മണല്‍ മാഫിയയുടെ അക്രമത്തില്‍ തളരാതെ എസ്.ഐ രാജേഷ് തിരിച്ചെത്തി; ദൗത്യം കാസര്‍കോട്ട്
Jun 25, 2014, 16:42 IST
കാസര്‍കോട്: (www.kasargodvartha.com 25.06.2014) മണല്‍ മാഫിയയുടെ അക്രമത്തില്‍ തളരാതെ ബേക്കല്‍ എസ്.ഐ ആയിരുന്ന എം. രാജേഷ് തിരിച്ചെത്തി. കാസര്‍കോട് പ്രിന്‍സിപ്പള്‍ എസ്.ഐയായാണ് രാജേഷ് നിയമിതനായത്. രാജേഷ് ബുധനാഴ്ച രാവിലെ ടൗണ്‍ എസ്.ഐയായി ചുമതലയേറ്റു.
2014 ഫെബ്രുവരി 17ന് അര്‍ദ്ധ രാത്രിയോടെയാണ് ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട പള്ളിക്കര കല്ലിങ്കാലില്‍ വെച്ച് മണല്‍ മാഫിയ സംഘം എസ്.ഐ രാജേഷിനെ മണല്‍ കടത്തുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ച് വധിക്കാന്‍ ശ്രമിച്ചത്. നാട്ടുകാരില്‍ നിന്നും മണല്‍ കടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ എസ്.ഐ സംഭവസ്ഥലത്തുണ്ടായിരുന്ന വാന്‍ തടഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം അരങ്ങേറിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ്.ഐ രാജേഷ് ഒരാഴ്ചയ്ക്ക് ശേഷമാണ് അപകടനില തരണം ചെയ്തത്. മംഗലാപുരത്തും നാട്ടിലുമായി അഞ്ച് മാസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ സുഖം പ്രാപിച്ചതോടെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐയായി ചുമതലയേറ്റിരിക്കുന്നത്.
2007 ബാച്ചില്‍ പെട്ട എസ്.ഐ രാജേഷ് മഞ്ചേശ്വരം, കാസര്‍കോട് ട്രാഫിക് എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് ബേക്കല്‍ എസ്.ഐയായി നിയമിതനായത്. മഞ്ചേശ്വരത്ത് മണല്‍ മാഫിയയുടെയും കള്ളക്കടത്ത് സംഘത്തിന്റെയും പേടിസ്വപ്‌നമായിരുന്നു എസ്.ഐ രാജേഷ്. ബേക്കലില്‍ എത്തിയപ്പോഴും അദ്ദേഹം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി തന്നെ നേരിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് എസ്.ഐയെ മനപൂര്‍വ്വം മണല്‍ മാഫിയ സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ഉള്‍പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്ത് നിയമ നടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ബേക്കലില്‍ ഉണ്ടായ അക്രമത്തിന് ശേഷം ചികിത്സയ്ക്കും മറ്റുമായി ഇതുവരെ അവധിയിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ ആയിരുന്ന ടി. ഉത്തംദാസ് സി.ഐ ആയി പ്രമോഷന്‍ ലഭിച്ച് കണ്ണൂരിലേക്ക് സ്ഥലംമാറിപ്പോയത്. ഈ ഒഴിവിലേക്കാണ് എസ്.ഐ രാജേഷ് ഔദ്യോഗിക പദവിയില്‍ വീണ്ടും തിരിച്ചെത്തിയത്.
നേരത്തെ മഞ്ചേശ്വരത്ത് ജോലി ചെയ്തിരുന്നപ്പോഴും ഒരുപ്രതിയെ പിടിക്കാന്‍ ചെന്നപ്പോള്‍ രാജേഷിനെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും ചടുലതയും കൃത്യനിര്‍വഹണവുമായി മുന്നോട്ട് പോകാനും അക്രമികളെ അടിമച്ചമര്‍ത്താനും പ്രേരിപ്പിക്കുകയായിരുന്നു.
കര്‍മനിരതനായ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് സേനയ്ക്കുള്ളില്‍ അറിയപ്പെട്ടിരുന്ന രാജേഷ് സ്വന്തം തീരുമാന പ്രകാരം തന്നെയാണ് കാസര്‍കോട് എസ്.ഐയായി ഇപ്പോള്‍ എത്തിയിട്ടുള്ളത്. കാസര്‍കോട്ടുകാര്‍ നല്ല മനസ്ഥിതി ഉള്ളവരും സ്‌നേഹ സമ്പരുമാണെന്നാണ് എസ്.ഐ രാജേഷിന്റെ അഭിപ്രായം. അതുകൊണ്ട്തന്നെ കാസര്‍കോട്ട് പ്രവര്‍ത്തിക്കാന്‍ സന്തോഷമാണ്. പരാതികള്‍ക്കിടയില്ലാത്ത വിധം തന്റെ കൃത്യനിര്‍വഹണം തുടര്‍ന്നും മുന്നോട്ട് പോകുമെന്ന് എസ്.ഐ രാജേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ നാട്ടില്‍ ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമാനുസൃതമായി മണല്‍ കൊണ്ടുപോകുന്നവരെ ഒരുതരത്തിലും ദ്രോഹിക്കാന്‍ അനുവദിക്കില്ല. കാസര്‍കോട്ട് സംഘര്‍ഷം സൃഷ്ടിക്കുന്നത് പുറത്തുനിന്നുള്ളവരും ചില ഗൂഢശക്തികളുമാണന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരം സംഘങ്ങളെ ഇതിനകം തന്നെ കാസര്‍കോട്ടെ പോലീസ് സേന അമര്‍ച്ച ചെയ്ത് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ക്രമസമാധാന നില ഇതേരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പരിശ്രമിക്കുമെന്നും ജനങ്ങളുടെ ഭാഗത്ത് നിന്നും എല്ലാ സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട്ടെ പോലീസുകാര്‍ കൂട്ടായ്മയോടെ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. കുടുംബത്തിന്റെയും സേനാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ സഹായവും പിന്തുണയും കൊണ്ട് മാത്രമാണ് തനിക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞിരിക്കുന്നതെന്ന് എസ്.ഐ കൂട്ടിച്ചേര്‍ത്തു.
ക്രമസമാധാന പാലനത്തിനും കൃത്യനിര്‍വഹണത്തിനുമിടയില്‍ വരുന്ന അക്രമങ്ങളോ, ഭീഷണിയോ തന്നെ ഒരുവിധത്തിലും തളര്‍ത്തില്ലെന്ന സൂചനയാണ് എസ്.ഐ രാജേഷിന്റെ തിരിച്ചുവരവോട് വ്യക്തമാകുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ലഖ്‌നൗവില്‍ 58,844 പേര്‍ക്കായി ഒരു കക്കൂസ്!
Keywords : Kasaragod, Bekal, Police, Attack, hospital, Treatment, S.I Rajesh.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067