Protest | പടന്നക്കാട് കാര്‍ഷിക കോളജില്‍ അധ്യാപക ക്ഷാമം രൂക്ഷം; വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്ത് രക്ഷിതാക്കള്‍ സമരപാതയില്‍
എട്ട് അസോസിയേറ്റ് പ്രൊഫസര്‍മാര്‍ വേണ്ടിടത്ത് ആരും തന്നെയില്ല. 12 പ്രൊഫസര്‍ തസ്തികയില്‍ ആറ് പേര്‍ മാത്രമാണുള്ളത്
കാസര്‍കോട്: (KasaragodVartha) പടന്നക്കാട് കാര്‍ഷിക കോളജില്‍ അധ്യാപക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സമര രംഗത്തേക്കിറങ്ങുമെന്ന് പി ടി എ ഭാരവാഹികളും രക്ഷിതാക്കളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1972 ല്‍ സ്ഥാപിതമായ വടക്കേ മലബാറിലെ ഈ പ്രമുഖ കാര്‍ഷിക കോളജ് വര്‍ഷത്തില്‍ 30 വിദ്യാര്‍ഥികളുമായി തുടങ്ങിയതാണ്. ഇന്ന് പ്രതിവര്‍ഷം 110 കുട്ടികളും, 40 പി ജി വിദ്യാര്‍ഥികളും, 10 പി എച്ച് ഡിക്കാരുമായി ആകെ 500 പേർ പടന്നക്കാട് കോളജില്‍ പഠിക്കുന്നുണ്ട്.
തുടക്കക്കാലത്തുണ്ടായിരുന്ന സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇന്നും തുടരുന്നത്. കോളജില്‍ 61 അധ്യാപക തസ്തികകളാണ് ഇന്നും നിലവിലുള്ളത്. അതിന്റെ പകുതിപോലും അധ്യാപകരില്ലാത്ത അവസ്ഥയാണുള്ളത്. എട്ട് അസോസിയേറ്റ് പ്രൊഫസര്‍മാര്‍ വേണ്ടിടത്ത് ആരും തന്നെയില്ല. 12 പ്രൊഫസര്‍ തസ്തികയില്‍ ആറ് പേര്‍ മാത്രമാണുള്ളത്. ജൂണ്‍ 29നിറങ്ങിയ പൊതുസ്ഥലം മാറ്റ ഉത്തരവിലൂടെ നാല് പേരെ മാറ്റി പകരം ഒരാളെ മാത്രമാണ് പടന്നക്കാടേക്ക് ലഭിച്ചത്. അവരും ഇങ്ങോട്ട് വരുമെന്ന് ഒരുറപ്പുമില്ല.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ക്ക് ഇതേക്കുറിച്ച് പരാതി കൊടുത്തപ്പോള്‍ മൂന്ന് പേരെ ഇവിടെ ഒരു വര്‍ഷത്തേക്ക് നിയമിച്ചിരുന്നു. അതിന്റെ കാലാവധി സെപ്റ്റംബറിൽ തീരുന്ന മുറക്ക് അവരും സ്ഥലം മാറ്റം വാങ്ങി പോകാനാണ് സാധ്യതയേറുന്നത്. അഞ്ച് അധ്യാപകര്‍ പി എച്ച് ഡി പഠനത്തിനും പോയി. അവരുടെ ശമ്പളം കോളജില്‍ നിന്ന് കൊടുക്കുന്നതിനാല്‍ ആ തസ്തികയില്‍ വേറെ താത്ക്കാലിക നിയമനവും സാധ്യമല്ല. അധ്യാപക ക്ഷാമം പരിഹക്കുന്നതിന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൈകോടതിയില്‍ റിട്ട് ഹർജി ഫയല്‍ ചെയ്തിരുന്നു. അതില്‍ യൂണിവേഴ്സിറ്റി ഇതുവരെ വ്യക്തമായ മറുപടിയും നല്‍കിയിട്ടില്ല. കേസ് പലതവണ മാറ്റിവക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ നിയമപരമായും, പ്രത്യക്ഷ സമരത്തിലൂടെയും സര്‍ക്കാരിന്റെയും, കാര്‍ഷിക സര്‍വകലാശാലയുടെയും ശ്രദ്ധയുണര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം ഒമ്പതിന് പടന്നക്കാട് കാര്‍ഷിക കോളജിന് മുന്നില്‍ രക്ഷിതാക്കള്‍ ഏകദിന ഉപവാസ സമരം നടത്തും. വടക്കേ മലബാറിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരത്തിനും, അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനും ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുണ്ടാകണമെന്നും പി ടി എ പ്രസിഡന്റ് പി ടി വിനോദ് കുമാര്‍, സത്യദേവന്‍, ഗംഗാധരന്‍, മുരളീധരന്‍ എന്നിവർ അഭ്യർഥിച്ചു.