Snake | പഞ്ചായത് ഓഫീസില്‍ പാമ്പ് കയറി; ജീവനക്കാര്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
*വിടവിലൂടെ ഇടക്കിടെ ഇഴജന്തുക്കള്‍ കയറുന്നു.
*അടച്ചുറപ്പുള്ള ജനലും വാതിലും ഉണ്ടാക്കണം.
*അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നായിരുന്നു അധികൃതര്‍.
മഞ്ചേശ്വരം: (KasargodVartha) പഞ്ചായത് ഓഫീസില്‍ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. മഞ്ചേശ്വരം പഞ്ചായത് ഓഫീസിനകത്താണ് വ്യാഴാഴ്ച (02.05.2024) രാവിലെ പാമ്പിനെ കണ്ടത്. ജീവനക്കാര്‍ ഇരുന്ന സീറ്റിന് സമീപം പാമ്പിനെ കണ്ടതോടെ ഓഫീസിനകത്ത് ഉണ്ടായിരുന്നവര്‍ എല്ലാം പുറത്തേക്കിറങ്ങി ഓടി.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്ന് പാമ്പ് പിടുത്തക്കാരനെത്തി പാമ്പിനെ സഞ്ചിയിലാക്കി കൊണ്ടുപോയി. പഞ്ചായത് ഓഫീസും പരിസരവും കാടുമൂടി കിടക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാതിലിന്റെയും ജനലിന്റെയും വിടവിലൂടെ ഇടക്കിടെ ഇഴജന്തുക്കള്‍ ഓഫീസിനകത്ത് കടക്കാറുണ്ടെന്നും ജീവന്‍ പണയം വെച്ചാണ് ഇവിടെ ജോലി ചെയ്യുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
അടച്ചുറപ്പുള്ള ജനലും വാതിലും ഉണ്ടാക്കണമെന്ന് ഓഫീസ് പരിസരത്തെ കാടുകള്‍ വെട്ടിത്തെളിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നുമാണ് ജീവനക്കാരും പരിസരവാസികളും പറയുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേരാണ് പഞ്ചായത് ഓഫീസില്‍ എത്താറുള്ളത്. എല്ലാവരുടെയും ജീവന്‍ പണയം വെക്കുന്ന സമീപനമാണ് അധികൃതര്‍ തുടര്‍ന്നുവരുന്നതെന്ന് പൊതുജനങ്ങളും പറയുന്നു.
വിഷപ്പാമ്പിനെയാണ് പിടികൂടിയത്. ഇതിനെ കാട്ടിലേക്ക് വിടുമെന്നാണ് അറിയുന്നത്. അതേസമയം പാമ്പിനെ കണ്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നായിരുന്നു അധികൃതര്‍ പ്രതികരിച്ചത്.