Inflation | അടുക്കളകളിൽ മുരിങ്ങക്കായ ഇല്ലാതെ സാമ്പാർ, വില 600ലേക്ക്; കോഴിക്ക് അൽപം താഴ്ന്ന് 100 ലെത്തിയപ്പോൾ പഴത്തിന് 75 വരെ; വിപണിയിൽ പൊള്ളുന്ന വില
● പച്ചക്കറികളുടെയും പഴങ്ങളുടെയും വില കൂടി
● തമിഴ്നാട് പ്രളയം കേരളത്തിലെ പച്ചക്കറി വിപണിയെ ബാധിച്ചു
● വിലക്കയറ്റം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു
കാസർകോട്: (KasargodVartha) ശബരിമല സീസൺ തുടങ്ങിയതോടെ പച്ചക്കറി വില വാനോളം ഉയരത്തിലായി. അടുക്കളകളിൽ മുരിങ്ങക്കായ ഇല്ലാതെയാണ് സാമ്പാർ ഉണ്ടാക്കേണ്ടി വരുന്നതെന്നും ഇതിനൊരു രസക്കുറവുണ്ടെന്നും വീട്ടമ്മമാർ പറയുന്നു. മുരിങ്ങക്കായയുടെ നിലവിലെ വില 600 ൽ എത്തി നിൽക്കുന്നു. ഇത് വരാനിരിക്കുന്ന ക്രിസ്‌തുമസ്, പുതുവത്സര സീസണുകളെയും ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
പച്ചക്കറി വിലയിലുണ്ടായ വൻ വിലക്കുതിപ്പിന് കാരണമായിരിക്കുന്നത് തമിഴ്നാട്ടിലെ പ്രളയക്കെടുതി തന്നെയാണ്. കൃഷിയൊക്കെ അവിടെ വെള്ളപ്പൊക്കത്തിൽ മുങ്ങി. ഇത് നേരെയാക്കി എടുക്കാൻ സമയം ഏറെ പിടിക്കും. അതുകൊണ്ടുതന്നെ ഇത് ഏറെ ബാധിച്ചതും കേരളത്തെ തന്നെയാണ്. കേരളം പഴം, പച്ചക്കറികൾക്ക് ഏറെ ആശ്രയിക്കുന്നതും തമിഴ് നാടിനെയാണ്.
വിലക്കയറ്റം കുടുംബ ബജറ്റുകൾ ഏറെ ബാധിച്ചിട്ടുണ്ട്. മുരിങ്ങക്കായ വില 600 കടന്നതോടൊപ്പം തക്കാളി, നീരുള്ളി, ക്യാരറ്റ്, ബീറ്റ് റൂട്ട്, വെണ്ട, കാബേജ് തുടങ്ങിയ പച്ചക്കറികൾക്കും വില നാൾക്കുനാൾ കൂടി വരുന്നുണ്ട്. അതോടൊപ്പം പഴവർഗങ്ങളായ നേന്ത്രപ്പഴത്തിനും, കദളി പ്പഴത്തിനും കഴിഞ്ഞ കുറെ ദിവസങ്ങളിലായി 60 -75 രൂപയിൽ കുറവില്ല. ഇത് നേരത്തെ വർദ്ധിപ്പിച്ച വില തന്നെയാണ്. മറ്റ് അവശ്യസാധനങ്ങൾക്കും വിപണിയിൽ നേരിയ വിലക്കയറ്റമുണ്ട്.
അതേസമയം കോഴി വിലയിൽ അൽപം ഇടിവുണ്ടായിട്ടുണ്ട്. ചൗക്കി, മൊഗ്രാൽ, കാസർകോട്, ആരിക്കാടി ഭാഗങ്ങളിൽ കോഴിക്ക് 100 രൂപയും കുമ്പളയിൽ 120 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ 90 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു. എന്നിരുന്നാലും മറ്റ് സാധങ്ങൾക്കെല്ലാം പൊള്ളുന്ന വിലയാണ്.
ചുരുക്കിപ്പറഞ്ഞാൽ ടൗണിലെത്തിയാൽ കീശ കാലിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിപണിയിൽ സർക്കാർ ഇടപെടലുകൾ ഒന്നുമില്ലാത്തതും വില കയറ്റത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നുമുണ്ട്.
#Kerala #vegetableprices #inflation #foodcrisis #TamilNaduFloods #chickenprices