കാസര്‍കോട്: ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കുനേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് വനിതാ സംഘടനകളുടെയും മറ്റും യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ എസ്.പി.യുടെ ചേംബറിലാണ് യോഗം.
യോഗത്തില്‍ വനിതാ സംഘടനകള്‍, വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്.
ബുധനാഴ്ച യോഗം ചേരാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ യോഗം ചേരുന്നതിനാലാണ് യോഗം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രമാദമായ മൂന്ന് പീഡന സംഭവങ്ങളാണ് ജില്ലയെ ഉലച്ചത്.അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തായന്നൂര്‍ കോളനിയില്‍ പട്ടിക ജാതിക്കാരിയായ ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മാസങ്ങളായി പീഡിപ്പിക്കപ്പെട്ടു.
അധ്യാപികയും ചൈല്‍ഡ് ലൈന്‍ അധികൃതരും ഇടപെട്ടതിനെ തുടര്‍ന്നാണ് ക്രൂരമായ പീഡന വിവരം പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞത്. ഈ കേസില്‍ ഏഴുപേരെ അറസ്റ്റു ചെയ്തു കഴിഞ്ഞു.വിമുക്ത ഭടനേയും പത്തനംതിട്ടയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയേയും ആണ് ഇനി പിടികൂടാനുള്ളത്.
തായന്നൂര്‍ സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് മഞ്ചേശ്വരത്ത് സഹോദരന്റെ ഒത്താശയോടെ സഹോദരിമാരെ പലര്‍ക്കും കാഴ്ച വച്ച സംഭവം ഉണ്ടായത്. നായന്മാര്‍മൂലയില്‍ നാട്ടുകാരും പോലീസും നടത്തിയ ഇടപെടലിന്റെ ഫലമായാണ് മാസളോളം നീണ്ട പീഡനകഥ പുറത്തുവന്നത്.
മാതാവിന്റെ ഒത്താശയോടെ ചെങ്കള തൈവളപ്പിലെ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ഈ കേസില്‍ ഒരു യുവാവിനെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. തളിപ്പറമ്പ് സ്വദേശിയായ മറ്റൊരു യുവാവും പെണ്‍കുട്ടിയുടെ മാതാവും ഒളിവിലാണ്. പാലിലും ശീതള പാനീയത്തിലും മയക്കുമരുന്ന നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇതിനു പുറമെ നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മിഠായി നല്‍കി വ്യാപാരി പീഡിപ്പിച്ച സംഭവം പുറത്തുവന്നു. വ്യാപാരിയെയും പിന്നീട് അറസ്റ്റു ചെയ്തു. പുറത്തുവന്ന സംഭവങ്ങളെക്കാള്‍ ഇരട്ടിയിലേറെ പീഡന സംഭവങ്ങളാണ് രഹസ്യമായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് അറുതി വരുത്താനും ജാഗ്രത പാലിക്കാനുമാണ് എസ്.പി. തന്നെ മുന്‍കൈ എടുത്ത് വനിതാ സംഘടനകളുടെയും മറ്റും യോഗം വിളിച്ചു ചേര്‍ത്തത്.
Keywords: Police, Molestation, Naimaramoola, Assault, Students, Police, Meet, kasaragod, Child Line, case, arrest, Surendran, Officer, Chengala, Mother