധികൃതർക്ക് സാധിക്കുന്നില്ല'
കാസർകോട്: (KasargodVartha) വിദ്യാർഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ്എസ്എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ജനുവരി മാസത്തിൽ മാത്രം സംസ്ഥാനത്ത് നിരവധി കൊലപാതകങ്ങളാണ് ലഹരിയുടെ ഉപയോഗം മൂലം നടന്നത്. അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്നത് വൻതോതിലുള്ള ലഹരി വസ്തുക്കളാണ്. ഇതിൽ കുറഞ്ഞ അളവിലുള്ളത് മാത്രമാണ് പിടിക്കപ്പെടുന്നത്. ലഹരി വിതരണക്കാർക്ക് പിന്നിലുള്ള വൻറാക്കറ്റുകളെ പിടിക്കാൻ പൊലീസിനോ എക്സൈസ് വകുപ്പിനോ സാധിക്കാതിരിക്കുന്നത് കൂടിയാണ് ഇത്തരത്തിലുള്ള ലഹരിയുടെ അതിവ്യാപന കാരണമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
ജനുവരി 20ന് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഡിവിഷൻ ഘടകങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര പ്രഖ്യാപനത്തോടെയാണ് പദ്ധതികൾക്ക് ഔദ്യോഗിക തുടക്കംകുറിച്ചത്. ജില്ലയിലെ 600 ഗ്രാമങ്ങളിൽ നടന്നു വരുന്ന ‘പ്രക്ഷോഭ തെരുവിൽ’ പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും. മുഴുവൻ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലെയും അധിക്യതർക്ക് സംഘടനയുടെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ പൗരാവകാശ രേഖ സമർപ്പിക്കും.
രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങി പ്രാദേശിക നേതൃത്വം മുതലുള്ള എല്ലാവരെയും ഒരുമിച്ചുകൂട്ടി നടത്തുന്ന സ്നേഹ സംവാദസദസ്സുകളിൽ ബോധവത്ക്കരണ ശ്രമങ്ങൾക്ക് ആവശ്യമായ പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്യും. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികൾ വിവിധ ഘടകങ്ങളിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികളിൽ പങ്കെടുക്കും. സോഷ്യൽ മീഡിയ ക്യാമ്പയിൻ, ലഘുലേഖ വിതരണം, സ്കൂളുകളിലും കോളജുകളിലും സംഘടനയുടെ കലാലയ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ തുടങ്ങി അമ്പതിലധികം വൈവിധ്യമായ പരിപാടികൾ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
വർധിച്ചു വരുന്ന ലഹരി, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ എസ്എസ്എഫ് പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തും. രാവിലെ 10ന് ഉളിയത്തുക്ക എസ്.പി നഗറിൽനിന്ന് ആരംഭിക്കുന്ന എസ് പി ഓഫീസ് മാർച്ചിന് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകും. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകർ മാർച്ചിൽ അണിനിരക്കും.
സംസ്ഥാന സെക്രട്ടറി മുനവ്വർ അമാനി കണ്ണൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അഭിവാദ്യം ചെയ്യും. കരീം ദർബാർകട്ട, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫിഎന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ സുറൈജി, സെക്രട്ടറിമാരായ ഫയാസ് പട്ള , ഇർഷാദ് കളത്തൂർ, മുർഷിദ് പുളിക്കൂർ, ഹാഫിസ് അബ്ദുല്ല ഹിമമി, സകരിയ അഹ്സനി എന്നിവർ പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ!
SSF is launching a mass protest against the rising drug abuse and cyber fraud among students and youth. A march to the District Police Chief's office is scheduled for February 1st. The organization criticizes the authorities' failure to curb the drug menace and demands action against cyber criminals.
#DrugAbuse #CyberFraud #SSFProtest #YouthAgainstDrugs #Kerala #ProtestMarch