Verdict | പെരിയ ഇരട്ട കൊലക്കേസിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകൻ്റെ വീട് ആക്രമിച്ചുവെന്ന കേസിൽ 7 കോൺഗ്രസ് -യൂത് കോൺഗ്രസ് പ്രവർത്തകരെ വെറുതെ വിട്ടു
● ഒരു വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി
● ഏഴ് പേർക്കെതിരെയും 90 ഓളം പേർക്കെതിരെയുമായിരുന്നു കേസ്
● ഏക ദൃക്സാക്ഷി പ്രോസിക്യൂഷന് എതിരായി മൊഴി നൽകി
കാസർകോട്: (KasargodVartha) പെരിയ ഇരട്ട കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ഉടലെടുത്ത അക്രമസംഭവങ്ങൾക്കിടയിൽ സിപിഎം പ്രവർത്തകൻ്റെ വീട് ആക്രമിച്ച് കൊള്ളയടിച്ചുവെന്ന ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് കോൺഗ്രസ് - യൂത് കോൺഗ്രസ് പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് അജിന്ദ്യരാജ് ഉണ്ണി വെറുതെ വിട്ടു.
ജനാർധനൻ കല്യോട്ട് (35), എം നാരായണൻ (53), എം ദാമോദരൻ (48), മുൻ പുല്ലൂർ-പെരിയ പഞ്ചായത് അംഗം സി ശശിധരൻ (44), കെ ശശി പുതിയപുര (47), ബേബി കുര്യൻ കല്യോട്ട് (54), എച് കൃഷ്ണൻകുരാങ്കര (48) എന്നിവരെയാണ് വിട്ടയച്ചത്. കൊല്ലപ്പെട്ട ശരത് ലാലിൻ്റെയും, കൃപേഷിൻ്റെയും മൃതദേഹങ്ങൾ പരിയാരത്തെ മെഡികൽ കോളജിൽ പോസ്റ്റ് മോർടത്തിന് ശേഷം വിലാപയാത്രയായി കൊണ്ട് വരുമ്പോൾ 2019 ഫെബ്രുവരി 20 ന് വൈകീട്ട് വീട് ആക്രമിച്ചുവെന്നായിരുന്നു കേസ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ - കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഉടലെടുത്ത സംഘർഷത്തിൽ സി പി എം പ്രവർത്തകൻ ഓമനക്കുട്ടൻ്റെ വീട് അക്രമിച്ച് 3.75 ലക്ഷം രൂപയും 5 പവൻ സ്വർണാഭരണങ്ങൾ കൊള്ളയടിക്കുകയും വീട്ടുപകരണങ്ങളടക്കം തകർത്ത് വീടിന് തീവെക്കുകയും ഇതിൽ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഈ കേസിൽ ഏഴ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 90 ഓളം കോൺഗ്രസ് - യൂത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുമാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒരു വർഷത്തിലേറെയായി വിചാരണ നടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പൊലീസ് ഉദ്യോഗസ്ഥർ സാക്ഷികൾ എന്നിവരെ വിസ്തരിച്ചിരുന്നു. ഏക ദൃക്സാക്ഷി പ്രോസിക്യൂഷന് എതിരായി മൊഴി നൽകിയിരുന്നു.
256 ഓളം യൂത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് വിവിധ പരാതികളിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ലതീഷ്, അഡ്വ. കെ ബാബുരാജ് എന്നിവരാണ് കോടതിയിൽ ഹാജരായത്.
#PeriyaDoubleMurder #KeralaPolitics #Congress #CPM #Acquittal #Justice