city-gold-ad-for-blogger

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്; കാസര്‍കോട് ആറാമതും കിരീടം ചൂടി

മഞ്ചേശ്വരം: (www.kasargodvartha.com 04.09.2016) ഹൊസങ്കടിയില്‍ ഇശലിന്റെ പെരുന്നാളൊരുക്കി അതിര്‍ത്തി ഗ്രാമത്തിന് ഉത്സവഛായ പകര്‍ന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. തുടര്‍ച്ചയായ ആറാമതും 556 പോയിന്റ് നേടി കാസര്‍കോട് ഡിവിഷന്‍ കലാകിരീടത്തില്‍ മുത്തമിട്ടു. മഞ്ചേശ്വരം ഡിവിഷന്‍ രണ്ടും ഉദുമ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. കാസര്‍കോട് ഡിവിഷനിലെ ഹൈദര്‍ അലി പര്‍ളാഡം കലാപ്രതിഭയുമായി.

10 വേദികളിലായി ആയിരത്തോളം പ്രതിഭകളാണ് രണ്ട് ദിനങ്ങള്‍ നീണ്ട് നിന്ന സാഹിത്യോത്സവിനെത്തിയത്. സമാപന സമ്മേളനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം ആലികുഞ്ഞി മുസ് ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സന്ദേശ പ്രഭാഷണം നടത്തി.

ജേതാക്കളായ കാസര്‍കോട് ഡിവിഷന് എസ് വൈ എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫിയും സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവവും ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. അല്‍ ബിശാറ ചെയര്‍മാന്‍ മൂസല്‍ മദനി തലക്കി, അശ്‌റഫ് സഅദി ആരിക്കാടി, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, തോക്കെ മുഹമ്മദ് സഖാഫി അവാര്‍ഡുകള്‍ സമ്മാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും അസീസ് സഖാഫി നന്ദിയും പറഞ്ഞു.

ചാരിതാര്‍ഥ്യത്തോടെ സാരഥികള്‍
ഹൊസങ്കടി രണ്ട് ദിനങ്ങള്‍ നീണ്ടു നിന്ന എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിനെ വരവേല്‍ക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അല്‍ ബിശാറ. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന വോര്‍ക്കാടി പഞ്ചായത്തിലെ ഗുവദപടുപ്പ് ഗ്രാമത്തിലേക്ക് ആദ്യമായാണ് സാഹിത്യോത്സവ് വിരുന്നെത്തിയത്.

മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും പ്രേക്ഷകര്‍ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നഗരിയിലൊരിക്കിയിരുന്നത്. വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാനും ശബ്ദ സംവിധാനങ്ങളൊരുക്കാനും സ്വാഗതസംഘം കൈമെയ് മറന്ന് അധ്വാനിച്ചു. സ്വാഗത സംഘം ചെയര്‍മാനും അല്‍ ബിശാറ സാരഥിയുമായ മൂസല്‍ മദനി തലക്കിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ കാര്‍മികത്വത്തിലൊരുങ്ങിയ സാഹിത്യോത്സവ് സംഘാടന മികവിനാല്‍ പ്രശംസ പിടിച്ചുപറ്റി.


രംഗ് ഡാല്‍ ഹേ രംഗ് രംഗ്...പ്രേക്ഷകരെ പ്രകീര്‍ത്തന സാഗരത്തില്‍ ലയിപ്പിച്ച് കവാലി
ഹൊസങ്കടി എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് നഗരിയില്‍ പ്രേക്ഷകരുടെ മനം കുളിര്‍പ്പിച്ച പ്രകീര്‍ത്തന സാഗരത്തില്‍ സദസിനെ ലയിപ്പിക്കുകയായിരുന്നു കവാലി. അജ്മീറിലെ കാജാ മുഈനുദ്ദീന്‍ ചിശ്തിയെയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെും പ്രകീര്‍ത്തിക്കുന്ന ഉത്തരേന്ത്യന്‍ ശൈലിയിലും താളത്തിലും മലയാളം, ഉറുദു, ഹിന്ദി, തമിഴ്, ഭാഷകളിലുള്ള കവാലി മുഴുവന്‍ മത്സരാര്‍ത്ഥികളും മികവുപുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ വിലയിരുത്തി.

രംഗ് ഡാല്‍ ഹേ രംഗ് രംഗ് എന്നു തുടങ്ങുന്ന വരികള്‍ ആലപിച്ച കാസര്‍കോട് ഡിവിഷനിലെ മുഹമ്മദ് സിനാന്‍ ബദര്‍ നഗറും സംഘവും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രംഗ് ഡാല്‍ ഹേ രംഗ് രംഗെന്ന വിളി സദസില്‍ നിന്നും ഉയര്‍ന്ന് കൊണ്ടേ ഇരുന്നു. ബദിയഡുക്ക ഡിവിഷനിലെ ഹാഫിള് മഷ്ഹൂദും സംഘവും രണ്ടും ഉദുമ ഡിവിഷനിലെ മന്‍സൂറും സംഘവും മൂന്നാം സ്ഥാനവും നേടി.

കലാപ്രതിഭയായി അലി ഹൈദര്‍
ഹൊസങ്കടി തൊട്ടതെല്ലാം പൊന്നാക്കി അലി ഹൈദര്‍ സാഹിത്യോത്സവ് 2016 ലെ താരമായി. നാലു മത്സരങ്ങളിലായ് 29 പോയിന്റ് നേടിയാണ് പുത്തിഗെ പെര്‍ളാഡം സ്വദേശിയായ അലി ഹൈദര്‍ കലാ പ്രതിഭാ പട്ടത്തിന് അര്‍ഹനായത്.

സീനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം പ്രസംഗത്തിലും ഖുര്‍ആന്‍ പ്രഭാഷണത്തിലും അറബി പ്രഭാഷണത്തില്‍ രണ്ടാം സ്ഥാനവുമാണ് അലി ഹൈദറിന്. അല്‍ മഖര്‍ ദഅ്‌വാ കോളജിലെ വിദ്യാര്‍ഥിയായ ഹൈദര്‍ സ്‌കൂള്‍ കലോത്സവങ്ങളിലും ജേതാവായിട്ടുണ്ട്.

കലാവസന്തം ഇനി ഉദുമയില്‍
ഹൊസങ്കടി എസ് എസ് എഫ് ഇരുപത്തിമൂന്നാമത് സാഹിത്യോത്സവിന് കൊടിയിറങ്ങിയത് അടുത്ത വര്‍ഷം വേദിയാകുന്ന ഉദുമക്ക് പതാക കൈമാറിയാണ്. ജില്ലാ ഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ ചിപ്പാര്‍, സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവര്‍ ചേര്‍ന്ന് ഉദുമ ഡിവിഷന്‍ ഭാരവാഹികളായ അശ്‌റഫ് സഖാഫി തലേക്കുന്ന്, അബ്ദുര്‍ റഹ് മാന്‍ എരോല്‍ എന്നിവര്‍ക്ക് പതാക കൈമാറി.

ഇനി ഉദുമയില്‍ കാണാമെന്ന ഓര്‍പെടുത്തലുമായാണ് പ്രതിഭകള്‍ മടങ്ങിയത്.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്; കാസര്‍കോട് ആറാമതും കിരീടം ചൂടി


Keywords : Manjeshwaram, SSF, Sahithyolsav, Championship, Kasaragod, Hosangady.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia