Road Work | റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്‌ത മണ്ണ് പള്ളിക്കാൽ പ്രദേശത്ത് തള്ളി; ഓടകൾ അടഞ്ഞ് റോഡ് വെള്ളത്തിൽ മുങ്ങിയതായി പരാതി
സ്‌കൂൾ ബസ് അടക്കം നിർത്തിയിടുന്ന സ്ഥലത്താണ് ചെളിമണ്ണ് കൊണ്ടിട്ടിരിക്കുന്നത്
കാസർകോട്: (KasargodVartha) തായലങ്ങാടി മുതൽ റെയിൽവേ സ്റ്റേഷൻ വരെ റോഡ് നവീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത ചെളിയും മണ്ണും പള്ളിക്കാലിൽ തള്ളിയതിനെ തുടർന്ന് ഈ ഭാഗത്തെ ഓടകൾ അടഞ്ഞ് റോഡ് വെള്ളത്തിൽ മുങ്ങിയതായി പരാതി ഉയർന്നു. കാസർകോട് വികസന പാകേജിൽ ഉൾപെടുത്തിയാണ് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം നടത്തിവരുന്നത്.
പ്രവൃത്തികൾ ആരംഭിച്ചിട്ട് ഒരുവർഷത്തോളമായിട്ടും നവീകരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ടൈൽസ് പാകി ഓവുചാലുകളും മറ്റും നിർമിച്ച് നവീകരണം നടത്താനായിരുന്നു തീരുമാനം. എന്നാൽ നവീകരണ ജോലി തട്ടിക്കൂട്ട് പരിപാടിയാണെന്ന് പ്രദേശവാസികളിൽ നിന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
ഇതിനിടെയാണ് ഇവിടെ നിന്നും നീക്കം ചെയ്ത ചെളിയും മണ്ണും പള്ളിക്കാലിലെ റോഡരികിലും മറ്റുമായി തള്ളിയത്. സ്‌കൂൾ ബസ് അടക്കം നിർത്തിയിടുന്ന സ്ഥലത്താണ് ചെളിമണ്ണ് കൊണ്ടിട്ടിരിക്കുന്നത്. റോഡിന് വീതിയില്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന സ്ഥലത്താണ് ഈ ദുർഗതി. ഈ പ്രദേശത്ത് നേരത്തെ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന മറ്റ് വാഹനങ്ങൾക്കും നിർത്തിയിടാൻ സൗകര്യം ഉണ്ടായിരുന്ന സ്ഥലത്താണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. മഴ പെയ്താൽ ഓടകൾ നിറഞ്ഞൊഴുകി റോഡ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കാലവർഷം കനക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും. പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും കലക്ടർ വിഷയത്തിൽ ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.