city-gold-ad-for-blogger

സാങ്കേതിക തകരാര്‍ മൂലം ആധാരം രജിസ്‌ട്രേഷന്‍ മുടങ്ങി, ആളുകള്‍ നിരാശരായി മടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19/09/2017) ഓണ്‍ലൈനിലെ സാങ്കേതിക തകരാര്‍ മൂലം കാഞ്ഞങ്ങാട്, നീലേശ്വരം, രാജപുരം, ബളാല്‍ തുടങ്ങിയ രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരം രജിസ്‌ട്രേഷന്‍ മുടങ്ങി. ഇതോടെ നിരവധി ആളുകള്‍ നിരാശയോടെ മടങ്ങി. ഓണ്‍ലൈന്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഓഫീസുകളുടെ പ്രവര്‍ത്തനം താറുമാറായി.

സാങ്കേതിക തകരാര്‍ മൂലം ആധാരം രജിസ്‌ട്രേഷന്‍ മുടങ്ങി, ആളുകള്‍ നിരാശരായി മടങ്ങി

സര്‍വറിലെ കാര്യക്ഷമതയില്ലായ്മയും സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ മുഖേന നടക്കേണ്ട രജിസ്‌ട്രേഷന്‍ മുടങ്ങാന്‍ കാരണമായിട്ടുണ്ട്. പോക്കുവരവ് കൂടി ഓണ്‍ലൈനിലാക്കിയതും ദുരിതമിരട്ടിച്ചു. ദിവസങ്ങളായി ഈ അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അത്യാവശ്യ രേഖകള്‍ പോലും രജിസ്‌ട്രേഷന്‍ ചെയ്യാനാകാതെ വലയുകയാണ് ജനം. ഈ സാഹചര്യത്തില്‍ ഭൂമി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇടക്കിടെയുള്ള സാങ്കേതിക പ്രശ്‌നം കാരണം രണ്ടാഴ്ചയായി ആധാരം രജിസ്‌ട്രേഷന്‍ കുറഞ്ഞതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു മാസം ശരാശരി 500 രജിസ്‌ട്രേഷന്‍ നടന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ നൂറില്‍ താഴെ രജിസ്‌ട്രേഷന്‍ മാത്രമാണു നടക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതലാണ് ആധാര ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ വൈകുന്നുവെന്ന പാരാതി തുടക്കത്തിലെ ഉയര്‍ന്നിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് ലഭിക്കാത്തതും പ്രശ്‌നം ഇരട്ടിക്കുകയാണ്.

പലപ്പോഴും അപേക്ഷകരെ മടക്കി അയക്കുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ട്. ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, അടയാള സഹിതമുള്ള പകര്‍പ്പ് എന്നിവയ്ക്ക് അപേക്ഷ നല്‍കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പെടെ വായ്പയെടുക്കുന്നവരും ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായി. ഇതോടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് വേഗം കൂട്ടാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ സംവിധാനം ജനങ്ങള്‍ക്ക് ബാധ്യതയായി മാറുകയാണ്.

പോക്കുവരവും കൂടി ഓണ്‍ലൈനായതോടെ സര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണം. അടിയന്തിര ഘട്ടങ്ങളില്‍ മാനുവലായി അപേക്ഷ നല്‍കാനോ ആധാരം രജിസ്റ്റര്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയെന്ന് ആധാരം എഴുത്തുകാരും പറയുന്നു. കടമ്പകളേറെ കടന്നുവേണം ആധാരം രജിസ്റ്റര്‍ ചെയ്യാന്‍. ഭൂമി വാങ്ങിയ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ആധാരത്തിന്റെ വിവരങ്ങള്‍ നല്‍കണം. ഇതിന് ശേഷം ലഭിക്കുന്ന ടോക്കണ്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയാല്‍ മാത്രമേ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.

കൂടുതല്‍ ആളുകള്‍ ഒരേസമയം സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ സര്‍വര്‍ വേഗത കുറയുന്ന സ്ഥിയാണ് പലപ്പോഴും. ഇത്തരം സാഹചര്യങ്ങളില്‍ സൈറ്റ് ലഭിക്കുകയോ വിശദാംശങ്ങള്‍ നല്‍കാനോ സാധിക്കാറില്ല. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം തകരാറിലാവുകയും ജനറേറ്റര്‍ കത്തുകയും ചെയ്തു. ഇതും രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Online-registration, Kasaragod, Sever Complaint, Office.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia