Scholar | 90ന്റെ നിറവിലാണ് എസ് എം വിദ്യാനഗർ

● 1936-ൽ കാസർകോട് ജില്ലയിലെ ആലംപാടിയിലാണ് ജനിച്ചത്.
● അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
● 90-ാം വയസ്സിലും അദ്ദേഹം എഴുത്തിൻ്റെ ലോകത്ത് സജീവമാണ്.
അസ്‌ലം മാവില
(KasargodVartha) എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, അധ്യാപകൻ, ഗ്രന്ഥകാരൻ, വിവർത്തകൻ, പണ്ഡിതൻ, കൃഷിക്കാരൻ.... വേറിട്ടൊരു ജീവിതം. പച്ചയായ മനുഷ്യൻ. എളിമയുടെ പര്യായം. അറിവിന് പിന്നാലെ യാത്ര. അറിവില്ലായ്മക്കെതിരെ സന്ധിയില്ലാത്ത പോരാളി. എസ് മുഹമ്മദ് വിദ്യാനഗർ എന്ന എസ് എം വിദ്യാനഗർ ഇതൊക്കെതന്നെയാണ്. അൽബുഷ്റ അറബിക് മാസികയിലേക്ക് ലേഖനം അയക്കാനുള്ള തിരക്കിലാണ് അദ്ദേഹം, ഒരു ശിഷ്യൻ കൂടെയുണ്ട്. വിശ്രമജീവിതത്തിലും എഴുത്തിൻ്റെ ലോകത്ത് എസ് എം വിദ്യാനഗർ ഉണ്ട്, തൻ്റെ സാന്നിധ്യം അറിയിച്ചു കൊണ്ട്.
1936 ൽ ആലംപാടിയുടെ വടക്ക് ഭാഗത്തുള്ള സുബ്ബൻതൊട്ടിയിലെ ഒരു കർഷക കുടുംബത്തിലാണ് എസ് എം വിദ്യാനഗർ ജനിച്ചത്. നാലാം വയസ് വരെ എളാപ്പയായ ഹസൈനറിനും കുടുംബത്തിനുമൊപ്പം ഉപ്പയുടെ കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഉപ്പാപ്പയായ സുബ്ബൻതൊട്ടി അന്തിഞ്ഞിയും ഉപ്പാന്റെ ഉമ്മയായ മറിയവും എസ് എമ്മിന്റെ ജനനത്തിന് മുമ്പേ തന്നെ പരലോകം പുൽകിയിരുന്നു. നായന്മാർമൂലയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയിരുന്ന ബാരിക്കാട് വലിയ കുഞ്ഞാലി ഹാജിയുടെയും മറിയയുടെയും മകളായ എൻ കെ ആയിഷയാണ് ഉമ്മ.
കുടുംബങ്ങളെയും ബന്ധുക്കളെയും പരിചയപ്പെടുന്ന സർവ്വരെയും ചേർത്തു പിടിക്കാനും ഒപ്പംനിർത്താനും ബാരിക്കാട് വലിയ കുഞ്ഞാലി ഹാജിക്ക് സാധിച്ചു. നാട്ടുകാർക്കും ഇതര സമുദായങ്ങൾക്കും വലിയ പരിഗണന നൽകിയ ആളായിരുന്നു അദ്ദേഹം. തന്റെ സഹോദരങ്ങൾക്കിടയിൽ വലിയ കുഞ്ഞാലി ഹാജി സാഹിബിനായിരുന്നു നേതൃത്വം. ഇംദാദുൽ ഇസ്ലാം മദ്രസയും (തീൻബീഹൂൽ ഇസ്ലാം മദ്രസ്സയ്ക്ക് മുമ്പ്) ഭൗതിക വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ കർമികത്വത്തിൽ ആരംഭിച്ചു. പള്ളി നിർമാണത്തിന്റെ നേതൃത്വവും സഹോദരങ്ങളുടെ പിന്തുണയിൽ ഏറ്റെടുത്തു. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ നിന്നുള്ളവരുടെ പ്രശ്നങ്ങൾക്ക് അദ്ദേഹം പരിഹാരം കണ്ടു.
ഔദ്യോഗിക തലങ്ങളിലുള്ളവർ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മാനിക്കുകയും മുഖവിലയ്ക്കെടുക്കുകയും ചെയ്തിരുന്നു. അഞ്ചാം വയസ്സിൽ എസ് മുഹമ്മദും (എസ് എം വിദ്യാനഗർ) സഹോദരങ്ങളും ഉപ്പായുടെ കൂടെ നായന്മാർമൂലയിലേക്ക് താമസം പറിച്ചു നട്ടു. മാതൃപിതാവിന്റെ സ്കൂളിലെ പഠനത്തോടൊപ്പം തന്നെ ഉപ്പയോടൊത്തുള്ള കൃഷിയിലും തല്പരനായിരുന്നു. പിന്നീട് തായി ഉസ്താദിന്റെ ശിക്ഷണത്തിൽ ആലിയ: സ്ഥാപനത്തിൽ അഞ്ചു വർഷത്തോളം നീണ്ടു നിന്ന പഠനം. അധ്യാപകൻ സ്വലാഹുദ്ദീൻ മൗലവിയുടെ സമശീർഷകൻ. ഇഖ്ബാലിന്റെ കവിതകളെ പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും അവിടെ വെച്ചാണ്.
ആ ക്യാമ്പസിൽ നിന്നാണ് ഉറുദു പഠിച്ചതും അതിനോട് ഭ്രമം തോന്നിയതും. ഒരേ കാലഗണനയിലാണ് എസ് എം വിദ്യാനഗറും സ്വലാഹുദ്ദീൻ മൗലവിയും ഫാറൂഖ് റൗളത്തുൽ ഉലൂം കോളേജിൽ എത്തുന്നത്. സ്വലാഹുദ്ദീൻ മൗലവി അദ്ധ്യാപകന്റെ റോളിലും എസ് എം വിദ്യാനഗർ വിദ്യാർത്ഥിയുടെ റോളിലും. 1958 -ൽ ഫാറൂഖ് റൗളത്തുൽ ഉലൂം കോളേജിൽ 'അഫ്ദലുൽ ഉലുമ' ബിരുദം നേടി. അതിനിടെ എസ്.എസ്.എൽ.സി എന്ന കടമ്പയും കടന്നു. ബിരുദവിദ്യാഭ്യാസത്തിനിടയിൽ തന്നെ സ്വലാഹുദ്ദീൻ മൗലവിയുടെ സജീവപിന്തുണയോടെ ഉറുദു പഠനവും അധ്യാപനവും ഒരേ നൂലിൽ കോർത്തു മുന്നോട്ട് പോയി. മലയാളത്തിലും ഉറുവിലും അറബിയിലും വൈകാതെ കൈ തഴക്കം വന്നു.
'അഫ്ദലുൽ ഉലുമ' ബിരുദം ലഭിച്ചതോടെ ഔദ്യോഗികമായി അധ്യാപകനായി സ്കൂളിൽ നിയമിതനായി. അധ്യാപനത്തിന്റെ ആദ്യനാൾവഴികൾ കോഴിക്കോട് ചാലിയം ഉമ്പിച്ചി സ്കൂളിലായിരുന്നു ചെലവഴിച്ചത്, 5 വർഷക്കാലം (അത് ഗവ. സ്കൂൾ ആയിരുന്നില്ല). ആ കാലഘട്ടത്തിലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിലെ അസി. എഡിറ്റർ അബൂബക്കറിനെ പരിചയപ്പെടുന്നതും സൗഹൃദം പുലരുന്നതും എഴുത്തിൻറെ ലോകത്തിലേക്ക് ചുവടു വെയ്ക്കുന്നതും. പ്രസിദ്ധീകരണത്തിന്റെ ആദ്യ പേജുകളിൽ തന്നെ അദ്ദേഹത്തിന്റെ എഴുത്തിന് സ്ഥാനം നൽകിയിരുന്നു. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസം മന്ത്രി മൗലാനാ ആസാദിന്റെ ഉറുദുവിലെ എഴുത്തുകൾ മലയാളത്തിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ മൊഴി മാറ്റം ചെയ്തു.
എൻ വി ദേവൻ, എ കെ നായർ എം. എ, കെ കെ മുഹമ്മദ് മദനി, ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി തുടങ്ങിയവർ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ എഴുതുന്ന കാലം. സംവാദങ്ങളിൽ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി മൗലവി എഴുതിയത് എസ് എമ്മിന് ഓർമ്മയുണ്ട്. ആദ്യമൊക്കെ എസ് മുഹമ്മദ് വിദ്യാനഗർ എന്ന പേര് എഴുത്തിന്റെ പോരിശയാൽ എസ് എം വിദ്യാനഗർ എന്ന തൂലികാനാമമായി പരിവർത്തിച്ചു. ഫാറൂഖ് റൗളത്തുൽ ഉലൂം കോളേജിൽ തങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചു എന്ന് പറയുന്നു (കെ.എസ്.കെ തങ്ങളാണോ വി കെ കെ തങ്ങളാണോ എന്ന് ഓർമ്മയില്ല). അത് പോലെ അബൂബക്കർ മൗലവി, സ്വലാഹുദ്ദീൻ മൗലവി, പറപ്പൂർ മൗലവി തുടങ്ങിയവർ അധ്യാപകർ ആയിരുന്നു.
കോഴിക്കോട് ചാലിയം ഉമ്പിച്ചി സ്കൂൾ കഴിഞ്ഞ് പഴയങ്ങാടി സ്കൂൾ, വള്ളികോത്ത് സ്കൂൾ, കണ്ണൂർ മുൻസിപ്പൽ ഹൈസ്കൂൾ, വള്ളിക്കുന്ന് സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപക നിർവഹണം നടത്തി. ഇതിനിടയിൽ ആറ് മാസം തിരുവനന്തപുരത്ത് അറബിക് അധ്യാപക പരിശീലനം പൂർത്തിയാക്കി. കാസർകോട് മുൻസിപ്പൽ ഹൈസ്കൂളിലും പഠിപ്പിച്ചു. പട്ല ഗവ. സ്കൂളിൽ 1967-68 വർഷത്തിലായിരുന്നു അധ്യാപനം. അടുത്ത വർഷം തളങ്കര ഗവ മുസ്‌ലിം സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി. പട്ലയിലെ ടി എച്ച് എം പട്ല, ബി. അബ്ദുല്ല, എസ്. അബ്ദുറഹ്മാൻ, പി. അബ്ദുല്ല തുടങ്ങിയവർ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണ്. പട്ല എം എച്ച് എം മദ്രസയുടെ വാർഷികാഘോഷങ്ങളിൽ അതിഥിയായി പങ്കെടുത്തിരുന്നു. അബ്ദുൽ ഖാദർ ഹാജി, മൂസ ഹാജി, അബ്ദുല്ല മുക്രി, പി മുഹമ്മദ് കുഞ്ഞി, സീതി പട്ല, കുഞ്ഞാമു പി, കൊല്യ മാഷ് തുടങ്ങിയർ അദ്ദേഹത്തെ അറിയുന്നവരായിരുന്നു.
കാസർകോട് ഗവ. ഹൈസ്കൂൾ, തളങ്കര ഗവ മുസ്‌ലിം ഹൈസ്കൂൾ അധ്യാപനായിരിക്കെ പട്ല തായൽ ജുമാ മസ്ജിദിൽ ഖത്തീബായും സേവനം ചെയ്തു. മഹാകവി ടി ഉബൈദ് സാഹിബ് അദ്ദേഹത്തിന്റെ ജ്യേഷ്ഠ സുഹൃത്തായിരുന്നു. എസ് എം വിദ്യാനഗറിന്റെ ചെറിയ പുസ്തകത്തിന്റെ ആമുഖം ടി ഉബൈദ് ആയിരുന്നു എഴുതിയത്. അദ്ദേഹത്തിന്റെ മൂന്ന് - നാല് പുസ്തകങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അറബിക് അദ്ധ്യാപക നേതൃത്വത്തിലും സംഘാടനത്തിൻ്റെ തിരക്കിലും ഇസ്ലാഹി പ്രവർത്തനങ്ങളിൽ സജീവമായത് കൊണ്ടും എഴുതുന്നതിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞുമില്ല. മാതൃഭൂമി, ചന്ദ്രിക, അൽഅനാർ, സനാബീൽ, വിചിന്തനം, ശബാബ്, ഉത്തരദേശം, കാരവൽ, അൽ ബുഷ്റ...തുടങ്ങിയ പത്ര-വാരിക-മാസികകളിൽ അദ്ദേഹത്തിന്റെ മഷി പുരണ്ടു.
ഗവൺമെന്റ് സർവീസ് കഴിഞ്ഞു (1991ന് ശേഷം) കാസർകോട് ജില്ലയിലെ കൂഞ്ചത്തൂർ അറബിക് കോളേജിലും വിദ്യാനഗർ ഇസ്ലാഹി അറബിക് കോളേജിലും എസ് എം വിദ്യാനഗർ പ്രിൻസിപ്പാളായി സേവനം ചെയ്തിരുന്നു. ഭാര്യ. മറിയം കെ കെ പുറം, തളങ്കര. മാതാപിതാക്കൾ: സുബ്ബൻതൊട്ടി അബ്ദുൽ റഹ്മാൻ (ആലംപാടി). എൻ കെ ആയിഷ (ബാരിക്കാട്). മക്കൾ: എം. അബ്ദുൽ റഹ്മാൻ, എം. റംല, എം. ആയിഷ, പരേതനായ എം. മുനീർ, എം. സക്കറിയ, എം. മൈമൂന, എം. നസീറ. മരുമക്കൾ: ആയിഷ ചട്ടഞ്ചാൽ, അബ്ദുറഹ്മാൻ നെല്ലിക്കുന്ന്, ശംസുദ്ധീൻ ചെളിയങ്കോട്, ഫൗസിയ ബെണ്ടിച്ചാൽ, അബ്ദുല്ല നായന്മാർമൂല, അനീസ് ഏർമാളം, ആയിഷ ചെമനാട്.
പേരക്കുട്ടികൾ: മുസ്തഫ, റഹില മുനവ്വറലി, മുൻസീർ, മർസാ, മെഹ്റ, കബീർ, ശരീഫ്, സിലാൽ, അസ്ന, ഹമ്ന മുനവ്വർ, ഹാറൂൺ, യൂനുസ്, ഹിഷാം, ഫരീദ, സൽമാ, നസുറുദ്ദീൻ, റഫീക്ക് സുബൈദ, നൈല, നുസ, അമാൻ, ആബിദ, അൽത്താഫ്, അസീം, ഹവ്വ ഫതൂം, മറിയ ഹനീൻ, സാജിദ, റാശിദ്, മുഹമ്മദ്, ഉമർ, ഹബീബ്, ഫാത്തിമ, യൂസുഫ്, അനസ്, അയ്യൂബ്, റൈഹാൻ, സൈദ്, ഷുഹൈബ്, അതീഖ, സിയാൻ, യൂനുസ്, ഷഹർബാൻ, ഷാക്കിർ പട്ല, ആദം ഇസാൻ, ഈസ ഐസിൻ, ഫൗസിയ, സബാഹ് പട്ല, ഷൈമ, റജഹ. സഹോദരങ്ങൾ: പരേതനായ എസ്. അബ്ദുല്ല, എസ്. മറിയം, എസ്. ഹവ്വ, എസ്. മുഹമ്മദലി, എസ്. അബ്ദുൽ ഹമീദ്, എസ്. ഫാത്തിമ.
പ്രവർത്തനങ്ങൾ: ഡോക്ടർ എ മൊഗ്രാൽ, എ കെ ശെറുൽ, മാണിപ്പാടി, കൊല്യ അബ്ദുല്ല, ജലാലുദ്ദീൻ മൗലവി, എം. പി. മുഹമ്മദ് മാഷ്, അംഗടിമുഗർ സലാം മാഷ്, അന്ത്രുച്ച തുടങ്ങിയ പഴയകാല ഇസ്ലാഹി നേതാക്കളും പ്രവർത്തകരും എസ് എമ്മുമായി പ്രവർത്തിച്ചു. കേരളത്തിലെ സംസ്ഥാന ഇസ്ലാഹി നേതൃത്വത്തിനും കാസർകോട്ടിലെ ഇസ്ലാഹി കാരണവരായ എസ് എം വിദ്യാനഗരെ നന്നായി അറിയുകയും ചെയ്യും. മലയാളി വായനക്കാർക്കും അദ്ദേഹത്തെ അറിയും. പുത്തൂർ സലാം മൗലവി, ബഷീർ ബി, മുഹമ്മദ് കുഞ്ഞി മദനി പട്ല, ടി എച്ച് എം, ഹാശിം അംഗടിമുഗർ..... തുടങ്ങി നൂറുകണക്കിന് ഇസ്ലാഹീ കാസർകോട്ടുകാരോടും കൂടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിശ്രമജീവിതത്തിലും ഏറ്റവും പുതിയ ഇസ്ലാഹി ചലനങ്ങളും പ്രവർത്തനങ്ങളും അവരുടെ ചർച്ചകളും അദ്ദേഹം ശ്രദ്ധിക്കാറുമുണ്ട്.
എസ് എം വിദ്യാനഗർ ജനിക്കുന്നത് 1936. ഉബൈദ് സാഹിബ് മരിക്കുമ്പോൾ വയസ് 64. അന്ന് എസ് എം വിദ്യാനഗറിന് 36 വയസ്സുണ്ട്. ഇവർ രണ്ടുപേരും ആകട്ടെ അനിയ-ജ്യേഷ്ഠ സുഹൃത്തുക്കളും ഒരേ ആശയക്കാരും.. ഇസ്ലാഹി നേതാവും, പണ്ഡിതനും, രാഷ്ട്രീയ നേതാവും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുമായ മുഹമ്മദ് അബ്ദുർ റഹിമാൻ സാഹിബ് (1898-1945 ), രണ്ടാം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന പേരില്‍ അറിയപ്പെട്ട മുഹമ്മദ് ശെറുല്‍ സാഹിബ് (1897 - 1937), ടി ഉബൈദ് ഈ രണ്ട് പേരെ കുറിച്ചും അവരെ കുറിച്ച് നന്നായി പറഞ്ഞിട്ടുമുണ്ട്.
മാത്രമല്ല 1928ൽ കുമ്പള ഫിഷറീസ് സ്കൂളിൽ (മുനീറുൽ ഇസ്‌ലാം സ്‌കൂൾ) ടി ഉബൈദ് അധ്യാപനുമായിരുന്നു. അതാകട്ടെ ശെറുൽ സാഹിബിൻ്റെ നേതൃത്വത്തിലുള്ള സ്കൂളും. അതേ സമയം, എസ് എം വിദ്യാനഗറിൽ നിന്നും അവരെ കുറിച്ച് കൂടുതൽ എനിക്ക് ലഭിച്ചില്ല. മറ്റൊരു സന്ദർഭത്തിൽ എസ് എം വിദ്യാനഗറോട് മുഹമ്മദ് അബ്ദുർ റഹിമാൻ സാഹിബിനെ കുറിച്ചും മുഹമ്മദ് ശെറുല്‍ സാഹിബിനെ കുറിച്ചും അത് പോലെ എസ് എം വിദ്യാനഗറിൻ്റെ ആത്മ സുഹൃത്തായിരുന്ന കെ എസ് അഹമ്മദ് തെരുവത്തിനെ കുറിച്ചും, ടി ഉബൈദിനെ കുറിച്ചും പിന്നൊരിക്കൽ അദ്ദേഹത്തോട് സംസാരിക്കാം, എഴുതാം. പ്രതീക്ഷയോടെ.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
S M Vidyanagar, a multifaceted personality who has excelled as a writer, speaker, organizer, teacher, and scholar, celebrates his 90th birthday. His life is a testament to his dedication to knowledge and his contributions to society.
#SMVidyanagar, #Scholar, #90thBirthday, #Kasargod, #Teacher, #Writer