Shutters | ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നു; പാലായി ഷട്ടർ കം ബ്രിഡ്ജിജിന്റെ ഷട്ടറുകൾ ഏതു സമയത്തും തുറക്കുമെന്ന് അറിയിപ്പ്; ജാഗ്രത പാലിക്കാൻ നിർദേശം
* കാസർകോട്ട് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
കാസർകോട്: (KasaragodVartha) കനത്ത മഴയെ തുടര്‍ന്ന് കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് വർധിച്ച് നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിലേക്കുള്ള ജലനിരപ്പ് അപകട നിലയിലേക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ഷട്ടറുകൾ ഏതു സമയത്തും തുറക്കുന്നതാണെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. കാര്യങ്കോട് പുഴയുടെ ഇരുകരകളിലുമുള്ള തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാര്യങ്കോട് പുഴയ്ക്ക് കുറുകെ കയ്യൂർ–ചീമേനി പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും ബന്ധിപ്പിക്കുന്നതാണ് നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.