'അക്രമികളെ നേരിടാന്‍ പോലീസ് ആര്‍ജ്ജവം കാണിക്കണം'
Apr 3, 2012, 08:00 IST

കാസര്‍കോട്: കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ അടിക്കടിയുണ്ടാകുന്ന അക്രമങ്ങളെ ജാതിമതരാഷ്ട്രീയ വ്യത്യാസം കൂടാതെ നേരിടാന്‍ പോലീസുദ്യോഗസ്ഥര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തി വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമ്പോള്‍ പോലീസുദ്യോഗസ്ഥര്‍ നോക്കുകുത്തികളാകുന്നത് സേനയ്ക്കുത്തന്നെ അപമാനമാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ മുഖംനോക്കാതെ നടപടി എടുക്കുന്നതിന് പകരം അത്തരക്കാര്‍ അനുമതിയില്ലാതെ നടത്തുന്ന പ്രകടനങ്ങള്‍ക്ക് അകമ്പടിസേവിക്കുകയും അവര്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കല്ലേറുനടത്തുമ്പോഴും നിരപരാധികളായ ആളുകളെ അക്രമിക്കുമ്പോഴും അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് അറസ്റ് ചെയ്യുന്നതിനും പകരം അക്രമികള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് പോലീസിന്റേത്.
ഇവിടെ പൂഴിമാഫിയകള്‍ക്കെതിരെയും മറ്റും കര്‍ക്കശ നടപടി സ്വീകരിക്കുന്ന കാസര്‍കോട് എ.എസ്.പി വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നേരിടുന്നതില്‍ കാണിക്കുന്ന മൌനം പൊതുജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ്. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ മുളയിലെ നുള്ളിക്കളയുന്ന തരത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനും വാഹനങ്ങള്‍ ഓടിക്കാനും സാധാരണക്കാര്‍ക്ക് ധൈര്യമായി നടന്നുപോകാനും പോലീസുദ്യോഗസ്ഥര്‍ സൌകര്യം ഒരുക്കിയില്ലായെങ്കില്‍ എ.എസ്.പി ഓഫീസ് മാര്‍ച്ച് അടക്കമുളള പ്രക്ഷോഭപരിപാടികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി.
Keywords: SKSSF, Kasaragod