Accident | പൊലീസ് രഹസ്യാന്വേഷണ വിഭാഗം എസ്ഐയുടെ കാർ കാട്ടുപോത്ത് ഇടിച്ച് തകർന്നു; ഉദ്യോഗസ്ഥൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഇരിയണ്ണി - ബോവിക്കാനം റോഡിലെ ചിപ്ലിക്കയയിലാണ് അപകടം നടന്നത്
ഇരിയണ്ണി: (KasaragodVartha) പൊലീസ് രഹസ്യാന്വേഷണ വിഭാഗം എസ്ഐയുടെ കാർ കാട്ടുപോത്ത് ഇടിച്ച് തകർന്നു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ രാജൻ മുന്നാടിന്റെ മാരുതി ബ്രസ കാറാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ 3.45 മണിയോടെ ഇരിയണ്ണി - ബോവിക്കാനം റോഡിലെ ചിപ്ലിക്കയയിലാണ് അപകടം നടന്നത്.
മൈസൂറിൽ പഠിക്കുന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ബോവിക്കാനം ടൗണിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് എസ്ഐ രാജൻ കാസർകോട് വാർത്തയോട് പറഞ്ഞു. കാർ എത്തുന്നതിന് തൊട്ട് മുമ്പാണ് ഭീമൻ കാട്ടുപോത്ത് കുറുകെ ചാടിയത്. കാറിന്റെ ബോണറ്റും മറ്റും തകർന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ഒരു പോറൽ പോലും ഇല്ലാതെ രക്ഷപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധുക്കളെ വിളിച്ച് മറ്റൊരു കാറിലാണ് മകളെ വീട്ടിലെത്തിച്ചത്. ഇരിയണ്ണി-ബോവിക്കാനം ഭാഗം കാട്ടുപോത്തും പന്നിയും അടക്കമുള്ളവയുടെ വിഹാര കേന്ദ്രങ്ങളാണ്. ഒട്ടേറെ അപകടങ്ങൾ ഇതിന് മുമ്പും ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്. കാട്ടാനകളുടെ ശല്യവും മുമ്പുണ്ടായിട്ടുണ്ട്. അടുത്തകാലത്താണ് ആനകളുടെ ശല്യം കുറഞ്ഞത്. അപകടത്തിൽ കാറിന് ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.