Awareness | വിവാഹ ആഡംബരം, ആഭാസങ്ങൾ, ലഹരി ഉപയോഗം: ബോധവൽക്കരണത്തിന് എസ് എം എഫ് ദർശനം 2024
നീലേശ്വരം: (KasargodVartha) സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും നടത്തുന്ന 'ദർശനം 24 മഹല്ല് പൊതുജന കൺവെൻഷൻ' കാസർകോട് ജില്ലയിൽ ഉജ്ജ്വലമായി ആരംഭിച്ചു. വിവാഹ ആഡംബരം, ആഭാസങ്ങൾ, ലഹരി ഉപയോഗം, വിവാഹ മോചനങ്ങൾ തുടങ്ങിയ സമൂഹത്തിലെ അധാർമിക പ്രവണതകൾക്കെതിരെ മഹല്ലുകളിൽ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച് നടത്തുന്ന ബോധവൽക്കരണ പരിപാടിയാണ് എസ്.എം.എഫ് ദർശനം 2024.
നീലേശ്വരം കോട്ടപ്പുറം ഇസ് ലാഹുൽ ഇസ്ലാം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 'ദർശനം 2024' ൻ്റെ ജില്ലാതല ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും, എസ് എം എഫ് ജില്ലാ പ്രസിഡണ്ടുമായ യു.എം.അബ്ദുർ റഹ്മാൻ മൗലവി നിർവ്വഹിച്ചു. യുവതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. എസ് എം എഫിന്റെ കർമ്മ പദ്ധതികൾ മഹല്ലുകളിൽ നടപ്പിലാക്കുന്നതോടെ ഇത്തരം സാമൂഹിക വിപത്തുകൾക്കും, വിവാഹധൂർത്ത്, ആഭാസങ്ങൾ എന്നിവക്ക് ഒരു പരിധിവരെ തടയിടാൻ മഹല്ലു കമ്മിറ്റികൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട് കെ.പി കമാൽ പതാക ഉയർത്തി ആരംഭിച്ച പരിപാടിയിൽ എസ് എം എഫ് സംസ്ഥാന സെക്രട്ടറി സി ടി അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം എ എച്ച് മഹ്മൂദ് ചെങ്കള സ്വാഗതം പറഞ്ഞു. സംസ്ഥാന വഖഫ് സമിതി ജനറൽ കൺവീനർ എ പി പി കുഞ്ഞഹമ്മദ് ഹാജി തൃക്കരിപ്പൂർ ആമുഖഭാഷണം നടത്തി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അഡ്വ: ഓണമ്പള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. ഹജ്ജ് കമ്മിറ്റി മെമ്പർ പി പി മുഹമ്മദ് റാഫി, മണ്ഡലം പ്രസിഡണ്ട് ഇ.എം.കുട്ടി ഹാജി, എ ഹമീദ് ഹാജി കാഞ്ഞങ്ങാട്, പി കെ അബ്ദുൽ ഖാദർ ചീമേനി, സി മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട് , റഫീഖ് കോട്ടപ്പുറം, ഇ. ഷജീർ നീലേശ്വരം, ഇബ്രാഹിം ഹാജി ഒടയംചാൽ, കുഞ്ചാർ മുഹമ്മദ് ഹാജി, അഹമ്മദ് ഫാളിലി പാണത്തൂർ, മുഹമ്മദ് ഷാഫി ഫൈസി, മുനീർ ഫൈസി നിസാമി, മജീദ് നിസാമി, എൻ പി അബ്ദുൽ ഹമീദ് മാസ്റ്റർ, കെ.എം.കെ. പടന്ന എന്നിവർ സംസാരിച്ചു.
ജില്ലാ നേതാക്കൾ, വിവിധ മണ്ഡലം/ മേഖല, പഞ്ചായത്ത്/ മുനിസിപ്പൽ നേതാക്കൾ, ജില്ലാ പ്രീമെരിറ്റൽ ആർ.പി.മാർ, ദർശനം 2024 ആർ.പി.മാർ, തുടങ്ങിയവർ സംബന്ധിച്ചു.