മഹിളാ സമഖ്യയുടെ ഷംസീന ഇനി അഭിരൂപിന് സ്വന്തം; വിവാഹത്തിന് കാർമികത്വം വഹിച്ചത് ജില്ലാ കളക്ടർ

-
നാദസ്വരം, തകിൽ എന്നിവ വിവാഹത്തിന് അകമ്പടിയേകി.
-
കളക്ടർ വധൂവരന്മാരെ അരിയിട്ട് അനുഗ്രഹിച്ചു.
-
പടന്നക്കാട്ടെ ശിക്ഷൺ കേന്ദ്രമാണ് ഷംസീനയെ സഹായിച്ചത്.
-
ക്ഷണിക്കപ്പെട്ടവർക്കായി വിരുന്ന് ഒരുക്കിയിരുന്നു.
സുധീഷ് പുങ്ങംചാൽ
നീലേശ്വരം: (KasargodVartha) കഴിഞ്ഞ പത്തുവർഷമായി കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഷംസീന, മടിക്കൈ കാഞ്ഞിരപ്പൊയിലെ പി. അഭിരൂപിനെ വിവാഹം കഴിച്ചു. ചായ്യോത്തെ തംബുരു ഓഡിറ്റോറിയത്തിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് നാദസ്വരത്തിൻ്റെയും തകിലിൻ്റെയും അകമ്പടിയോടെ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ മുഖ്യകാർമികത്വം വഹിച്ചു.
ഷംസീനയുടെ കൈപിടിച്ച് അഭിരൂപിന് ഏൽപ്പിച്ച ശേഷം കളക്ടർ ഇരുവരെയും അരിയിട്ട് അനുഗ്രഹിച്ചു. കാഞ്ഞിരപ്പൊയിലെ കാനത്തിൽ ബാബുവിൻ്റെയും ലീലയുടെയും മകനാണ് അഭിരൂപ്. വിവാഹ ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഢി, എ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ, പഞ്ചായത്ത് പ്രസിഡൻ്റ്മാരായ രാജു കട്ടക്കയം, ടി. കെ. രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി. ഷൈനി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മധുസൂദനൻ, മഹിളാ സമഖ്യ പ്രൊജക്ട് ഓഫീസർ എൽ. രമാദേവി, ബോബി ജോസഫ്, പി. പി. ആശ, ലില്ലി പുഷ്പം, മഹിളാ സമഖ്യ ജില്ലാ കോഡിനേറ്റർ എൻ. പി. അസീറ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവർക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
പത്തുവർഷം മുൻപാണ് ഷംസീന ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് മഹിളാ സമഖ്യയുടെ സംരക്ഷണത്തിലേക്ക് എത്തുന്നത്. പടന്നക്കാടുള്ള മഹിളാ സമഖ്യയുടെ ശിക്ഷൺ കേന്ദ്രം ഷംസീനയ്ക്ക് താങ്ങും തണലുമായി. അവിടെ നിന്ന് കൈപിടിച്ചുയർത്തിയ ഷംസീന ഇന്ന് പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്
ഈ സന്തോഷവാർത്ത നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവെക്കൂ! അഭിപ്രായങ്ങളും താഴെ രേഖപ്പെടുത്താമല്ലോ.
Article Summary: Shamseena, who was under the care of Mahila Samakhya for ten years, married Abhiroop from Madikkai. District Collector K. Imbasekharan presided over the ceremony attended by prominent personalities.
#MahilaSamakhya, #Wedding, #Kasaragod, #DistrictCollector, #AbhiroopShamseena, #KeralaNews