city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കുരുവിക്കൊരു കൂട്' അങ്ങാടി കുരുവി സംരക്ഷണ പദ്ധതി ശ്രദ്ധേയമാവുന്നു

ശാഫി തെരുവത്ത് 

കാസര്‍കോട്: (www.kasargodvartha.com 28/03/2015) പുല്‍മേടുകളുടെ നവീകരണം, ആഗോളതാപനം, പക്ഷികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിടനിര്‍മാണം, കീടനാശിനികളുടെ അമിതമായ ഉപയോഗം, ആഹാരങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങിയ കാരണങ്ങളാല്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അങ്ങാടി കുരുവികളെ സംരക്ഷിക്കാന്‍ വനംവകുപ്പ് നടപ്പിലാക്കി വരുന്ന കുരുവിക്കൊരു കൂട് പദ്ധതി ശ്രദ്ധേയമാവുന്നു. മുന്‍കാലങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ഗോഡൗണുകളിലും ചന്തകളിലും യഥേഷ്ടം വിഹരിച്ചിരുന്ന അങ്ങാടിക്കുരുവികളെ ഇന്ന് കാണാനില്ലാതായിരിക്കുകയാണ്.

ഈ പക്ഷികളുടെ വംശനാശം തടയാനും ഇതിനെ സംരക്ഷിക്കുവാനും ജനങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമാണ് വനം വകുപ്പ്  ഈ പദ്ധതി ആരംഭിച്ചത്. വനംവകുപ്പ് നടപ്പിലാക്കി വരുന്ന മിഷന്‍ 676 എന്ന പദ്ധതിയില്‍ ഉള്‍പെട്ടതാണ് അങ്ങാടി കുരുവി സംരക്ഷണം. ഇതിനായി സംസ്ഥാന വനംവകുപ്പ് കഴിഞ്ഞ വര്‍ഷം 20 ലക്ഷം രൂപയാണ് നീക്കിവെച്ചത്.

ഗ്രാമീണ മേഖലയിലും നഗരമേഖലയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി കൂട് വെച്ച് നല്‍കി സംരക്ഷിക്കാനാണ് വനംവകുപ്പിന്റെ പദ്ധതി.  മാര്‍ച്ച് 20 ലോക അങ്ങാടിക്കുരുവിദിനമായി ആചരിക്കുന്നുണ്ടെങ്കിലും ഇവയെ കാണാനില്ലാത്ത അവസ്ഥയാണ്. മൊബൈല്‍ ടവറുകളുടെ ആധിക്യവും കുരുവികളുടെ വംശനാശത്തിന് കാരണമാകുന്നതായും ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നുണ്ട്.

ടവറുകളില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങളാണ് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ദോഷകരമായി തീരുന്നത്. മൊബൈല്‍ ടവറുകള്‍ക്ക് സമീപം കൂടുവെച്ച അങ്ങാടിക്കുരുവികള്‍ ഒരാഴ്ചകൊണ്ട് കൂടുവിട്ട് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം മൊബൈല്‍ ടവറുകള്‍ മൂലം അങ്ങാടിക്കുരുവികളും തേനീച്ചകളും നശിക്കുന്നതിനെപ്പറ്റി പഠിക്കാന്‍വേണ്ടി രണ്ട് വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഒരു പത്തംഗ വിദഗ്ദ്ധ കമ്മിറ്റിയെ നിയമിച്ചിരുന്നു. 2010ല്‍ ബ്രിട്ടണ്‍ റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ്' അങ്ങാടിക്കുരുവികളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഐ.യു.സി.എന്‍. (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) ഇതുവരെ ഈ പക്ഷികളെ റെഡ്‌ലിസ്റ്റില്‍ ഉള്‍പെടുത്തിയില്ല.

അങ്ങാടിക്കുരുവികളെ സംരക്ഷിക്കുവാനും അശാസ്ത്രീയമായ മൊബൈല്‍ ടവറുകളുടെ പെരുപ്പം തടയുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കുരുവിക്കൊരു കൂട് എന്ന പദ്ധതിയില്‍പെടുത്തി ജില്ലയില്‍ കഴിഞ്ഞ ഡിസംബറില്‍ 30 കുരുവിക്കൂടുകള്‍ വിതരണം ചെയ്യുകയുണ്ടായി. വനംവകുപ്പ് സൗജന്യമായാണ് കൂടുകള്‍ വിതരണം ചെയ്തത്. കുരുവികള്‍ എത്തുന്ന വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ ഇവ സ്ഥാപിക്കാം. കാസര്‍കോട് ഫോറസ്റ്റ് റെയ്ഞ്ചിന് കീഴില്‍ 15ഉം കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ചിന് കീഴില്‍ 15ഉം കൂടുകളാണ് വിതരണം ചെയ്തത്. അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ കൂടുകള്‍ വിതരണം ചെയ്യുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

ചിലയിടങ്ങളില്‍ കുരുവികള്‍ക്ക് വെള്ളം നല്‍കാനായി പ്രത്യേക സംവിധാനം പക്ഷി സ്‌നേഹികള്‍ ഒരുക്കാറുണ്ട്. നിരപ്പായ മണ്‍പാത്രത്തില്‍ വെള്ളം നിറച്ച് കെട്ടിത്തൂക്കിയാണ് കുടിവെള്ളം ഒരുക്കുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികളെ സംരക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനുമായി വനംവകുപ്പ് നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

വനം വകുപ്പിന് കീഴില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തില്‍ തിരഞ്ഞെടുത്ത വനിതകള്‍ക്കായി പക്ഷി നിരീക്ഷണത്തില്‍  രണ്ട് ദിവസത്തെ  പരിശീലനം 'പക്ഷി നിരീക്ഷണത്തിന് സ്ത്രീ കൂട്ടായ്മ' എന്ന പേരില്‍ സംഘടിപ്പിക്കുന്നുണ്ട്.  പക്ഷി നിരീക്ഷണത്തിലും പ്രകൃതി സംരക്ഷണത്തിലും തല്‍പരരായ വനിതകള്‍ക്ക് വേണ്ടിയുള്ളതാണ് പരിപാടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

'കുരുവിക്കൊരു കൂട്' അങ്ങാടി കുരുവി സംരക്ഷണ പദ്ധതി ശ്രദ്ധേയമാവുന്നു

Keywords : Kasaragod, Kerala, Sparrow, Shafi Theruvath, Forest Department. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia