City Development | കടകൾ എട്ട് മണിയോടെ അടക്കും, ബസുകൾ 7.30യോടെ നിശ്ചലമാകും; കാസർകോട് നഗരത്തിൽ നഗരസഭ വെളിച്ചം വിതറിയത് കാണാനാളില്ല
● കാസർകോട് താലൂക്ക് ആശുപത്രി ഇനി മുതൽ മെഡിക്കൽ കോളജായി പ്രവർത്തിക്കുമെന്നാണ് സർക്കാർ തീരുമാനം.
● രാത്രി കാലത്തും നഗരത്തെ സജീവമാക്കുകയല്ലേ ആദ്യം വേണ്ടത്, അതിനായുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്ന് വ്യാപാരികളും പറയുന്നു.
● യാത്രക്കാരുടെ വിമർശനത്തിന്റെ വായ അടുപ്പിക്കാൻ ചില സമയത്ത് 8. 30നും ഒമ്പത് മണിക്കും ഓരോ ബസുകൾ ഓടിക്കും.
കാസർകോട്: (KasargodVartha) നഗരത്തിൽ നഗരസഭ ഇരുട്ടകറ്റി പുതുവെളിച്ചം പാകിയപ്പോൾ കാണാനാളില്ല. സന്ധ്യയായാൽ കടകൾ അടഞ്ഞു കിടക്കും, ബസുകൾ നിശ്ചലമാകും, രാത്രികാലങ്ങളെ സജീവമാക്കാനുള്ള നടപടികളൊന്നുമില്ലാത്തത് വികസനത്തിന് പ്രധാന തടസമായി നിൽക്കുന്നു.
സന്ധ്യയായാൽ ഉറങ്ങുന്ന കാസർകോടിന് എന്തിനാണ് വെളിച്ച വിപ്ലവമെന്ന് നഗരസഭയുടെ വെളിച്ച വിപ്ലവത്തിൽ വ്യാപാരികളും, പൊതുജനങ്ങളും പ്രതികരിച്ചു തുടങ്ങി. കാസർകോട് താലൂക്ക് ആശുപത്രി ഇനി മുതൽ മെഡിക്കൽ കോളജായി പ്രവർത്തിക്കുമെന്നാണ് സർക്കാർ തീരുമാനം. രോഗികൾ മെഡിക്കൽ കോളജിൽ എങ്ങനെ എത്താനാണെന്ന് ചോദ്യത്തിന് സർക്കാറിന് കൃത്യമായ ഉത്തരമില്ല.
ഏഴു മണി കഴിഞ്ഞാൽ കടകൾ അടച്ചു തുടങ്ങും, വികസനത്തിനും വേണ്ടേ ഒരു ദീർഘവീക്ഷണമെന്ന് നാട്ടുകാർ ചോദിക്കുന്നു. രാത്രി കാലത്തും നഗരത്തെ സജീവമാക്കുകയല്ലേ ആദ്യം വേണ്ടത്, അതിനായുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്ന് വ്യാപാരികളും പറയുന്നു.
കാസർകോട് നഗരത്തിൽ രാത്രികാലങ്ങളെ സജീവമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. എൻഎ നെല്ലിക്കുന്ന് എംഎൽഎ വിഷയം നിയമസഭയിൽ വരെ എത്തിച്ചു. മൂന്ന് വർഷത്തിനിടയിൽ രണ്ട് ഗതാഗത മന്ത്രിമാർ ഉണ്ടായിട്ടുപോലും ദേശീയപാതയിൽ കെഎസ്ആർടിസി ബസുകളുടെ ഓട്ടം രാത്രി എട്ട് മണി വരെ മാത്രം.
യാത്രക്കാരുടെ വിമർശനത്തിന്റെ വായ അടപ്പിക്കാൻ ചില സമയത്ത് 8. 30നും ഒമ്പത് മണിക്കും ഓരോ ബസുകൾ ഓടിക്കും. ബസില്ലാത്തത് കാരണം നേരത്തെ തന്നെ കടകളടച്ച് ഉള്ള ബസുകളിൽ വ്യാപാരികൾ യാത്ര തിരിക്കും. ഇത് കാസർകോടിന്റെ വെളിച്ച വിപ്ലവം കാണാൻ ആളില്ലാത്തതിന് കാരണമാകുന്നു.
#KasaragodNews #CityDevelopment #NightLife #KasaragodTransport #BusOperations #KasaragodProblems