SFI Allegation | കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി റൂബി പട്ടേലിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പൊലീസ് മരവിപ്പിച്ചതായി എസ്എഫ്‌ഐയുടെ ആരോപണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
*ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
*ബേക്കല്‍ പൊലീസ് വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
*അകാഡമിക അന്തരീക്ഷത്തില്‍ നിരന്തരം മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നു.
*'അകാഡമിക് മര്‍ഡര്‍' ആണെങ്കില്‍ ഭാവിയില്‍ ഒരു വിദ്യാര്‍ഥിക്കും ഈ ദുരവസ്ഥ ഉണ്ടാവാന്‍ പാടില്ല.
പെരിയ: (KasargodVartha) കേന്ദ്ര - കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയും ഒഡീഷ സ്വദേശിനിയുമായ റൂബി പട്ടേലിന്റെ (27) മരണത്തെ കുറിച്ചുള്ള അന്വേഷണം പൊലീസ് മരവിപ്പിച്ചതായി എസ് എഫ് ഐയുടെ ആരോപണം. വിദ്യാര്‍ഥിനിയുടെ മരണത്തെക്കുറിച്ച് മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ മരിച്ച റൂബി പട്ടേലിന്റെ സഹോദരിയും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലെന്നും പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നും പരാതിപ്പെട്ടുകൊണ്ട് സംസ്ഥാന യുവജന കമീഷന് പരാതി നല്‍കിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാവിലെ 10 മണിയോടെയാണ് റൂബി പട്ടേലിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് സംഭവ സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും അതോടൊപ്പം വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മരണം നടന്ന് ഒരു മാസക്കാലമായിട്ടും പൊലീസ് അന്വേഷണം തുടങ്ങിയേടത്ത് തന്നെയാണെന്നാണ് എസ് എഫ്ഐയുടെ പരാതി.
റൂബിയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സഹോദരി സംസ്ഥാന യുവജന കമീഷന് പരാതി നല്‍കിയത്. മരണകാരണം അകാഡമിക് പഠനത്തിലെ സമ്മര്‍ദം മൂലമാണെന്ന് ആക്ഷേപമുണ്ടെന്ന് എസ് എഫ് ഐയുടെ പരാതിയില്‍ പറയുന്നു.
കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും പോസ്റ്റുമോര്‍ടം റിപോര്‍ടിന്റെ പകര്‍പ് നല്‍കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നാണ് വിവരം. റൂബിയുടെ മരണ സമയം പോലും അവ്യക്തമായി തുടരുകയാണെന്നും മരണം നടന്ന സമയത്ത് മറ്റ് വിദ്യാര്‍ഥികള്‍ പൊലീസിന് നല്‍കിയ മൊഴികളനുസരിച്ച് ജീവനൊടുക്കുന്നതിലേക്ക് നയിക്കാനിടയായ കാരണം അകാഡമിക അന്തരീക്ഷത്തില്‍ നിരന്തരം നേരിട്ട മാനസിക പ്രയാസങ്ങളാണെന്നത് വ്യക്തമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പൊലീസന്വേഷണം ഊര്‍ജിതമാക്കാത്തതിനാല്‍ കാരണക്കാര്‍ക്കിത് സംരക്ഷണമാകുകയാണെന്നാണ് ആരോപണം.
മരണം ഒരു 'അകാഡമിക് മര്‍ഡര്‍' ആണെങ്കില്‍ ഭാവിയില്‍ ഒരു വിദ്യാര്‍ഥിക്കും ഈ ദുരവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്നും. അതുകൊണ്ട് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ബേക്കല്‍ പൊലീസില്‍ നിന്ന് കേസ് മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറി നീതിപൂര്‍വമായ അന്വേഷണം തുടരണമെന്നും എസ് എഫ് ഐ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.