Issues | അടുത്തവർഷം തുറന്നു കൊടുക്കേണ്ട 6 വരി ദേശീയപാത തീവ്രമഴയിൽ മുങ്ങി; അശാസ്ത്രീയമായ നിർമാണം ഇനിയെങ്കിലും പുന:പരിശോധിക്കണമെന്ന് നാട്ടുകാർ
● ഓവുചാലുകൾ അപര്യാപ്തം.
● നാട്ടുകാർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.
● നേരിയ മഴ പോലും റോഡിൽ വെള്ളക്കെട്ടിന് കാരണമാകുന്നു.
ഉപ്പള: (KasargodVartha) അടുത്തവർഷം ഗതാഗതത്തിനായി തുറന്നു കൊടുക്കേണ്ടതും, മിനുക്ക് പണികൾ ഒഴിച്ച് ജോലികൾ 80 ശതമാനം പൂർത്തിയാക്കുകയും ചെയ്ത തലപ്പാടി- ചെങ്കള റീച്ച് ആറുവരിപ്പാത തീവ്ര മഴയിൽ മുങ്ങിയതോടെ പരിസര പ്രദേശവാസികൾ വെള്ളപ്പൊക്ക കെടുതിയിലായി. ജില്ലയിലെ പലഭാഗങ്ങളിലും ദേശീയപാത തീവ്ര മഴയിൽ പുഴയായി മാറുന്ന കാഴ്ചയാണ് കണ്ടത്.
പല ഭാഗങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. ഇരുചക്ര വാഹനക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത വിധത്തിൽ ദേശീയപാതയിലും, സർവീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളത്തിന്റെ ഒഴുക്ക് താഴെയുള്ള സർവീസ് റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഓവുചാലുകളുടെ പണി പകുതി വഴിയിലായതിനാൽ ദേശീയപാതയുടെ സമീപത്ത് താമസിക്കുന്ന വീടുകളിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കും, ആരാധനാലയങ്ങളിലേക്കും വെള്ളം കയറി.
ഒറ്റയൊരു മഴയിൽ തന്നെ വലിയ ദുരിതം അനുഭവിക്കേണ്ടി വന്നത് നിർമാണ മേഖലയിലെ അശാസ്ത്രീയതയുടെ തെളിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തിങ്കളാഴ്ച ഉണ്ടായ കനത്ത മഴയിൽ ദേശീയപാത മുഴുവൻ വെള്ളത്തിൽ മുങ്ങി. മുൻകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും അവർ പരാതിപ്പെടുന്നു.
ദേശീയപാത നിർമാണത്തിൽ പരക്കെ തുടക്കത്തിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നതാണ്. മതിൽ കെട്ടിയുള്ള നിർമാണ രീതിയെ അന്ന് തന്നെ പ്രദേശവാസികൾ ഒന്നടങ്കം ചോദ്യം ചെയ്‌തിരുന്നു. മതിലുകൾക്ക് പകരം തൂണുകൾ സ്ഥാപിച്ചു വേണം നിർമ്മിക്കേണ്ടിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. കേൾക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാത്തതിന്റെ ദുരിതമാണ് ഇന്ന് ദേശീയപാതയിൽ ഉണ്ടായിട്ടുള്ളതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വെള്ളം ഒഴുകി പോകേണ്ട ഓവുചാൽ നിർമാണം തന്നെ അശാസ്ത്രീയം എന്നാണ് നാട്ടുകാർ പറയുന്നത്. ഇതാണ് ദേശീയപാതയുടെ സമീപ പ്രദേശവാസികൾക്ക് ദുരിതമായത്.
അടുത്തവർഷം ആറുവരിപ്പാത തുറന്നു കൊടുക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം. ഇതെങ്ങനെ സാധ്യമാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നിർമാണം തുടങ്ങി മൂന്ന് വർഷം പിന്നിടുമ്പോൾ ഓരോ വർഷവും മഴക്കാലത്തെ ദുരിതവും, അശാസ്ത്രീയതയും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു.എന്നാൽ ഇതൊന്നും ചെവി കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.
മഴക്കാലത്ത് ഉപയോഗിക്കാനും, മഴയെ പ്രതിരോധിക്കാനും പറ്റാത്ത തരത്തിലാണ് ആറുവരിപ്പാതയുടെ നിർമ്മാണമെന്ന് പ്രദേശവാസികൾ പറയുന്നുണ്ട്. പൂർത്തിയായ റോഡ് സംവിധാനത്തിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഇനിയെന്ത് സംവിധാനമാണ് ഉണ്ടാക്കാൻ കഴിയുകയെന്നും നാട്ടുകാർ ചോദിക്കുന്നു. ദീർഘവീക്ഷണമില്ലാതെയുള്ള നിർമാണ പ്രവൃർത്തിയാണ് ദേശീയപാതയിൽ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
#Flooding #NationalHighway #Uppala #InfrastructureIssues #Kerala #HeavyRain