വിഎസ് അനുകൂല ഫ്ളക്സ് ബോര്‍ഡ് ഉയര്‍ത്തുന്നത് തടയാന്‍ സ്ക്വാഡ്
May 16, 2012, 12:00 IST
നീലേശ്വരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് അനുകൂലമായും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എതിരായും മടിക്കൈയിലും നീലേശ്വരത്തും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരാതിരിക്കാന്‍ ഔദ്യോഗിക വിഭാഗത്തിന്റെ സ്ക്വാഡ് പ്രവര്‍ത്തനം.
പാര്‍ട്ടി ഗ്രാമമായ മടിക്കൈയിലോ ശക്തികേന്ദ്രമായ നീലേശ്വരത്തോ വിഭാഗീയ പ്രശ്നങ്ങളുടെ പേരിലുള്ള ഫ്ളക്സ് ബോര്‍ഡുകളും പോസ്ററുകളും ഉണ്ടാകാതിരിക്കാന്‍ ഔദ്യോഗിക പക്ഷത്തിന്റെ സ്പെഷ്യല്‍ സ്ക്വാഡ് സജീവമായ നിരീക്ഷണത്തിലാണ്. ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്താന്‍ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തടയാനും വിഎസ് അനുകൂലികള്‍ക്കെതിരെ ജില്ലാനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാനുമുള്ള ചുമതലയാണ് സ്ക്വാഡിനുള്ളത്.
വിഎസ് - പിണറായി പോര് രൂക്ഷമാകുന്ന സന്ദര്‍ഭങ്ങളില്‍ മടിക്കൈയിലും നീലേശ്വരത്തും ഇതിന് മുമ്പ് വ്യാപകമായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരുകയും വിഎസിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. വിഎസ് പക്ഷത്തെ ചില നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇത്തരത്തിലുള്ള നീക്കങ്ങള്‍ തടയാന്‍ രണ്ടിടങ്ങളിലേയും പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വങ്ങള്‍ക്കും ജില്ലാ നേതൃത്വത്തിനും സാധിച്ചിരുന്നില്ല.
ഇക്കാര്യത്തില്‍ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാനായി ജില്ലാ നേതൃത്വവും മടിക്കൈയിലേയും നീലേശ്വരത്തെയും പ്രാദേശിക നേതൃത്വങ്ങളും അതീവ ജാഗ്രതയിലാണ്. ഇനി ഈ ഭാഗങ്ങളില്‍ വിഎസ് അനുകൂല പ്രകടനങ്ങള്‍ നടന്നാല്‍ നേതൃത്വത്തിന് അത് കടുത്ത തലവേദനയാകും. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ മികവ് തെളിയിക്കുന്ന ജില്ലാ നേതൃത്വങ്ങള്‍ക്ക് പിണറായി പക്ഷത്തിന്റെ പ്രത്യേക പരിഗണന ലഭിക്കും.
അതേസമയം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്തരത്തിലുള്ള ജില്ലാകമ്മിറ്റികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അതുകൊണ്ട് തന്നെ കാസര്‍കോട് ജില്ലയില്‍ ഒരുവിധത്തിലുള്ള വിഎസ് അനുകൂല നീക്കങ്ങളും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികളുമായാണ് ജില്ലാനേതൃത്വം മുന്നോട്ട് പോകുന്നത്.
അതിനിടെ പരപ്പയിലും ബദിയഡുക്കയിലും വിഎസ് അനുകൂല ഫ്ളക്സ് ബോര്‍ഡുകളുയര്‍ന്നത് ജില്ലാ നേതൃത്വത്തിന് ചെറിയ രീതിയിലെങ്കിലും തലവേദനയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ വിഎസ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ വിജയിച്ച കാര്യം ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വത്തിന്റെ അപ്രീതി ഒഴിവാക്കാന്‍ സാധിക്കും.
അതുകൊണ്ട് തന്നെ മടിക്കൈയിലും നീലേശ്വരത്തും വിഎസിനുവേണ്ടി യുള്ള ചെറുവിരല്‍പോലും അനങ്ങാന്‍ പാടില്ലെന്ന വാശിയോടെയാണ് ഔദ്യോഗിക പക്ഷം രംഗത്തുള്ളത്. വിഎസ് അനുകൂല നിലപാട് പ്രകടമാക്കിയാല്‍ അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന മുന്നറിയിപ്പും ഔദ്യോഗിക വിഭാഗത്തിന്റെ സമീപനത്തിലുണ്ട്.
നീലേശ്വരത്തെ വിഎസ് ഓട്ടോസ്റാന്റില്‍ ഔദ്യോഗിക പക്ഷത്തിന്റെ സ്ക്വാഡ് രാത്രികാലങ്ങളില്‍ പോലും നിരീക്ഷണം ഏര്‍പ്പെടുത്തുന്നുണ്ട്. ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കാ ന്‍ വരുന്നവരെ കൈയോടെ പിടികൂടേണ്ട ദൌത്യമാണ് സ്ക്വാഡിനുള്ളത്. മടിക്കൈയിലും രാത്രികാല നിരീക്ഷണമുണ്ട്. വിഎസ് അനുകൂലികളായ നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ടെലിഫോണ്‍ ബന്ധങ്ങളും സംസാരങ്ങളും പിടിച്ചെടുക്കാനുള്ള സംവിധാനങ്ങളും ഔദ്യോഗികപക്ഷംഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Flex board, V.S Achuthanandan, CPM, Badiyadukka, Nileshwaram, Kasaragod