city-gold-ad-for-blogger

ഷാക്കിര്‍ വധം: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നാടകീയ രംഗങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 25/02/2015) കുമ്പള കെ.വി. നഗര്‍ സുനാമി കോളനിയിലെ അഹ്മദിന്റെ മകന്‍ ഷാക്കിറിനെ (20) കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചൊവ്വാഴ്ച അടിയന്തിര യോഗം ചേര്‍ന്നത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. യോഗത്തിലേക്ക് കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളേയും ക്ഷണിച്ചിരുന്നു. ഈ വിവരം മണത്തറിഞ്ഞ ആരിക്കാടിയിലേയും കോയിപ്പാടിയിലേയും 50 ഓളം വരുന്ന പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് ഓഫീസില്‍ സംഘടിച്ചെത്തുകയും നേതാക്കള്‍ക്കെതിരെ ബഹളം വെക്കുകയും ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദ് അലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ ഉണ്ടായിരുന്നത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു കെ.എം.സി.സി. നേതാവിനെതിരെയും മറ്റും ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും ഇവര്‍ക്ക് പാര്‍ട്ടി ഒരുതരത്തിലുള്ള സംരക്ഷണവും നല്‍കരുതെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്.

കുമ്പളയിലെ ഫുട്‌ബോളിന്റെ സംഘാടകര്‍ക്ക് വേണ്ടി ലീഗ് നേതാവ് എല്ലാവിധസഹായവും ചെയ്തുകൊടുത്തിട്ടുണ്ടെന്നും അതേസമയംതന്നെ ക്ഷണിച്ചിട്ടും ആരിക്കാടി മഖാം ഉറൂസിന് ജില്ലാ നേതാവ് സംബന്ധിച്ചില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.

ഷാക്കിറിന്റെ കൊലപാതകവുമായി കെ.എം.സി.സി. നേതാവിനും പ്രവാസി ലീഗ് നേതാവിനും കുമ്പളയിലെ മറ്റൊരു മുസ്ലിം ലീഗ് നേതാവിനും ബന്ധമുണ്ടെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. ഇവരെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന്റേയും എം.എല്‍.എ.യുടേയും പേരില്‍ നിവേദനം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഫാക്‌സ് ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയേയും മറ്റും നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് യാത്രതിരിക്കുമെന്നും പ്രാദേശിക പ്രവര്‍ത്തകര്‍ യോഗത്തെ അറിയിച്ചു.


അതിനിടെ മുസ്ലിം ലീഗിന്റെ മൂന്ന് നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം പരിശോധിക്കാന്‍ മൂന്ന് പേരടങ്ങുന്ന അന്വേഷണ കമ്മിറ്റിയേയും മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നിയമിച്ചിട്ടുണ്ട്. ലീഗ് നേതാക്കളായ ഓണന്ത അബ്ബാസ്, എ.കെ.എം. അഷ്‌റഫ്, അബൂബക്കര്‍ പര്‍ദ്ദാന എന്നിവരടങ്ങുന്ന കമ്മിറ്റിയേയാണ് ആരോപണം പരിശോധിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. കുമ്പളയിലെ ഫുട്‌ബോളുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധമില്ലെന്നും ഒരു ക്ലബ്ബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നും ഇതിന് കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നാണ് ജില്ലാ നേതാക്കള്‍ വിശദീകരിച്ചത്.
ഷാക്കിര്‍ വധം: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നാടകീയ രംഗങ്ങള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Shakir Murder Case, Muslim League, Muslim League Leader, Meeting, Kasaragod, Kerala, Shakir murder case: Dramatic incidents in IUML office.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia